മൊബൈൽ ഫോൺ പോലെ വൈദ്യുതിയും പ്രീപെയ്ഡ് റീചാർജ് ചെയ്യാനുള്ള സംവിധാനം വരുന്നു!!


മുൻകൂറായി പണമടച്ചു വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന പ്രീപെയ്ഡ് സ്മാർട് മീറ്റർ സംവിധാനം രാജ്യമാകെ നിർബന്ധമാക്കുന്നതിന്റെ ആദ്യഘട്ടം 2023 ഡിസംബർ 31നു മുൻപു പൂർത്തിയാക്കണമെന്നു കേന്ദ്ര വിജ്ഞാപനം. 



ബ്ലോക്ക് തലത്തിനു മുകളിലുള്ള എല്ലാ സർക്കാർ ഓഫിസുകളും വ്യാവസായിക–വാണിജ്യ ഉപയോക്താക്കളും ഈ തീയതിക്കുള്ളിൽ പ്രീപെയ്ഡ് മീറ്ററിലേക്കു മാറണം. 


ഇതിനു പുറമേ നഗരമേഖലകളിൽ 15 ശതമാനത്തിനു മുകളിലും ഗ്രാമീണമേഖലകളിൽ 25 ശതമാനത്തിനു മുകളിലും നഷ്ടമുണ്ടാക്കിയ ഇലക്ട്രിക് ഡിവിഷനുകളിലും പ്രീപെയ്ഡ് മീറ്റർ വരും. 


ബാക്കിയുള്ള എല്ലാ ഉപയോക്താക്കളും 2025 മാർച്ച് 31ന് മുൻപായി സ്മാർട് മീറ്ററിലേക്കു മാറണം. കാർഷിക കണക്‌ഷനുകൾക്ക് ഈ സമയക്രമം ബാധകമല്ല. 


രാജ്യമാകെ 25 കോടി സ്മാർട് മീറ്ററുകൾ വേണ്ടിവരും. ഇതിനായി 15–22% സബ്സിഡിയും പ്രത്യേക പരിഗണന വേണ്ട സംസ്ഥാനങ്ങളിൽ 33% സബ്സിഡിയും ലഭ്യമാക്കുമെന്നു കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. 


മൊബൈൽ ആപ്പ് ഉപയോഗിച്ച് മീറ്റർ റീചാർജ് ചെയ്യാനാകും. ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതിയുടെ തുക മുൻകൂറായി അടയ്ക്കുന്നതിനാൽ കുടിശിക ഇല്ലാതാക്കാം എന്നതാണു നേട്ടം. 


ഉപയോക്താവ് മീറ്റർ ചെലവ് 6000 രൂപ അടയ്ക്കണം. കേരളത്തിൽ 1.3 കോടി ഉപയോക്താക്കൾക്കായി 4 ഘട്ടമായാണ് സ്മാർട് മീറ്റർ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 37 ലക്ഷം ഉപയോക്താക്കളുണ്ട്. സ്മാർട് മീറ്റർ സ്ഥാപിച്ച് 10 കൊല്ലം പരിപാലിക്കുന്നതിനു കമ്പനിക്ക് 6000 രൂപയോളം നൽകണം. അതേസമയം, ഒരു സ്മാർട് മീറ്റർ മാത്രമായി 2500–3000 രൂപയ്ക്കു ലഭിച്ചേക്കും. 



Previous Post Next Post