ഡാറ്റ ഇല്ലാതെ വെറും കോളിങ്-എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കാൻ ട്രായ്; പുതിയ കരട് നിയമവുമായി ടെലികോം റെഗുലേറ്റർ


ഇന്റർനെറ്റ് സേവനങ്ങൾ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി കോളിങ്ങിനും എസ്എംഎസിനും മാത്രമായുള്ള താങ്ങാനാവുന്ന മൊബൈൽ റീചാർജ് പ്ലാനുകൾ പുറത്തിറക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). 'ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻ, 2026' എന്ന പുതിയ കരട് നിയമത്തിലാണ് റെഗുലേറ്റർ സുപ്രധാനമായ ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

നിലവിൽ ടെലികോം കമ്പനികൾ വാഗ്ദാനം ചെയ്യുന്ന മിക്ക പ്രത്യേക താരിഫ് വൗച്ചറുകളിലും (STV) അനാവശ്യമായി ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇതിനായി ഉപഭോക്താക്കൾ അധിക തുക നൽകേണ്ടി വരുന്നുണ്ടെന്നും ട്രായ് നിരീക്ഷിക്കുന്നു. ഡാറ്റ ഒഴിവാക്കുമ്പോൾ അതിനനുസരിച്ചുള്ള വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല എന്നത് ഈ നീക്കത്തിന് കാരണമായിട്ടുണ്ട്.

പുതിയ ഭേദഗതി പ്രകാരം, ഓരോ ടെലികോം കമ്പനിയും കോളിങ്ങിനും എസ്എംഎസിനും മാത്രമായി ചുരുങ്ങിയത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും അവതരിപ്പിക്കാൻ ബാധ്യസ്ഥരാണ്. ഡാറ്റ ഉൾപ്പെട്ട നിലവിലെ പ്ലാനുകൾക്ക് സമാനമായ വാലിഡിറ്റി കാലയളവിൽ, ഡാറ്റയില്ലാത്ത കോളിങ്-എസ്എംഎസ് പ്ലാനുകൾ കൂടി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് സേവനങ്ങളിലെ സുതാര്യത വർദ്ധിപ്പിക്കുമെന്നും, ആവശ്യമില്ലാത്ത ഡാറ്റാ സേവനങ്ങൾക്കായി പണം ചിലവാക്കുന്നത് ഒഴിവാക്കാൻ സാധാരണക്കാരായ ഉപഭോക്താക്കളെ സഹായിക്കുമെന്നും ട്രായ് വ്യക്തമാക്കി.

ഈ നിർദ്ദേശത്തിന്മേൽ പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ട്രായ് തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 28-നകം പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച അഭിപ്രായങ്ങൾ സമർപ്പിക്കാം.



Previous Post Next Post