സ്പേസ്എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് 'റൂട്ടീൻ' ടെസ്റ്റിനിടെ പൊട്ടിത്തെറിച്ച് തീഗോളം; ആളപായമില്ല

പേസ്എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ടെക്സസിലെ കമ്പനിയുടെ പരീക്ഷണ കേന്ദ്രത്തിൽ പൊട്ടിത്തെറിച്ച് തീഗോളമായി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അടുത്ത സ്റ്റാർഷിപ്പ് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ നിർത്തിവച്ചു.

ഷിപ്പ് 36 സ്റ്റാറ്റിക് ഫയർ ടെസ്റ്റിനായി (static fire test) തയ്യാറെടുക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. റോക്കറ്റ് നിലത്ത് ഉറപ്പിച്ച് എൻജിനുകൾ പ്രവർത്തിപ്പിച്ച് നടത്തുന്ന നിർണായകമായ പരിശോധനയാണ് സ്റ്റാറ്റിക് ഫയർ ടെസ്റ്റ്. വിക്ഷേപണത്തിന് മുമ്പുള്ള അവസാനവട്ട സാങ്കേതിക പരിശോധനകൂടിയാണിത്.

റോക്കറ്റിന്റെ മുൻഭാഗം പൊട്ടിത്തെറിച്ച് തീഗോളമായി മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സ്പേസ്എക്സിന്റെ അടുത്ത വിക്ഷേപണത്തെക്കുറിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്.

പത്താമത് ഫ്ലൈറ്റ് ടെസ്റ്റിനായി തയ്യാറെടുക്കുന്ന സ്റ്റാർഷിപ്പിന് സ്റ്റാർബേസിലെ ടെസ്റ്റ് സ്റ്റാൻഡിൽ വെച്ച് വലിയ തകരാർ സംഭവിച്ചതായി സ്പേസ് എക്സ് എക്സിൽ (X) പോസ്റ്റ് ചെയ്തു.

അടുത്തുള്ള പ്രദേശങ്ങൾക്ക് ഭീഷണിയില്ലെന്നും പൊതുജനങ്ങൾ സംഭവസ്ഥലത്ത് നിന്ന് അകന്നുനിൽക്കണമെന്നും സ്പേസ്എക്സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിലയിരുത്തുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനും പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.

spacex starship explodes during test

Previous Post Next Post