ഹേയ്! ബ്രോ..! ഗൂഗിൾ മാപ്പിനെ കണ്ണടച്ച് വിശ്വസിക്കാമോ?

ഗൂഗിൾ മാപ്പിനെ കണ്ണടച്ച് വിശ്വസിച്ചു 'പണി' കിട്ടിയവർ നിരവധിയുണ്ട് ഗൂഗിൾ മാപ്പിനും വഴികൾ തെറ്റാം.


റോഡ് ട്രാഫിക്ക് കുറവുള്ള വഴികൾ ആദ്യം നിർദേശിക്കുന്ന ഗൂഗിൾ മാപ്പിന്‍റെ അൽഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തണമെന്നും മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 


ട്രാഫിക് കുറവുള്ള റോഡുകളെയാണ് മാപ്പിന്‍റെ അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി ആദ്യം കാട്ടിത്തരിക. എന്നാൽ, തിരക്ക് കുറവുള്ള റോഡുകൾ എപ്പോഴും സുരക്ഷിതമാകണമെന്നില്ല.


തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ നിരത്തുകളിലും സാധാരണ തിരക്കുണ്ടാകില്ല.


എന്നാൽ, ഇത് തിരിച്ചറിയാതെ ഗൂഗിളിന്‍റെ അൽഗോരിതം വേഗമേറിയ വഴിയായി ഇവ നിർദേശിക്കും. ഇതാകട്ടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കില്ല. മാത്രമല്ല പലപ്പോഴും ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് രാത്രികാലങ്ങളിൽ ഊരാക്കുടുക്കിലും പെടാം.


അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും അപരിചിതമായ വിജനമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും കൂടെയുള്ളപ്പോൾ.


സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ ആദ്യമേ റൂട്ട് ഡൗൺലോഡ് (ഓഫ് ലൈൻ മാപ്പുകൾ) ചെയ്തിടുന്നതും നല്ലതാണെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു.


ആളുകൾ സ്ഥിരമായി സഞ്ചരിക്കുന്ന റോഡുകളിൽ പോലും ഗൂഗിൾ മാപ്പ് വഴി തെറ്റിക്കാറുണ്ട്. വലിയ പ്രശ്നമില്ലാതെ പോകുന്നതു കാരണം  മിക്കവരും അത് അവഗണിക്കാറാണ് പതിവ്. 


'ഉദാഹരണത്തിന് നിങ്ങൾ കോഴിക്കോട് നിന്ന് മലപ്പുറം വളാഞ്ചേരി വഴി എറണാകുളം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പോകുമ്പോൾ, നേരെ പോയാൽ ടോൾ ഇല്ലാത്ത നല്ല ബൈപാസുണ്ടെങ്കിലും ഗുഗിൾ പലപ്പോഴും വലതു ഭാഗത്തു കൂടെ പോകുന്ന പഴയ റോഡ് കാണിക്കും!!'


ഗൂഗിൾ അതിന്റെ മാപ്പ് അപ്ഡേറ്റ് ചെയ്യുന്നത് ലോക്കൽ ഗൈഡുകളുടെ സഹായത്തോടെയാണ്, ഒരു പാടു ലോക്കൽ ഗൈഡുകൾ ഒരേ കാര്യം ആവശ്യപെടുമ്പോൾ, ഗൂഗിൾ നിർമ്മിത ബുദ്ധിയുപയോഗിച്ച് റൂട്ട് മാപ്പ് മാറ്റും. ഇതേ കുറിച്ച് മറ്റു ലോക്കൽ ഗൈഡുകളുടെ അഭിപ്രായങ്ങൾ തേടും. ഉത്തരവാദിത്വം ഇല്ലാത്ത ചില ലോക്കൽ ഗൈഡുകൾ മാറ്റത്തെ എതിർത്താൽ, ഗൂഗിൾ വീണ്ടും പഴയ റൂട്ട് തന്നെ തുടരും ഇതാണ് സത്യം.


ലോക്കൽ ഗൈഡുകൾക് അപൂർവ്വമായി ചില ഓഫറുകളും, സമ്മാനങ്ങളും ഗൂഗിൾ നൽകാറുണ്ട്. പക്ഷെ സേവനത്തിനു ശമ്പളം നൽകാറില്ല. അതുകൊണ്ട് തന്നെ പലതിനും ആധികാരികതയുണ്ടാവില്ല.


Previous Post Next Post