ഫെഡ്‌എക്‌സ് എന്ന കൊറിയർ സ്ഥാപനത്തിന്റെ പേരിൽ അടുത്ത കാലത്തതായി ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നുണ്ട്. ഫെഡ്‌എക്‌സ് കൊറിയർ സർവീസ് കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന ഫോൺ ഫോൺ വിളിച്ചാണ് തട്ടിപ്പിന് തുടക്കം.
കൊക്കെയ്ൻ, എം ഡി എം എ ഇതുപോലുള്ള മാരകമായക്കുമരുന്നുകൾ അല്ലെങ്കിൽ ഉയർന്ന വിലപിടിപ്പുള്ള ആഭരണങ്ങൾ,കടുവയുടെ തോൽ തുടങ്ങിയ നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ അടങ്ങിയ ഒരു പാഴ്സൽ നിങ്ങളുടെ പേരിൽ വിദേശ രാജ്യങ്ങളിൻ നിന്നും മറ്റും അയച്ചതായി പറഞ്ഞാണ് തട്ടിപ്പുകാർ ടാർഗെറ്റു ചെയ്യുന്ന വ്യക്തിയെ വിളിക്കുന്നത്.
പിന്നീട്, പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാൾ ആ വ്യക്തിയെ ബന്ധപ്പെടുന്നു. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി ഒരു സ്കൈപ്പ്, വാട്സ് ആപ്പ് എന്നിവ വഴി വീഡിയോ കോളിൽ ബന്ധപ്പെടാൻ വ്യക്തിയോട് ആവശ്യപ്പെടുന്നു. തുടർന്ന് യൂനിഫോമിൽ വ്യക്തിയുമായി വീഡിയോകാൾ ചെയ്യുകയും ഇക്കാര്യം സ്വകാര്യമായി സൂക്ഷിക്കാനും ആവശ്യപ്പെടുന്നു.
തട്ടിപ്പുകാർ സിബിഐയിൽ നിന്നും ആർബിഐയിൽ നിന്നുമാണെന്നുള്ള വ്യാജ രേഖകളും വ്യക്തിയുടെ പേരിലുള്ള ഒരു അറസ്റ്റ് വാറണ്ടും മറ്റും അയയ്ക്കുന്നു.
പിന്നീട് അവരുടെ ആധാർ കാർഡ് നമ്പർ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു. തുടർന്ന് തട്ടിപ്പുകാർ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിന്റെയും ആധാർ കാർഡിന്റെയും വിശദാംശങ്ങൾ ശേഖരിക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ആർബിഐ പരിശോധിച്ചുറപ്പിച്ച ശേഷം പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
പലരും ഭയം കൊണ്ട് ഇത് യഥാർത്ഥമാണെന്ന് വിശ്വസിച്ച് തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് നൽകുകയും അവർ നൽകിയ അക്കൗണ്ടുകളിലേക്ക് പണം അയക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ ഭയപ്പെടുത്തിയോ തെറ്റിദ്ധരിച്ചോ ഫോൺ കോളുകളും മെസ്സേജുകളും നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ഭയപ്പെടാതെ പണം കൈമാറുന്നതിന് മുമ്പ് അതിന്റെ അധികാരികത ഉറപ്പു വരുത്തുക. ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.