ജിയോ പുതിയ വോയ്‌സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍ പ്രഖ്യാപിച്ചു

 


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ വോയ്‌സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഡേറ്റ ആവശ്യമില്ലാതെ വോയ്‌സ് കോളുകള്‍ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് 147 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ആറ് വ്യത്യസ്ത പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നാലെണ്ണം ചെറിയ കാലാവധിയുള്ള പ്ലാനുകളും രണ്ടെണ്ണം ദീര്‍ഘകാല കാലാവധി പ്ലാനുകളുമാണ്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി വോയ്‌സ് കോളുകളും പ്ലാനുകള്‍ അനുസരിച്ച് 300 മുതല്‍ 3,600 എസ്എംഎസുകളും ഇവയിലുണ്ട്.

147 രൂപ പ്ലാനില്‍ 22 ദിവസത്തെ കാലാവധിയും, 177 രൂപ പ്ലാനില്‍ 28 ദിവസത്തെ കാലാവധിയും, 196 രൂപ പ്ലാനില്‍ 30 ദിവസത്തെ കാലാവധിയും, 197 രൂപ പ്ലാനില്‍ ഒരു കലണ്ടര്‍ മാസത്തെ കാലാവധിയുമാണ് ലഭിക്കുന്നത്. ഇവയിലെല്ലാം അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും ലഭ്യമാണ്.

ഇവ കൂടാതെ, ദീര്‍ഘകാല കാലാവധിയുള്ള 448 രൂപയുടെയും (84 ദിവസം - അണ്‍ലിമിറ്റഡ് കോള്‍, 1000 എസ്എംഎസ്), 1,748 രൂപയുടെയും (336 ദിവസം - അണ്‍ലിമിറ്റഡ് കോള്‍, 3600 എസ്എംഎസ്) വോയ്‌സ് ഒണ്‍ലി പ്ലാനുകളും ജിയോയുടെ ലിസ്റ്റിലുണ്ട്. ദീര്‍ഘകാല പ്ലാനുകളില്‍ ജിയോ ടിവി, ജിയോ എഐ ക്ലൗഡ് സേവനങ്ങളും ലഭിക്കും.

ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍, മൊബൈല്‍ ഇന്റര്‍നെറ്റിന് പകരം വൈഫൈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍, സെക്കന്‍ഡറി സിം കാര്‍ഡ് കൈവശം വെക്കുന്നവര്‍ എന്നിവര്‍ക്ക് പുതിയ പ്ലാനുകള്‍ ഗുണം ചെയ്യും. ട്രായി നിര്‍ദേശത്തെ തുടര്‍ന്ന് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളും സമാനമായ പ്ലാനുകള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

 

Previous Post Next Post