ക്യാമറകൾ പോലീസിനു കുറ്റാന്വേഷണത്തിനു സഹായകമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷെ ഈ ക്യാമറ പരിശോധന പൊലീസിന്റെ ജോലിഭാരം കൂട്ടുകയാണെന്ന കാര്യം പലരും ചിന്തിക്കാത്ത കാര്യമാണ്!!
കുറ്റകൃത്യം നടന്നുവെന്നു കരുതുന്ന കാലയളവ്, ആഴ്ചകളും, മാസങ്ങളുമായി നീളുമ്പോൾ, നൂറുകണക്കിന് ക്യാമറകൾ, ദിവസങ്ങളോളം പരിശോധന നടത്തി, കുറ്റകൃത്യം കണ്ടുപിടിക്കുക എന്നത്, തികച്ചും ശ്രമകരമായ ജോലിയാണ്. വേഗത പരിധി ലംഘിച്ച് പോകുന്നവരെ കണ്ടെത്തുന്ന ക്യാമറകൾ മാത്രമാണ്, പൊലീസിനു ജോലി കുറച്ചെങ്കിലും എളുപ്പമാക്കുന്നത്.
കെൽട്രോണിന്‍റെ (Keltron) പോലീസിനു വേണ്ടി തയ്യാറക്കുന്നത് 235കോടി രൂപയുടെ ആത്യാധുനിക ട്രാഫിക്ക് ക്യാമറകളാണ്. ഇതിൽ 100 ക്യാമറകൾ കഴിഞ്ഞദിവസം സർക്കാരിന് കൈമാറിക്കഴിഞ്ഞു. ഇനിമുതല്‍ പൊലീസിനെയും എംവിഡിയെയും വെട്ടിച്ചാലും ക്യാമറ കണ്ണിനെ പറ്റിക്കാൻ കഴിയില്ല!
നിര്‍മ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിർമ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്.
വ്യക്തമായ ചിത്രങ്ങളോടെയായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്ക് നോട്ടീസ് ലഭിക്കുക.നിയമലംഘനങ്ങൾ കണ്ടെത്തിയാലുടൻ ചിത്രസഹിതം സന്ദേശം കൺട്രോൾ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകൾക്ക് നിയമ ലംഘന നോട്ടീസുകൾ നൽകുകയും ചെയ്യും.
വിവിധ തരം ട്രാഫിക് നിയമലംഘനങ്ങൾ ഈ ക്യാമറകള്‍ക്ക് വേർതിരിച്ചു കണ്ടെത്താനും സാധിക്കും. അതായത് ഹെൽമറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ അവ മാത്രം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെങ്കിൽ അതും വേര്‍തിരിച്ചറിയാം.
ഹെൽമറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തൻ ക്യാമറ കണ്ടുപിടിച്ചിരിക്കും.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, കൃത്യമായ നമ്പർപ്ലേറ്റ്, മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുക, ഇരുചക്രവാഹനത്തിൽ മൂന്നുപേരെ വച്ച് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാകും ആദ്യഘട്ടത്തിൽ കണ്ടെത്തുക. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ നിർമിതബുദ്ധി ക്യാമറകൾക്കു സാധിക്കും.
അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ വ്യാപകമായതോടെ ഇത്തരം ക്യാമറകൾക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകൾ സഹായകരമാകും.
സൗരോർജ്ജത്തിലാണ് ഈ ക്യാമറകള്‍ പ്രവർത്തിക്കുക. ക്യാമറയുള്ള പോസ്റ്റിൽ തന്നെ സോളാർ പാനലുമുണ്ടാകും. ട്രാഫിക് സിഗ്നലുകൾ, എൽഇഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവ ഉൾപ്പെടുന്നതാണ് നിരീക്ഷണ ക്യാമറകൾ. വയർലെസ് ക്യാമറകളായതിനാൽ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും.
ഗതാഗത നിയമലംഘനം തടയാനുള്ള പദ്ധതികളിൽ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സേഫ് കേരളാ പദ്ധതിക്കുവേണ്ടി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങളാണ് കെൽട്രോൺ സജ്ജമാക്കുന്നത്. ഇതില്‍ 700 ക്യാമറകളുടെ നിർമ്മാണം ഇപ്പോൾ കെൽട്രോണിൽ നടന്നുകൊണ്ടിരിക്കുന്നു.
നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 100 കാമറകളും സിഗ്നൽ ലംഘനം കണ്ടുപിടിക്കുന്ന 18 ക്യാമറകളും വേഗപരിധി ലംഘനം കണ്ടു പിടിക്കുന്ന നാലു ക്യാമറകളും ആണ് കഴിഞ്ഞ ദിവസം സർക്കാരിന് ആദ്യഘട്ടമായി കൈമാറിയത്. ഈ ക്യാമറകൾ അഞ്ച് വർഷത്തെ ഗ്യാരന്റിയിലാണ് നൽകുന്നത്. നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യാമറകളും അതിന്റെ ഫീൽഡ് യൂണിറ്റുകളുടെ അസംബ്ലിങ്ങും ഗുണപരിശോധനയും ഉറപ്പാക്കിയാണ് നൂറെണ്ണം മോട്ടോർ വാഹനവകുപ്പിനു കൈമാറിയത്.
.സേഫ് കേരള പദ്ധതിയിൽ 700 ക്യാമറ, സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകൾ, മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എന്നിവ ബിഒടി പദ്ധതി അടിസ്ഥാനത്തിലാണ് കെൽട്രോൺ നടപ്പാക്കുന്നത്.
ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഭവനിലെ കെട്ടിടത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമും എറണാകുളം, കോഴിക്കോട് ഒഴികെയുള്ള 12 ജില്ലകളിൽ ജില്ലാ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഈ സംവിധാനം നല്ലനിലയിൽ നടത്താനുള്ള എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കുന്നതും അഞ്ചു വർഷത്തെ പ്രവർത്തനച്ചുമതലയും പൂർണമായും കെൽട്രോണിനാണ്. ആസംബ്ലിങ്ങും ടെസ്റ്റിങ്ങും കെൽട്രോൺ മൺവിള യൂണിറ്റ് നടത്തും