യൂട്യൂബ് ക്രിയേറ്റര്‍ മ്യൂസിക്: വീഡിയോകളിൽ മറ്റുള്ളവരുടെ പാട്ടുകൾ ചേർക്കാം, വരുമാനം നേടാം

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ സൗകര്യവുമായി യൂട്യൂബ്.

ക്രിയേറ്റര്‍മാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള മ്യൂസിക് ലൈസന്‍സുകള്‍ വാങ്ങാനും അവ ഉള്‍പ്പെടുത്തിയ വീഡിയോകളില്‍ നിന്ന് വരുമാനമുണ്ടാക്കാനും സാധിക്കും. പാട്ട് ഉപയോഗിക്കാത്ത വീഡിയോകളില്‍ ലഭിക്കുന്ന അതേ വരുമാനം ഈ പാട്ടുകള്‍ ഉപയോഗിച്ച വീഡിയോകളില്‍ നിന്നുണ്ടാക്കാം.

ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനമാണ് ഇതിനായി അവതരിപ്പിക്കുക. ഇതില്‍ നിന്നും ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാനാവും.

നിലവില്‍ നമ്മള്‍ യൂട്യൂബില്‍ പങ്കുവെക്കുന്ന വീഡിയോയില്‍ മറ്റൊരാളുടെയോ സ്ഥാപനത്തിന്റേയോ ഉടമസ്ഥതയിലുള്ള പാട്ടുകള്‍ ഉപയോഗിച്ചാല്‍ നമ്മളുടെ വീഡിയോയില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് പാട്ടിന്റെ യഥാര്‍ത്ഥ ഉടമയുമായി പങ്കുവെക്കപ്പെടും.

ക്രിയേറ്റര്‍ മ്യൂസികില്‍ നിന്നുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ ഉപയോഗിച്ചതിന്റെ പേരില്‍ വീഡിയോയില്‍ നിന്നുള്ള വരുമാനം കുറയില്ല. എന്നാല്‍ ലൈസന്‍സ് വാങ്ങാതെ പാട്ട് ഉപയോഗിച്ചാല്‍ വരുമാനം പങ്കുവെക്കേണ്ടി വരും.

നിലവില്‍ യുഎസില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് ഈ സൗകര്യം. അടുത്ത വര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്കായി അവതരിപ്പിച്ചേക്കും.

നിലവില്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം ലഭിക്കുന്ന ഓഡിയോ ലൈബ്രറി യൂട്യൂബ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ സിനിമാ ഗാനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇല്ല. അത്തരം പാട്ടുകള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അനുമതി സ്വന്തമാക്കുന്നതിനുള്ള ലളിതമായ മാര്‍ഗങ്ങളും നിലവിലില്ല. എന്നാല്‍ ക്രിയേറ്റര്‍ മ്യൂസിക് സംവിധാനത്തിലൂടെ മറ്റു ക്രിയേറ്റര്‍മാര്‍ക്ക് അനുമതിയുള്ള പാട്ടുകള്‍ വാങ്ങി സ്വന്തം വീഡിയോയില്‍ ഉപയോഗിക്കാന്‍ ഉപഭോക്താവിന് സാധിക്കും.


Previous Post Next Post