റീചാർജ് ഇനി 30 ദിവസത്തേക്ക്; കലണ്ടർ പ്ലാനുകൾക്കായി ടെലികോം കമ്പനികൾക്ക് മേൽ ട്രായിയുടെ കർശന നിർദ്ദേശം




 ന്യൂഡൽഹി: മൊബൈൽ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസത്തിൽ നിന്നും 30 ദിവസത്തിലേക്കോ അല്ലെങ്കിൽ ഒരു കലണ്ടർ മാസത്തിലേക്കോ നീട്ടാൻ ടെലികോം കമ്പനികൾക്ക് മേൽ കേന്ദ്ര സർക്കാർ സമ്മർദ്ദം ശക്തമാക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) ഇത് സംബന്ധിച്ച നടപടികൾ കർശനമാക്കി. നിലവിൽ ഭൂരിഭാഗം കമ്പനികളും 28 ദിവസത്തെ പ്ലാനുകളാണ് നൽകുന്നത്. ഇത് ഉപയോക്താക്കൾക്ക് വർഷത്തിൽ ഒരു മാസത്തെ അധിക റീചാർജ് ബാധ്യത വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് നീക്കം.

നിലവിൽ ജിയോ, എയർടെൽ തുടങ്ങിയ പ്രമുഖ കമ്പനികൾ ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഭൂരിഭാഗം പേരും ആശ്രയിക്കുന്ന കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഇപ്പോഴും 28 ദിവസത്തെ കാലാവധിയിലാണ് തുടരുന്നത്. വാലിഡിറ്റി വർദ്ധിപ്പിക്കുന്നത് പ്ലാൻ നിരക്കുകൾ ഉയരാൻ കാരണമാകുമെന്നാണ് കമ്പനികളുടെ വാദം. എന്നാൽ ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകൾ ലഭ്യമാക്കണമെന്ന് ട്രായി നിർദ്ദേശിച്ചു.

ഇതോടൊപ്പം, റീചാർജ് കാലാവധി കഴിഞ്ഞാലും നിശ്ചിത കാലയളവ് വരെ ഇൻകമിംഗ് കോളുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇൻകമിംഗ് സേവനങ്ങൾക്ക് മാത്രമായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും ട്രായി പരിശോധിക്കുന്നുണ്ട്. നിലവിലെ നിയമപ്രകാരം ഒരു പ്രീപെയ്ഡ് കണക്ഷൻ റദ്ദാക്കണമെങ്കിൽ അത് തുടർച്ചയായി 90 ദിവസം ഉപയോഗിക്കാതിരിക്കണം. ട്രായിയുടെ പുതിയ ഇടപെടൽ സാധാരണക്കാരായ മൊബൈൽ ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Previous Post Next Post