ഓ എൽ എക്സ് (OLX) /ഫെയ്സ്ബുക്ക് വഴി നടക്കുന്ന ഈ തട്ടിപ്പുകളിൽ തലവെക്കരുതേ...!!

പഴയ സാധനങ്ങൾ,  ഫർണിച്ചർ, വാഹനങ്ങൾ തുടങ്ങിയവ  വാങ്ങാനും വിൽക്കാനും വേണ്ടി

പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ ഫെയ്സ്ബുക്കും, ഓൺലൈൻ എക്സ്ചേഞ്ച് ആപ്പായ OLX ഉം ഉപയോഗിക്കുന്നവർ ഏറെയുണ്ട്.


ഈ രണ്ട് കൂട്ടരേയും പറ്റിച്ചു പണം പിടുങ്ങന്നവർ അതിൽ കൂടുതലുണ്ട്. തട്ടിപ്പുകൾ തുടർ കഥയാവുമ്പോൾ പലരും നാണക്കേട് കാരണം പൊലീസിൽ പരാതി നൽകില്ല. പരാതി നൽകിയാലും മിക്കവാറും കേസുകളിൽ കുറ്റവാളികൾ പിടിക്കപെടാനും നഷ്ടപ്പെട്ട പണം തിരികെ കിട്ടാനും സാധ്യത കുറവാണ്.


വണ്ടി വിൽകുന്ന സൈനീകൻ

ഒരു പാടുപേരിൽ നിന്ന് പണം തട്ടിയ ഈ തട്ടിപ്പ് രീതി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.


തട്ടിപ്പ് രീതിയിങ്ങനെ:

നല്ല ഏതെങ്കിലും ഒരു കാർ മാർക്കറ്റ് വിലയിലും വളരെയധികം  കുറച്ചു പരസ്യം ഫെയ്സ്ബുക്കിലൊ, ഓഎൽ എക്സിലോ  പോസ്റ്റ് ചെയ്യും (ഇത് ചിലപ്പോൾ സ്പോൺസർ ചെയ്ത പരസ്യമായും വരാം) ഉദാഹരണത്തിന് 2017 മരുതി വാഗണർ ഒരു ലക്ഷം!! 2019 സിഫ്റ്റ് ഒരു ലക്ഷത്തിയമ്പതായിരം എന്നിങ്ങനെ.


ആരെങ്കിലും അവർ തരുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ പട്ടാള ഐഡി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ വാട്സ്ആപ് അയച്ചു തരും. ചിലപ്പോൾ അമ്മ മലയാളിയും അച്ഛൻ ഹിന്ദികാരനാണെന്നു പറഞ്ഞു ഹിന്ദിയിൽ സംസാരിക്കും, നിലവാരമില്ലാത്ത ഇംഗ്ലീഷ് ചാറ്റും കാണും. അവസാനം പണം മുൻകൂർ അയച്ചാലെ മിലിറ്ററി കൊറിയർ സർവീസ് വഴി കാർ നിങ്ങളുടെ വീട്ടിൽ വരികയുള്ളു എന്നും പറയും. കാർ കാണാൻ ആവശ്യപെട്ടാൽ കാറിൻ്റെ വീഡിയോ അയച്ചു തരും.

(ഈ പട്ടാള ഐഡിയൊക്കെ വെറേ ആരുടെയെങ്കിലും ആയിരിക്കും. കാറിൻ്റെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ നിന്നെടുത്തതാകാം)



നിങ്ങൾ വിൽകുമ്പോൾ പണം അടിച്ചു മാറ്റുന്നതെങ്ങനെ?


നിങ്ങൾ കൊടുത്ത വാഹനമോ വസ്തുവോ കാണുക പോലും ചെയ്യാതെ, യാതോരു തരത്തിലുള്ള വിലപേശലും കൂടാതെ വാങ്ങാൻ തയ്യാറായാണ് ഈ തട്ടിപ്പുകാർ രംഗത്ത് വരുന്നത്. അവർ നിങ്ങളുടെ ബാങ്ക് ഡീറ്റൈൽസ് ആവശ്യപെടും. തുടർന്ന് ക്യൂആർ (QR Code) അയച്ചു തരും. 


ഇത് നിങ്ങളുടെ യൂപിഐ ആപ്പ് വഴി സ്കാൻ ചെയ്താൽ പണം നിങ്ങളുടെ ബാങ്ക് അകൗണ്ടിൽ വരുമെന്ന് പറയും. പണം സ്വീകരിക്കാനല്ല, അയക്കാനാണ് ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ടത് എന്നറിയാത്ത, വിൽപനകാരൻ ഇതിൽ വീഴുന്നതോടെ തട്ടിപ്പു പൂർണമാകുന്നു. വിൽപനകാരൻ്റെ ബാങ്കിൽ നിന്ന് പണം നഷ്ടപെടുന്നു.


തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:


• സ്ക്രീൻ ഷെയറിങ് ആപ്പുകളായ എനിഡെസ്ക് ( anyDesk)

ടീംവ്യൂവർ (TeamViewer)

തുടങ്ങിയവ അപരിചതർ ആവശ്യപ്പെട്ടാൽ ഒരുകാരണവശാലും നിങ്ങളുടെ ഫോണിലോ കംപ്യൂട്ടറിലോ ഇൻസ്റ്റാൾ ചെയ്യരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം അത്തരക്കാർ കൈക്കലാക്കും.



• നിങ്ങളുടെ യു.പി.​ഐ ഐഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതരുമായി ഒരിക്കലും പങ്കുവെക്കരു​ത്.


• അപരിചിതർ പണം ഇങ്ങോട്ട് തരാൻ ക്യു.ആർ കോഡ് അയച്ചാൽ അത് ഒരിക്കലും സ്കാൻ ചെയ്യരുത്.

കാരണം പണം സ്വീകരിക്കാൻ ക്യൂആർ കോഡ് വേണ്ട.


• ഒ.ടി.പി (OTP) എന്നത് നിങ്ങൾ മാത്രം കൈകാര്യം ചെയ്യേണ്ട രഹസ്യ നമ്പറാണ്. ഒ.ടി.പി ആർക്കും കൈമാറരുത്.


•  ട്രൂകോളർ പോലുള്ള ആപ്പിൽ സംശയമുള്ളവരുടെ നമ്പർ കൊടുത്താൽ ഫ്രോഡ് എന്നു കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇതിനു മുമ്പ് തട്ടിപ്പിൽ കുടുങ്ങിയവർ അയാളുടെ നമ്പർ ഫ്രോഡായി ട്രൂകോളറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടാകാം.




Previous Post Next Post