പൊട്ടിയത് 50 ഇന്റർവ്യൂകളിൽ !! ജോലി കിട്ടിയത് 1.10 കോടി രൂപ ശമ്പളത്തിൽ ഗൂഗിളിൽ !! അൽഭുതമാണീ ഈ പെൺകുട്ടി!!

2021ൽ ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി (Delhi Technological University) യിൽ നിന്ന് ഐടിയിൽ ബിടെക്ക് ബിരുദം നേടിയ പാറ്റ്‌നകാരി (Patna)

സംപ്രിതി യാദവ് (Sampriti Yadav) എന്ന 24കാരി ലണ്ടനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി 'ഗൂഗിൾ ലണ്ടനിൽ' നിയമിതയായി. അതിലെന്താണ്  പുതുമ എന്നാവും?


ബിടെക് കഴിഞ്ഞ് അൻപതോളം കമ്പനികളുടെ ഇന്റർവ്യൂവിൽ സംപ്രിതി പങ്കെടുത്തിരുന്നു. പക്ഷേ, അതിലൊന്നും വിജയത്തിലെത്താൻ കഴിഞ്ഞില്ല. ഗൂഗിളിലെ സ്വപ്നജോലി കയ്യിൽ കിട്ടിയപ്പോൾ സംപ്രിതി പറഞ്ഞു: 


"പരാജയപ്പെടുന്നതിലുമുണ്ട് വിജയം. ഇത്രയും കാലം വലിയ കമ്പനികളെ ഞാൻ പഠിക്കുകയായിരുന്നു. ഈ ശമ്പളമല്ല എന്നെ മോഹിപ്പിക്കുന്നത്, ഗൂഗിൾ പോലൊരു സ്ഥാപനത്തിന്റെ ലണ്ടൻ ഓഫിസിൽ ജോലി ചെയ്യാൻ കിട്ടിയ സ്വപ്നതുല്യമായ അവസരമാണ്". 


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണു സംപ്രിതിയുടെ പിതാവ്. അമ്മ ബിഹാർ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. ജോലിയോടു മാതാപിതാക്കൾ കാണിക്കുന്ന ആത്മാർഥതയാണ് ചെറുപ്പം മുതലേ തനിക്കു പ്രചോദനമായതെന്നു സംപ്രിതി പറയുന്നു. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കാൻ അമ്മ കാണിച്ചിരുന്ന കഠിനപ്രയത്നവും സംപ്രിതി പാഠമാക്കി. 


സംപ്രിതി മാതാപിതാക്കളായ ശശി പ്രഭയ്ക്കും രാംശങ്കർ യാദവിനും ഒപ്പം.


എന്നിട്ടും, പരാജയങ്ങളുടെ നീണ്ട നിര പ്രിതിയെ കാത്തുനിന്നു. അതിലൊന്നും നിരാശയാകാതെ മുന്നോട്ടുതന്നെ കുതിക്കാനുള്ള ആത്മവിശ്വാസം സംപ്രിതി നിലനിർത്തി.


പഠനകാലത്തുതന്നെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി പ്ലേസ്മെന്റ് കിട്ടാതെ പോകുമ്പോൾ കുട്ടികൾ പലരും നിരാശരാകാറുണ്ട്. അതും കഴിഞ്ഞ് ഒരു വർഷത്തോളമാണ് സംപ്രിതി അൻപതോളം ഇന്റർവ്യൂകളിൽ പങ്കെടുത്ത് വിജയമെത്താൻ കാത്തിരിക്കേണ്ടിവന്നത്. 


ഓരോ ഇന്റർവ്യൂവിലും നേരിടേണ്ടിവരുന്ന സാഹചര്യം വ്യത്യസ്തമായിരിക്കും. അതിലെ പരാജയത്തിന്റെ കാരണം കണ്ടെത്തി, പരാജയങ്ങൾ മഹത്തായ  വിജയത്തിന് ചവിട്ട് പടിയാക്കിയതാണ് സംപ്രിതിയുടെ മികവിൻ്റെ അടിസ്ഥാനം.


ഗൂഗിളിൽ മാത്രം ഒൻപതു റൗണ്ട് ഇന്റർവ്യൂ സംപ്രിതിക്കു നേരിടേണ്ടിവന്നു. 

വിജയം കണ്ടെത്തും വരെയുള്ള യാത്ര എപ്പോഴും ടെൻഷൻ നിറഞ്ഞതാവും.  അത്മവിശ്വാസം വിടാതെ വിജയത്തെ പിന്തുടരുക. അതിനു സംപ്രിതി ഒരു 'റോൾ മോഡലാണ്'.

Previous Post Next Post