ഹെൽമെറ്റ് ക്യാമറ വിവാദത്തിൽ കേരളാ പൊലീസിൻ്റെ വിശദീകരണം:

ഗതാഗത വകുപ്പ് ക്യാമറ പിടിപ്പിച്ചിട്ടുള്ള ഹെൽമറ്റുകളുടെ ഉപയോഗം തടഞ്ഞു കൊണ്ടുള്ള നിർദ്ദേശം നൽകിയതോടെ പ്രസ്തുത നിർദ്ദേശത്തെ എതിർത്തും അനുകൂലിച്ചും വിവിധ മാധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും ചർച്ചകൾ നിറയുകയാണ്.


താരതമ്യേന വളരെക്കുറച്ചു പേരാണ് ഇത്തരം ഹെൽമറ്റുകൾ ഉപയോഗിക്കുന്നതെങ്കിലും  എല്ലാ സാധാരണക്കാരനെയും ബാധിക്കുന്ന ഒരു പ്രശ്നമെന്ന രീതിയിലാണ് ഇപ്പൊൾ അവതരിപ്പിച്ചു വരുന്നത്. അതിനാൽ എന്തുകൊണ്ട് ഇത്തരം ക്യാമറ മൗണ്ടഡ് ഹെൽമറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തി എന്നത്  സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൂടി ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.


ഹെൽമെറ്റ് മൗണ്ടഡ് കാമറ റൈഡർക്കു ഒരു സേഫ്റ്റി ഇഷ്യൂ തന്നെയാണ്. പല രാജ്യങ്ങളിലും ഇതിനു നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .


ഭാരതത്തിൽ ഹെൽമെറ്റ് സ്റ്റാന്റേർഡ്  നിഷ്കർഷിച്ചിട്ടുള്ളത് ,  

IS 4151:2015 മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ഈ മാനദണ്ഡങ്ങളിൽ 6.1.3 ഇത് കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു.


"6.1.3 - No components or device shall be fitted to or incorporated in the protective helmet unless it is designed in such a way that it's all not cause injury and that, when it is fitter to or incorporated in the protective helmet, the helmet still complies with a performance requirement of this standard. "


ഹെൽമെറ്റ് സേഫ്റ്റി ടെസ്റ്റ് ചെയ്യുന്നത് അതിൽ വേറൊരു ഫോറിൻ ഒബ്‌ജക്റ്റും ഘടിപ്പിക്കാതെ ആണ് അതുകൊണ്ട് ഇതിന്  വിരുദ്ധമായി ഇത് ഘടിപ്പിക്കുന്നത് സേഫ്റ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന് കാരണമാകും.

 

മാത്രവുമല്ല പലപ്പോഴും ഇത്തരം ക്യാമറകൾ ഹെൽമെറ്റിൽ  സ്ക്രൂ ചെയ്ത് ഉറപ്പിക്കുമ്പോൾ അതിന്റെ സ്‌ട്രക്ടറൽ ഘടനയെ തന്നെ ദോഷകരമായി ബാധിക്കും.

 

 ഹെൽമെറ്റിൽ വേറൊരു ഒബ്ജെക്റ്റ് ഘടിപ്പിച്ചു ഓടിക്കുമ്പോൾ അപകട സമയത്ത് ഹെൽമെറ്റ് റോഡിൽ സ്പർശിക്കുമ്പോൾ സംഭവിക്കുന്ന ലോഡ് ഡിസ്ട്രിബ്യൂഷനെയും തെന്നി നീങ്ങുന്നതിനുള്ള കഴിവിനെയും പ്രതികൂലമാകും എന്നതിനാൽ തന്നെ

 ഹെൽമെറ്റിന്റെ സാധാരണ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം.  


കൂടാതെ റൈഡേഴ്‌സ്  നല്ല ദൃശ്യം/ക്ലിപ്സ് കിട്ടാൻ ഒക്കെ   റൈഡിങ്ങിനിടയിൽ ഹെഡ്‌ പോസിഷൻ ഒക്കെ മനഃപൂർവം മാറ്റിപ്പിടിച്ചു ഓടിക്കുമ്പോൾ ശ്രദ്ധയും ബാലൻസും തെറ്റുകയും  അപകടത്തിന് കാരണമാകുകയും ചെയ്യും. 


സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനുള്ള സാഹസിക വീഡിയോകൾ ചിത്രീകരിക്കുന്നതിനു വേണ്ടിയും പലപ്പോഴും ഇത്തരം ക്യാമറ മൗണ്ടഡ് ഹെൽമറ്റുകൾ ഉപയോഗിക്കുന്നുണ്ട്. റോഡ് നിയമങ്ങളെയും സുരക്ഷാ നിർദ്ദേശങ്ങളെയും വെല്ലുവിളിച്ചു കൊണ്ടുള്ള ഇത്തരം പ്രകടനങ്ങൾ അപകടത്തിൽ അവസാനിക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ തന്നെ ലഭ്യമാണ്.


കൂടാതെ ഡ്രൈവിംഗ് റെഗുലേഷൻ 2017 - clause 5-ൽ പ്രതിപാദിച്ചിരിക്കുന്ന തരത്തിൽ ഡ്രൈവർ തന്റെ ശ്രദ്ധയ്ക്കോ കാഴ്ചയ്ക്കോ  യാതൊരുവിധ ഭംഗവും തടസ്സവും  വരാത്ത രീതിയിലും  പൂർണ്ണ ശ്രദ്ധ ഡ്രൈവിംഗിൽ മാത്രം കേന്ദ്രീകരിച്ച് കൊണ്ട് മറ്റ് പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയും ചെയ്യണം എന്ന നിബന്ധനക്ക്  വിരുദ്ധവുമാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ .


 ഇനി  നിർമാതാക്കൾ തന്നെ കാമറ മൗണ്ട് ചെയ്യാനുള്ള ഓപ്‌ഷൻ വെച്ച് നിർമിച്ചതാണെന്ന് അവകാശപ്പെട്ടാൽ പോലും മേൽ നിബന്ധനകൾ പാലിക്കുന്നതിന് ഇത്തരം കൂട്ടിച്ചേർക്കലുകൾ തടസ്സമാകും


അതേ സമയം തന്നെ റോഡിൽ തങ്ങളുടെ സുരക്ഷക്കും ഉദ്യോഗസ്ഥരുടെ നിയമ ലംഘനങ്ങൾ ചിത്രീകരിക്കാനും വേണ്ടിയാണ് ഇത്തരം ക്യാമറ മൗണ്ടഡ് ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് എന്ന അവകാശവാദമുന്നയിക്കുന്നവരുമുണ്ട്. മേൽപ്പറഞ്ഞ ആവശ്യങ്ങൾക്കായി (സുരക്ഷിതമായ രീതിയിൽ വാഹനങ്ങളിലോ മറ്റോ മൗണ്ട് ചെയ്ത് ) ക്യാമറകൾ ഉപയോഗിക്കുന്നതിനോടോ ചിത്രീകരിക്കുന്നതിനോ ടോ യാതൊരുവിധ എതിർപ്പുമില്ല.


അതേ സമയം 

ഹെൽമറ്റ് എന്നത് അടിസ്ഥാനപരമായി തലക്ക് സംരക്ഷണം നൽകുന്നതിനുള്ള സുരക്ഷാ ഉപകരണമാണ് അല്ലാതെ ക്യാമറ പിടിപ്പിക്കാനുള്ള സ്റ്റാൻഡ് അല്ല എന്നു മനസ്സിലാക്കണമെന്ന് അഭ്യർഥിക്കുന്നു.



Previous Post Next Post