ദക്ഷിണ കൊറിയയിലെ ഇൽസാനിൽ ( Ilsan ) കഴിഞ്ഞ ഡിസംബർ 22 ന് നടന്ന ദ്വിദിന ഇവന്റായ '2021 കൊറിയ സയൻസ് ആൻഡ് ടെക്‌നോളജി എക്‌സിബിഷനിൽ' ( KINTEX ) ദക്ഷിണ കൊറിയൻ ടെക്‌നോളജി കമ്പനിയായ എൽജി 6G സാങ്കേതികവിദ്യ പ്രദർശിപ്പിച്ചു.
ജർമ്മനിയിലെ ഫ്രോൺഹോഫർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (Fraunhofer Research Institute ) ചേർന്ന് എൽജി വികസിപ്പിച്ചെടുത്ത പവർ ആംപ്ലിഫയർ അവതരിപ്പിച്ചു. ഇതിന്റെ ഡേറ്റാ ട്രാൻസ്മിഷൻ വേഗത ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു, 6G ടെറാഹെർട്‌സ് (THz) ഫ്രീക്വൻസി ബാൻഡ് ഉപയോഗിച്ച് ഔട്ട്‌ഡോറുകളിൽ 100 മീറ്റർ ദൂരത്തേക്ക് വയർലെസ് ആയി ഡേറ്റ കൈമാറാനും സ്വീകരിക്കാനും കമ്പനിക്ക് കഴിഞ്ഞുവെന്ന് റിപ്പോർട്ട് പറയുന്നു. ഈ വയർലെസ് ട്രാൻസ്മിഷൻ 100 GHz നും 10 THz നും ഇടയിലുള്ള ഒരു ഫ്രീക്വൻസി ബാൻഡ് ഉപയോഗിക്കുന്നു, സെക്കൻഡിൽ 1 ടെറാബിറ്റ് (1 Tbps) വരെ പ്രക്ഷേപണ നിരക്കാണ് പരീക്ഷണത്തിൽ ലഭിച്ചത് !!
ചാനൽ മാറ്റങ്ങളും ( Channel changes ) റിസീവർ സ്ഥാനങ്ങളും ( Receiver positions ) അനുസരിച്ച് ബീം ദിശകൾ പരിവർത്തനം ചെയ്യാൻ ഉപയോഗിക്കുന്ന 'അഡാപ്റ്റീവ് ബീംഫോർമിംഗ്' ( Adaptive beamforming ) സാങ്കേതികവിദ്യയ്ക്കായി വയർലെസ് ഉപകരണ നിർമ്മാതാക്കളായ കീസൈറ്റ് ടെക്നോളജീസ് ഇൻകോർപ്പറേഷനുമായും ( Keysight Technologies Inc.) എൽജി ഇലക്ട്രോണിക്സ് സഹകരണമുണ്ട്. ഒരേ ഫ്രീക്വൻസി ബാൻഡിൽ ഒരേസമയം ഡേറ്റ കൈമാറ്റം ചെയ്യാനും സ്വീകരിക്കാനുമുള്ള ഫുൾ-ഡ്യുപ്ലെക്സ് -എഫ്ഡിആർ
(Full-Duplex - FDR) സാങ്കേതികവിദ്യയും ദക്ഷിണ കൊറിയൻ കമ്പനി അവതരിപ്പിച്ചു.
6ജി സാങ്കേതിക വിദ്യ വാണിജ്യവത്കരിക്കപ്പെടുന്നതിന് ഇനിയും വർഷങ്ങളെടുത്തേക്കാം. ഇപ്പോൾ, ഇന്ത്യയിൽ 5G വ്യാപനത്തിനു ഒരു പാടു തടസ്സങ്ങളുണ്ട്. മൊബൈൽ ടവറുകളോട് അനാവശ്യ ഭീതി, ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിലവിലുണ്ട്. ഇന്ത്യയുടെ സർക്കാർ ഔദ്യോഗിക ടെലികോം കമ്പനിയിൽ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ഇന്നും 3ജി സേവനമാണ് എന്ന കാര്യവും പരിഗണിക്കണം.
അതേ സമയം യുഎസിൽ
5G സാങ്കേതിക വിദ്യ വിമാനങ്ങളുടെ വാർത്ത സംവിധാനങ്ങൾ തടസ്സപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നത് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
പക്ഷേ 4ജി, 5ജി നെറ്റ്‌വർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 6ജി നെറ്റ്‌വർക്ക് കൂടുതൽ ശക്തമാണ്. പക്ഷെ വളരെ ചെറിയ റേഞ്ചാണ് ഉള്ളത്. നിലവിലെ 5ജി നെറ്റ്‌വർക്കിൽ ഒരാൾക്ക് 10 ജിബിപിഎസ് വരെ ഡൗൺലോഡ് വേഗത ലഭിക്കും. പക്ഷെ ഇത് തിയററ്റിക്കൽ വേഗതയാണ്, പ്രാക്റ്റിക്കലായി വരുമ്പോൾ വ്യത്യാസം വരാം. 5ജി സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോൾ 6ജി സാങ്കേതികവിദ്യ 10 മടങ്ങ് കൂടുതൽ ബാൻഡ്‌വിഡ്ത്ത് നൽകും.
വരും വർഷങ്ങളിൽ 6ജി സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. 6ജി സാങ്കേതികവിദ്യയുടെ ക്രമീകരണങ്ങൾ 2025 ആകുമ്പോൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം 6ജിയുടെ വാണിജ്യവൽക്കരണം 2029-ൽ ആരംഭിക്കും. എൽജി-കൈസാറ്റ് 6ജി റിസർച്ച് സെന്റർ സ്ഥാപിച്ചുകൊണ്ട് 2019-ൽ തന്നെ 6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ എൽജി ആരംഭിച്ചിരുന്നു.
5ജി സ്‌പെക്‌ട്രം അലോക്കേഷൻ പ്രതീക്ഷിച്ചതുപോലെ നടന്നാൽ 2022 അവസാനത്തോടെ തിരഞ്ഞെടുത്ത ഇന്ത്യയിലെ നഗരങ്ങളിലെങ്കിലും 5ജി നെറ്റ്‌വർക്കുകൾ ലഭിക്കാൻ തുടങ്ങും. എന്നാൽ 6ജി ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമില്ല. കാരണം ഈ സാങ്കേതികവിദ്യ ഇനിയും വികസിക്കാനുണ്ട്.