ന്യൂഡൽഹി: 2000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പേയ്‌മെന്റുകൾക്കും ബാങ്കുകളോ സിസ്റ്റം പ്രൊവൈഡർമാരോ ചാർജ് ഈടാക്കരുതെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് സർക്കാരിന്റെ വിശദീകരണം.
2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10എ പ്രകാരമാണ് കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയത്. 2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പണം അയക്കുന്നവരിൽ നിന്നോ സ്വീകരിക്കുന്നവരിൽ നിന്നോ അധിക തുക ഈടാക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വ്യക്തികൾ തമ്മിലുള്ള (P2P) യു.പി.ഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും.
അതേസമയം, 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് (P2M) ഭാവിയിൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ വിജ്ഞാപനമെന്ന ആശങ്ക വ്യാപാരികൾക്കിടയിൽ ഉയർന്നിട്ടുണ്ട്. 2020 മുതൽ ഒഴിവാക്കിയിരുന്ന എം.ഡി.ആർ ഉയർന്ന തുകയുടെ ഇടപാടുകൾക്ക് തിരികെ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. എന്നാൽ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിലെ ചാർജ്ജ് സംബന്ധിച്ച് നിലവിൽ വ്യക്തത വരുത്തിയിട്ടില്ല.
