ഫോൺ ടെക്നീഷ്യന്മാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന നീക്കവുമായി ആപ്പിൾ!!

ഐഫോൺ  സ്വന്തമായി റിപ്പയർ ചെയ്യാനുള്ള പാർട്സുകളും ടൂളുകളും ആപ്പിൾ നൽകുന്നു. ആപ്പിൾ സെൽഫ് സെർവീസ് റിപ്പയർ (Apple Self Service Repair) എന്ന പദ്ധതിയാണ് കമ്പനി തുടങ്ങിയിരിക്കുന്നത്.

 

ഐഫോണ്‍ ഉടമകൾക്ക് ആപ്പിൾ സെൽഫ് സർവീസ് റിപ്പയര്‍സ്റ്റോറില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ 13, 12 സീരിസിന്‍റെ അടക്കം 200 ഭാഗങ്ങള്‍  തിരഞ്ഞെടുക്കാനും ഓർഡർ ചെയ്യാനും കഴിയും


കഴിഞ്ഞ വർഷമാണ് ആപ്പിൾ  സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് തന്നെ സ്വന്തം ഐഫോണ്‍ ശരിയാക്കാന്‍ സാധിക്കുന്ന ഈ പരിപാടി ഇപ്പോൾ യുഎസിൽ ലോഞ്ച് ചെയ്‌തു. ഇതോടെ ആപ്പിള്‍ ഉപകരണങ്ങള്‍, ഏറ്റവും പുതിയ  ഐഫോണ്‍ എസ്ഇ 2022 വരെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ശരിയാക്കാം. അതിനുള്ള ടൂള്‍ കിറ്റ് ഇപ്പോള്‍ ഓർഡർ ചെയ്യാനും കഴിയും.


കൂടാതെ സ്റ്റോർ ക്രെഡിറ്റിനായി അവരുടെ പഴയ ഭാഗങ്ങളിൽ തിരിച്ച് നല്‍കാനും സാധിക്കും. റിപ്പയർ ടൂളുകൾ ആഴ്ചയിൽ $49 എന്ന നിരക്കിൽ വാടകയ്‌ക്കെടുക്കാൻ അവസരം ഉണ്ട്. അതിനാല്‍ പ്രത്യേക ടൂള്‍കിറ്റ് ഫോണ്‍ ശരിയാക്കാന്‍ വാങ്ങണമെന്നില്ല.


സെൽഫ് സർവീസ് റിപ്പയർ ഷോപ്പിൽ ഡിസ്‌പ്ലേകൾ, ബാറ്ററികൾ, സ്പീക്കറുകൾ, ക്യാമറ മൊഡ്യൂളുകൾ, സിം ട്രേകൾ, ടാപ്‌റ്റിക് എഞ്ചിനുകൾ എന്നിവയും ബോൾട്ടുകളും സ്ക്രൂകളും പോലെയുള്ള ഒരു കൂട്ടം സ്‌പെയർ പാർട്‌സുകളും ഉണ്ട്. ഐഫോണ്‍ 13 ഡിസ്‌പ്ലേ ബണ്ടിൽ (ഡിസ്‌പ്ലേ, സ്ക്രൂ കിറ്റ്, പശ, സെക്യൂരിറ്റി സ്ക്രൂകൾ എന്നിവയുൾപ്പെടെ) 269.95-ഡോളറിനും. സ്പെയർ ബാറ്ററി ബണ്ടിലിന് 70.99 ഡോളറിനും ലഭിക്കും. നിങ്ങളുടെ പഴയ ഡിസ്‌പ്ലേയിൽ തിരിച്ച് നല്‍കിയാല്‍ നിങ്ങൾക്ക് സ്റ്റോർ ക്രെഡിറ്റിൽ 33.60 ഡോളര്‍ ലഭിക്കും, പഴയ ബാറ്ററിക്ക് 24.15 ഡോളര്‍ ക്രഡിറ്റ് ലഭിക്കും.


സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാമിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ റിപ്പയർ ചെയ്യുന്നത് നിങ്ങളുടെ ഫോണ്‍ വാറന്‍റി തുടര്‍ന്ന് ലഭിക്കില്ല. എന്നാല്‍ റിപ്പേയര്‍ ചെയ്യാന്‍ വാങ്ങിയ ഉപകരണത്തിന്‍റെ ഹാര്‍ഡ് വെയര്‍ പ്രശ്നങ്ങള്‍ക്ക് വാറന്‍റി ലഭിക്കും. 


ഡിസ്പ്ലേ മാറ്റുന്നത് പോലുള്ള ചില പണികള്‍ക്ക് സിസ്റ്റം കോൺഫിഗറേഷൻ സോഫ്‌റ്റ്‌വെയർ ആവശ്യമാണ്. ഇത്തരം അവസ്ഥകളില്‍ സിസ്റ്റം കോൺഫിഗറേഷൻ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാന്‍ പ്രത്യേക സംവിധാനം ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാമില്‍ ഒരുക്കിയിട്ടുണ്ട്.


ആപ്പിളിന്റെ സെൽഫ് റിപ്പയർ പ്രോഗ്രാം ഇപ്പോള്‍ ഐഫോണിലാണ് ആരംഭിച്ചതെങ്കിലും ആപ്പിളിന്റെ മറ്റു പ്രോഡക്റ്റുകളിലും ഈ സൗകര്യം ഉടനെ വരും.



Previous Post Next Post