സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ആവേശമായി ഇൻസ്റ്റഗ്രാമിന്റെ പുതിയ 'ഓഫ്‌ലൈൻ' ഫീച്ചർ. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സാഹചര്യങ്ങളിലും റീലുകൾ തടസ്സമില്ലാതെ കാണാൻ സഹായിക്കുന്ന സംവിധാനമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നത്. നെറ്റ്‌വർക്ക് പരിധിക്ക് പുറത്തോ ഡാറ്റ ലഭ്യമല്ലാത്ത ഇടങ്ങളിലോ റീലുകൾ ലോഡ് ചെയ്യാൻ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകും.
പുതിയ സംവിധാനം പ്രകാരം, വൈഫൈയോ മൊബൈൽ ഡാറ്റയോ ലഭ്യമായ സമയത്ത് റീലുകൾ സ്വമേധയാ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ താൽപ്പര്യാനുസരണം 10, 30, 50 എന്നിങ്ങനെ നിശ്ചിത എണ്ണം റീലുകൾ ഓഫ്‌ലൈൻ ഉപയോഗത്തിനായി തിരഞ്ഞെടുക്കാം. ആപ്പിലെ 'Manage Offline Downloads' എന്ന സെറ്റിങ്‌സ് വഴിയാണ് ഈ ഫീച്ചർ നിയന്ത്രിക്കേണ്ടത്. ഡൗൺലോഡുകൾ വൈഫൈ കണക്ഷനിൽ മാത്രം പരിമിതപ്പെടുത്താനുള്ള ഓപ്ഷനും ഇതിലുണ്ട്. ഡൗൺലോഡ് ചെയ്ത റീലുകൾ സാധാരണ ഫീഡിലോ അല്ലെങ്കിൽ പ്രത്യേകം സജ്ജീകരിച്ച വിഭാഗത്തിലോ കാണാനുള്ള സൗകര്യവും ഇൻസ്റ്റഗ്രാം ഒരുക്കുന്നുണ്ട്
