പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് മീഷോ (Meesho) യുടെ പേരിൽ തട്ടിപ്പു നടക്കുന്നതായി പരാതി.

മീഷോ വ്യാപാര വെബ്സൈറ്റിൽ നിന്നും അടുത്തിടെ ഉൽപ്പന്നങ്ങൾ വാങ്ങിയ തൃശൂരിലെ ഏതാനും ഉപഭോക്താക്കളുടെ മേൽവിലാസത്തിൽ ഒരു  കത്ത് ലഭിച്ചിരുന്നു. ഈ കത്തിൽ, മീഷോയുടെ ഉപഭോക്താക്കൾ എന്ന നിലയ്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുക. ഇതിനോടൊപ്പം ഒരു സ്ക്രാച്ച് കാർഡും ഉണ്ടായിരിക്കും.  സ്ക്രാച്ച് കാർഡ് ഉരസി നോക്കിയതിനുശേഷം, ക്യാഷ് പ്രൈസ് ആണ് ലഭിച്ചിരിക്കുന്നതെങ്കിൽ ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ട് വിവരങ്ങൾ, പാൻകാർഡ് നമ്പർ, ബാങ്ക് വിലാസം തുടങ്ങിയവ രേഖപ്പെടുത്തി, മീഷോ കമ്പനിക്ക് ഇ-മെയിലിലൂടേയോ, വാട്സ് ആപ്പിലോ അയച്ചു നൽകുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്. 


കത്ത് ലഭിച്ച ഭൂരിഭാഗം പേർക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയിൽ ഉപഭോക്താക്കളുടെ എക്കൌണ്ട് വിവരങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെടുന്നു.  വലിയ തുക സമ്മാനം ലഭിച്ചിരിക്കുന്നതിനാൽ, ഇത് ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ടിലേക്ക് വിതരണം ചെയ്യുന്നതിന് ലോട്ടറി ആക്ട് അനുസരിച്ചുള്ള നികുതി അടക്കുന്നതിനായി ആവശ്യപ്പെടും. 



നികുതി തുക അടച്ചു കഴിഞ്ഞാൽ, പ്രോസസിങ്ങ് ഫീസ് തുടങ്ങിയ മറ്റ് ഫീസുകളുടെ പേരുപറഞ്ഞ് പിന്നേയും ഉപഭോക്താവിൽ നിന്നും പണം ഈടാക്കും.  വളരെ വലിയ തുക ലഭിക്കുമെന്ന വിശ്വാസത്തിൽ ഉപഭോക്താവ് പല ഘട്ടങ്ങളിലായി  ചെറിയ തുകകളായി പണം കൈമാറുകയും, അത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ടു വിവരങ്ങളും നഷ്ടപ്പെടുന്നതിനാൽ പിൻ നമ്പറും, ഓടിപിയും കരസ്ഥമാക്കി, തട്ടിപ്പു നടക്കുന്നതിനും സാധ്യതയുണ്ട്.


വിശ്വാസം ലഭിക്കാൻ ബാങ്ക് ലോഗോയും, ട്രേഡ് മാർക്കുകളും.


ഉപഭോക്താക്കൾക്ക് വിശ്വാസം വരുത്തുവാൻ മുൻനിര ബാങ്കുകളുടെ വ്യാജ സീലും ഒപ്പും തട്ടിപ്പുകാർ ഉപയോഗിച്ചിട്ടുണ്ട്.  ഇതുകൂടാതെ മുൻനിര ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ട്, ആമസോൺ പേ തുടങ്ങിയവയുടേയും ട്രേഡ്മാർക്ക് ചിഹ്നങ്ങൾ പതിച്ചിട്ടുണ്ട്.


ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നു ?


പ്രമുഖ ഇ-കോമേഴ്സ് വ്യാപാര വെബ്സൈറ്റുകളിൽ നൽകുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നതായി സൈബർ ക്രൈം വിഭാഗം സംശയം പ്രകടിപ്പിച്ചു. ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ ഉപഭോക്താക്കൾ നൽകുന്ന ഡെലിവറി വിലാസത്തിലാണ് തട്ടിപ്പുകാർ കത്തുകൾ അയച്ചു നൽകുന്നത്.  അതിനാൽ കത്ത് യഥാർത്ഥത്തിലുള്ളതാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.  കൊറിയർ സ്ഥാപനങ്ങളിൽ നിന്നോ, ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ നിന്നോ ഹാക്കർമാർ ഉപഭോക്താക്കളുടെ പേരും വിലാസവും ഉൾക്കൊള്ളുന്ന ഡാറ്റാബേസുകൾ അടിച്ചുമാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


ലോട്ടറിയടിച്ചു എന്ന ഓഫറുകളിൽ വിശ്വസിക്കരുത്.


നിങ്ങളുടെ ഫോണിലേക്കോ, ഇ-മെയിൽ, അല്ലെങ്കിൽ വീട്ടുവിലാസത്തിൽ അയച്ചു ലഭിക്കുന്ന  അവിചാരിത ഓഫറുകളിൽ കണ്ണും പൂട്ടി വിശ്വസിക്കരുത്. നിങ്ങളെ പ്രകോപിപ്പിച്ചും, ഉത്കണ്ഠയുളവാക്കിയുമാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത്. നിങ്ങളുടെ ബാങ്ക് എക്കൌണ്ട്, ഓടിപി, എടിഎം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക.


കടപ്പാട്: കേരളാ പൊലീസ്

Previous Post Next Post