പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ!! നിങ്ങൾക്ക് കേൾക്കേണ്ടെ?


പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. സംഗതി വർഷങ്ങൾക്ക് മുമ്പാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ആളുകൾ കൗതുകത്തോടെ കേൾക്കുകയും,തെറ്റിദ്ധരിക്കുകയും , ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.

 ബഹിരാകാശ ഏജന്‍സിയായ നാസ 2020 നവംബറിൽ  പുറത്ത് വിട്ട ഹെലിക്‌സ് നെബുലയുടെ   ( Helix Nebula) ചിത്രത്തിന്റെ  'സോണിഫിക്കേഷന്‍ വിഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 

'ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച'യെന്നും ' സ്ത്രീയുടെ നിലവിളി 'യെന്നുമൊക്കെയാണ് പലരും ഈ ശബ്ദത്തെ വിശേഷിപ്പിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു. 


ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍. 

ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് വിശദമാക്കിയിരുന്നു. 

ഈ സോണിഫിക്കേഷനിൽ, ചുവന്ന വെളിച്ചത്തിന് താഴ്ന്ന പിച്ചുകളും നീല വെളിച്ചത്തിന് ഉയർന്ന പിച്ചുകളുമാണ് നൽകിയിരിക്കുന്നത്. പ്രകാശത്തിന്റെ ആവൃത്തി ചുവപ്പിൽ നിന്ന് നീലയിലേക്ക് വർദ്ധിക്കുന്നതുപോലെ, ശബ്ദത്തിന്റെ ആവൃത്തി താഴ്ന്നതിൽ നിന്ന് ഉയർന്ന പിച്ചുകളിലേക്ക് വർദ്ധിക്കുന്നു. ബഹിരാകാശത്ത് ശബ്ദമില്ലെങ്കിലും, ജ്യോതിശാസ്ത്ര ചിത്രങ്ങളിലെ ഡേറ്റയെ പുതിയതും ശ്രവണപരവുമായ രീതിയിൽ സങ്കൽപ്പിക്കാൻ ഇതുപോലുള്ള സോണിഫിക്കേഷനുകൾ നമ്മെ സഹായിക്കുന്നു!

Previous Post Next Post