പഠിക്കുന്ന കുട്ടികൾക്ക് ചെലവിനായി മാതാപിതാക്കൾ നൽകുന്ന പോക്കറ്റ് മണി ഇനി ഡിജിറ്റലായി നൽകാം. റിസർവ് ബാങ്കിന് കീഴിലുള്ള നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ അവതരിപ്പിച്ച 'യുപിഐ സർക്കിൾ' ഫീച്ചർ ഇപ്പോൾ ഗൂഗിൾ പേയിലും ലഭ്യമായിത്തുടങ്ങി. ആപ്പ് തുറക്കുമ്പോൾ തന്നെ കാണുന്ന 'പോക്കറ്റ് മണി' എന്ന ഓപ്ഷനെക്കുറിച്ച് വാട്സാപ്പിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് തട്ടിപ്പല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രാഥമിക ഉപയോക്താവിന്റെ അക്കൗണ്ട് വഴി പണമിടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. പ്രൈമറി യൂസർക്ക് അഞ്ച് സെക്കൻഡറി യൂസർമാരെ വരെ ഇതിൽ ഉൾപ്പെടുത്താം. രണ്ട് രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഫുൾ ഡെലിഗേഷൻ വഴി മാസം 15,000 രൂപ വരെ പരിധി നിശ്ചയിച്ച് നൽകാം. ഈ പരിധിക്കുള്ളിൽ സെക്കൻഡറി യൂസർക്ക് പ്രൈമറി യൂസറുടെ അനുവാദം കൂടാതെ ഇടപാടുകൾ നടത്താം. രണ്ടാമത്തെ രീതിയായ പാർഷ്യൽ ഡെലിഗേഷനിൽ സെക്കൻഡറി യൂസർ നടത്തുന്ന ഓരോ ഇടപാടിനും പ്രൈമറി യൂസറുടെ അംഗീകാരം ആവശ്യമാണ്.
സെക്കൻഡറി യൂസർ ഗൂഗിൾ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്തിരിക്കണം. ഗൂഗിൾ പേ ആപ്പിലെ പോക്കറ്റ് മണി സെക്ഷൻ വഴി ഇവരെ ഇൻവൈറ്റ് ചെയ്യാം. തുടർന്ന് പ്രതിമാസ പരിധിയോ ഓരോ പേയ്മെന്റിനും അനുവാദം വേണമെന്ന ക്രമീകരണമോ തിരഞ്ഞെടുക്കാം. സെക്കൻഡറി യൂസറുമായുള്ള ബന്ധം, ഗവൺമെന്റ് ഐഡി തുടങ്ങിയ വിവരങ്ങൾ നൽകി യുപിഐ പിൻ ഉപയോഗിച്ച് പ്രക്രിയ പൂർത്തിയാക്കാം. കുട്ടികൾക്കും ആശ്രിതർക്കും സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കാനും സുരക്ഷിതമായി ഡിജിറ്റൽ ഇടപാടുകൾ നടത്താനും ഈ സംവിധാനം ഏറെ ഗുണകരമാണ്.
