വീട് നിർമ്മിക്കുമ്പോൾ എല്ലാവരെയും ആകർഷിക്കാൻ ഉടമകൾ പലതും ചെയ്യാറുണ്ട്. അത് സ്വാഭാവികമാണ്. എന്നാൽ ആളുകളെ ആകർഷിക്കാൻ വേണ്ടി സ്വന്തം വീട് തലകീഴായി നിർമ്മിക്കുകയെന്നാൽ അവിശ്വസനീയം. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും വാർത്ത സത്യമാണ്. തലതിരിഞ്ഞൊരു വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീട് കാണാൻ സന്ദർശകരുടെ പ്രവാഹമാണ്.
കൊളംബിയയിൽ ( Colombia )
നിന്നാണ് വ്യത്യസ്തമായ ഈ വീടിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നത്. കൊളംബിയയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഓസ്ട്രിയൻ വംശജനായ ഫ്രിറ്റ്സ് ഷാളിന്റേതാണ് ( Fritz Schall ) ഈ തലതിരിഞ്ഞ ആശയം.
Photo: Reuters
മേൽക്കൂര നിലമുട്ടി നിൽക്കും വിധത്തിലാണ് വീടിന്റെ നിർമാണം. ജനലുകളും വാതിലുകളും കാർ പോർച്ച് വരെ തലതിരിഞ്ഞാണ് കിടക്കുന്നത്.
വീടിനു പുറത്തു മാത്രമല്ല അകത്തും ഇതുതന്നെയാണ് അവസ്ഥ. വാതിലുകളും.ജനലുകളും, കസേരകളും , കട്ടിലയും കിടക്കയും എല്ലാം തലതിരിച്ച് വെച്ചതു പോലെ. തുടക്കത്തിൽ തന്റെ ഈ ആശയത്തെ ഭ്രാന്താണെന്ന് വിളിച്ചവരുണ്ടെന്ന് ഫ്രിറ്റ്സ് പറയുന്നു.
Photo: Reuters
ആർക്കും താൻ പറയുന്നത് മനസ്സിലായിരുന്നില്ല. താനൊരു തലതിരിഞ്ഞവീട് നിർമിക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ ആരും ഗൗനിച്ചിരുന്നില്ലെന്നും
ഫ്രിറ്റ്സ് പറയുന്നു.
2015 ൽ ഓസ്ട്രിയ സന്ദർശിക്കവെയാണ് ഫ്രിറ്സ്സിന് ഇങ്ങനെയൊരു ആശയം മനസിലുദിച്ചത്.
ഓസ്ട്രിയയിൽ സമാനമായൊരു വീട് കണ്ടപ്പോൾ തനിക്കും ഇങ്ങനെയൊരു വീട് പണിയണമെന്ന ആഗ്രഹം ഫ്രിറ്റ്സിന് തോന്നിയത്. കൊവിഡ് കാലത്ത് വീട് പണി പല തവണ മുടങ്ങിപോയെങ്കിലും ഈ വർഷം ആദ്യത്തോടെ വീട് പണി പൂർത്തിയാക്കി. ഇങ്ങോട്ടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഈ തലതിരിഞ്ഞ വീട് വ്യത്യസ്ത അനുഭവമാണ് നൽകുന്നത്.
വിദേശത്ത് പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇത്തരം വീടുകൾ കാണാറുണ്ട്. 2007ൽ യൂറോപ്പിലെ ആർക്കിടെക്റ്റായ ഡാനിയൽ സപിവെസ്കിയാണ് ( Daniel Czapiewski ) തലകീഴായ ആദ്യ വീട് നിർമിച്ചത്. പോളണ്ടിലെ സിംബാർക്കിലായിരുന്നു ഇത്. പിന്നീട് ഓസ്ട്രിയ, റഷ്യ ഉൾപ്പെടയുള്ള രാജ്യങ്ങളിലും സമാന രീതിയിൽ വീടുകൾ നിർമിച്ചിരുന്നു.