ടൈപ്പ് ചെയ്ത സന്ദേശങ്ങള്‍ അയയ്ക്കാൻ മറന്നു പോയോ?; ഇനി പേടിക്കേണ്ട പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്


 മെസേജ് ഡ്രാഫ്റ്റുകള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ടൈപ്പ് ചെയ്തിട്ട് അയക്കാന്‍ മറന്നുപോയതോ പൂര്‍ത്തിയാകാത്തതായ മെസേജുകള്‍ പിന്നീട് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ആഗോളതലത്തില്‍ ഐ ഒ എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ എല്ലാം ഈ മെസേജ് ഡ്രാഫ്റ്റ് ഫീച്ചര്‍ ലഭ്യമാണ്.

നിങ്ങള്‍ ഒരു സന്ദേശം ടൈപ്പ് ചെയ്ത് അത് പൂര്‍ത്തിയാകാതെ വരുമ്പോള്‍ വാട്‌സ്ആപ്പ് 'ഡ്രാഫ്റ്റ്' ലേബല്‍ കൊണ്ട് അതിനെ അടയാളപ്പെടുത്തും. ഈ ഡ്രാഫ്റ്റ് സന്ദേശങ്ങള്‍ നിങ്ങളുടെ ചാറ്റ് ലിസ്റ്റിന്റെ മുകളിലേക്ക് സ്വയമേ സംരക്ഷിക്കപ്പെടും. പിന്നീട് ഈ മെസേജ് പൂർത്തിയാക്കി അയക്കണമെന്ന് തോന്നിയാൽ ഇത് എളുപ്പം കണ്ടെത്താനും വേണ്ട മാറ്റങ്ങളോ കൂട്ടിച്ചേർക്കലോ നടത്തി അയയ്ക്കാനും സാധിക്കും.

നിരവധി ഫീച്ചറുകളാണ് ഓരോ ദിവസവും ഉപയോക്താക്കള്‍ക്കു വേണ്ടി വാട്‌സ്ആപ്പ് ഒരുക്കുന്നത്. സ്റ്റിക്കര്‍ പായ്ക്കുകള്‍ സൃഷ്ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആന്‍ഡ്രോയിഡ് v2.24.22.13-നായുള്ള ബീറ്റ പരിശോധനയിലാണ് ഈ പുതിയ വികസനം നടക്കുന്നതെന്നാണ് ഫീച്ചര്‍ ട്രാക്കര്‍ WABetaInfoയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപയോക്താവ് ഒരു സ്റ്റിക്കറില്‍ ടാപ്പുചെയ്യുമ്പോള്‍ ദൃശ്യമാകുന്ന മെനുവില്‍ 'നിങ്ങളുടേത് സൃഷ്ടിക്കുക' എന്ന പുതിയ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പായ്ക്കുകള്‍ മറ്റുള്ളവരുമായി പങ്കിടാനും അവര്‍ക്ക് അത് കാണാനും ഇംപോര്‍ട്ട് ചെയ്യാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇനി തേര്‍ഡ്പാര്‍ട്ടി സ്റ്റിക്കര്‍ ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫീച്ചര്‍ എപ്പോള്‍ പുറത്തിറങ്ങും എന്നതിനെക്കുറിച്ച് വാട്ട്‌സ്ആപ്പ് വ്യക്തത വരുത്തിയിട്ടില്ല.

Previous Post Next Post