ന്യൂഡൽഹി: വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന വിപ്ലവകരമായ മാറ്റം വരുന്നു. ഓഡിയോ, വീഡിയോ കോളുകൾക്കിടയിലെ അനാവശ്യ പുറംശബ്ദങ്ങൾ (Background Noise) ഒഴിവാക്കി സംഭാഷണം കൂടുതൽ വ്യക്തമാക്കുന്ന 'വോയ്‌സ് ക്യാൻസലേഷൻ' ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആൻഡ്രോയിഡിലെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് (2.26.11.8) കണ്ടെത്തിയത്. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഉടൻ തന്നെ ഇത് എല്ലാ ഉപയോക്താക്കൾക്കുമായി പുറത്തിറക്കും.
എന്താണ് വോയ്‌സ് ക്യാൻസലേഷൻ?
വാഹനങ്ങളുടെ ഹോൺ ശബ്ദം, ജനക്കൂട്ടത്തിനിടയിലെ ബഹളം, കാറ്റ് തുടങ്ങിയ അനാവശ്യ ശബ്ദങ്ങൾ കോളുകൾക്കിടയിൽ തടസ്സമാകാറുണ്ട്. പുതിയ ഫീച്ചർ സജീവമാക്കുന്നതോടെ, സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം മാത്രം വേർതിരിച്ച് മറുവശത്തുള്ള ആൾക്ക് വ്യക്തമായി കേൾപ്പിക്കാൻ സാധിക്കും.
എങ്ങനെ പ്രവർത്തിക്കും?
പുറത്തുവന്ന സ്ക്രീൻഷോട്ടുകൾ പ്രകാരം, കോൾ ചെയ്യുന്ന സമയത്ത് സ്ക്രീൻ മുകളിലേക്ക് സ്ക്രോൾ ചെയ്താൽ വോയ്‌സ് ക്യാൻസലേഷൻ ഓപ്ഷൻ കാണാം. അവിടെയുള്ള ടോഗിൾ ബട്ടൺ ഓൺ ചെയ്യുന്നതിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം. നിലവിൽ തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്.
