വാങ്ങാൻ പോകുന്നവരുടെ ആശങ്കകൾ.
പലതരം വാഷിങ് മെഷീൻ കമ്പോളത്തിൽ ലഭ്യമാണ്.
ഫുള്ളി ഓട്ടോമാറ്റിക് വേണോ? സെമി ഓട്ടോമാറ്റിക് മതിയോ? ടോപ്പ്-ലോഡിങ് വേണോ? ഫ്രണ്ട്-ലോഡിങ് വേണോ?
നിരവധി ചോദ്യങ്ങളാണ് . അനുയോജ്യമായ വാഷിങ് മെഷീൻ തിരഞ്ഞെടുക്കാം?
• മാനുവൽ
• സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളിൽ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകൾ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികൾ വാരി ഇടണം.
• ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളിൽ എല്ലാ പ്രവർത്തിയും ഒന്നിച്ചു ചെയ്യാം.
ഓട്ടോമാറ്റിക് മെഷീനുകൾ രണ്ടു തരത്തിലുണ്ട്.
• മുകളിൽ നിന്ന് നിറക്കുന്നത് (ടോപ് ലോഡിങ്)
• മുന്നിൽ നിന്ന് നിറക്കുന്നത് (ഫ്രണ്ട് ലോഡിങ്)
ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകൾക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. ഫ്രണ്ട് ലോഡിങ് മോഡലുകൾക്ക് വില കൂടുതലാണ്.
ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീനുകൾക്ക് മികച്ച വാഷിങ് ഫീച്ചറുകൾ ഉണ്ടെങ്കിലും കുനിഞ്ഞു നിന്ന് വസ്ത്രങ്ങൾ ഇടണം എന്നത് ഒരു പ്രശ്നമാണ്.
ഫ്രണ്ട് ലോഡിങ് മെഷീനും ടോപ് ലോഡിങ് മെഷീനും പ്രത്യേകം ഡിറ്റർജന്റുകളാണ് ഉപയോഗിക്കുന്നത്.ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകൾക്ക് വില കൂടുതലാണ്.
എത്ര ലോഡ് കപ്പാസിറ്റിയുള്ള വാഷിങ് മെഷീൻ വാങ്ങണം?
ഒരു വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇത്. നിങ്ങളുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നിങ്ങൾ തീരുമാനിക്കേണ്ട ഒന്നാണ് ലോഡ് കപ്പാസിറ്റി.
സാധാരണഗതിയിൽ, വാഷിംഗ് മെഷീനുകളുടെ ശേഷി 5 കിലോഗ്രാം മുതൽ 12 കിലോഗ്രാം വരെയാണ്.
• 3 മുതൽ 4 വരെ അംഗങ്ങളുള്ള ഒരു കുടുംബത്തിന് 7 കിലോ ലോഡ് കപ്പാസിറ്റി വാഷിംഗ് മെഷീൻ അനുയോജ്യമാണ്.
• 5 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുള്ള വാഷിങ് മെഷീൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വ്യക്തിക്ക് അനുയോജ്യമാണ്.
• അംഗങ്ങൾ കൂടുതലുള്ള വീടാണെങ്കിൽ ലോഡ് കപ്പാസിറ്റി കൂട്ടാം.
ചൂടുവെള്ളത്തിൽ കഴുകണോ?
ചില മെഷീനുകളിൽ ചൂടുവെള്ളം ഉപയോഗിച്ച് കഴുകാനുള്ള ഓപ്ഷനുകൾ ഉണ്ടായിരിക്കും. കഠിനമായ കറ, പാടുകളും വൃത്തിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് ആവശ്യമുള്ളതല്ല.
ഡെലിക്കേറ്റ് മോഡ് വേണോ?
കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുഞ്ഞിന്റെ വസ്ത്രങ്ങൾ പോലുള്ള മൃദുവായ തുണിത്തരങ്ങൾ വൃത്തിയാക്കാൻ ഡെലികേറ്റ് മോഡുള്ള വാഷിങ് മെഷീൻ വേണം.
വാറണ്ടിയെ പറ്റി ചിലത് അറിയണം
നല്ല വാറന്റിയും സർവീസ് റെക്കോർഡുമുള്ള വാഷിങ് മെഷീൻ തിരഞ്ഞെടുക്കുക. ആദ്യ ഒരു വർഷം മിക്കവാറും വാഷിങ് മെഷീൻ പ്രശ്നമില്ലാതെ പ്രവർത്തിക്കും. ഒരു വർഷത്തിന് ശേഷമാവും ചെറിയ പ്രശ്ങ്ങൾ ആരംഭിക്കുക. ആ സമയത്ത് വാറന്റി അവസാനിക്കുകയും കേടുപാട് തീർക്കാൻ നിങ്ങൾ പണം ചിലവാക്കേണ്ടിയും വന്നേക്കാം. അതുകൊണ്ട് വാറന്റി കാലയളവ് പരിശോധിക്കുക. മാത്രമല്ല എക്‌സ്‌റ്റൻഡഡ് വാറണ്ടിയ്ക്കുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ തിരഞ്ഞെടുക്കുക. ചില നിർമ്മാതാക്കളും ബ്രാൻഡുകളും വാഷിങ് മെഷീനിന്റെ ചില ഭാഗങ്ങൾക്ക് മാത്രമേ വാറന്റി നൽകൂ എന്ന കാര്യവും ശ്രദ്ധിക്കുക.
ടിപ്പ് 1 :
നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണ ശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെള്ളവും വൈദ്യുതിയും ലാഭിക്കാൻ സാധിക്കും.
ടിപ്പ് 2:
അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികൾക്ക് ക്വിക്ക് സൈക്കിൾ മോഡ് ഉപയോഗിക്കാം. വാഷിങ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക. ഉപയോഗം കഴിഞ്ഞാൽ വാഷിങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് എടുത്ത് മാറ്റുക.
ടിപ്പ് 3:
കഴിവതും വൈകുന്നേരം 6.30 മുതൽ 10 മണിവരെയുള്ള സമയങ്ങളിൽ വാഷിങ് മെഷീൻ ഉപയോഗിക്കാതിരിക്കുക.
ടിപ്പ് 4:
വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുക. വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 1692 രൂപയുടെ ഊർജം ലാഭിക്കാൻ കഴിയുമെന്നാണ് കണക്ക്.