പഴയ ഐ ഒ.എസ് വേർഷനുകളിൽ ഓടുന്ന ഐഫോണുകളിൽ വാട്‌സ്‌ആപ് പണി നിർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആൻഡ്രോയിഡിൻ്റെ പഴയ വേർഷനുകളിലും വാട്‌സ്ആപ് പ്രവർത്തനരഹിതമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഉപയോക്താക്കൾക്കായി മികച്ച ഫീച്ചറുകൾ ലഭ്യമാക്കാനാണ് തീരുമാനമെന്ന് വാട്‌സ്ആപിന്റെറെ മാതൃകമ്പനിയായ മെറ്റ പറയുന്നു.
അടുത്ത വർഷം മേയ് അഞ്ച് മുതലാണ് പഴയ ഒ.എസുകളിൽ വാട്‌സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. ആൻഡ്രോയിഡിൻ്റെ വേർഷൻ 5.0 അല്ലെങ്കിൽ അതിനു ശേഷമുള്ള ഫോണുകളിൽ മാത്രമേ ആറു മാസത്തിനു ശേഷം വാട്‌സ്ആപ് ലഭിക്കുകയുള്ളൂ. ഐ ഒ.എസിൽ 15.1 അല്ലെങ്കിൽ അതിന് ശേഷമുള്ള വേർഷനുകളിൽ മാത്രമാകും വാട്സ്ആപ്പ് സേവനം നൽകുക. പുതിയ അപ്ഡേഷനൊപ്പം വരുന്ന ഫീച്ചറുകൾ പഴയ ഒ.എസിൽ ലഭിക്കില്ലെന്നും അതിനാലാണ് ഒ.എസ് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്നും മെറ്റ വ്യക്തമാക്കി.
ആപ്പിളിന്റെ ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോൺ മോഡലുകളിലാണ് വാട്‌സ്‌ആപ് പ്രവർത്തന രഹിതമാകുക. ഈ ഐഫോണുകളിൽ വാട്സ്ആപ്പിന്റെറെ അപ്ഡേറ്റഡ് വേർഷൻ ഉപയാഗിക്കാനാവില്ലെന്നാണ് ഡബ്ല്യു.എ ബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഐ ഒ.എസ് 12 അല്ലെങ്കിൽ അതിന് ശേഷമുള്ള സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാണ്. അപ്ഡേഷൻ വരുന്നതോടെ പഴയവയിൽ പ്രവർത്തനം നിലയ്ക്കും.
നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ ഇപ്പോഴും പഴയ പതിപ്പിലാണെങ്കിൽ, ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്വെയർ പാച്ച് ഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ ഫോൺ മാറ്റുക എന്നതാണ് പോംവഴി. എന്തായാലും പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്കോ ഗൂഗിൾ ഡ്രൈവിലേക്കോ ബാക്കപ്പ് ചെയ്യാൻ ഓർക്കുക.