ഡിഷ് ആന്റിനയിലൂടെ ഇന്റർനെറ്റ് !!



ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനും spaceX, Tesla  കമ്പനി ഉടമസ്ഥനുമായ സാക്ഷാൽ 'ഇലോൺ മസ്കി'ന്റെ സ്റ്റാർലിങ്ക്  ആമസോണിന്റെ കിയ്പർ ( Kuiper ) എയർടെലിന്റെ വൺവെബ്  (OneWeb) തുടങ്ങിയ വമ്പൻ കമ്പനികൾ ഉപഗ്രഹം വഴി ഇന്റർനെറ്റ് നൽകുന്ന സാറ്റ്കോം മേഖലയിൽ !!

ഇന്ത്യയിൽ നിന്നുള്ള മുൻകൂർ ഓർഡറുകൾ (Pre-Order) 5,000 കവിഞ്ഞതായും ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിനായി ഗ്രാമീണ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കമ്പനി സന്നദ്ധമാണെന്നും സ്റ്റാർലിങ്ക്  കമ്പനിയുടെയുടെ കൺട്രി ഡയറക്ടർ സഞ്ജയ് ഭാർഗവ, ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പ്രസ്താവിച്ചു.

2022 ഡിസംബറിൽ ഇന്ത്യയിൽ രണ്ട് ലക്ഷം ടെർമിനലുകൾ സജീവമാക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പരാമർശിച്ചു. സ്റ്റാർലിങ്ക്  ഒരു ഉപയോക്താവിന് $ 99 (ഏകദേശം 7,350 രൂപ) ഡെപ്പോസിറ്റ്" ഈടാക്കുന്നുണ്ട്, ബീറ്റ ഘട്ടത്തിൽ വേഗത 50 മുതൽ 150 മെഗാബൈറ്റ് വരെ പ്രതീക്ഷിക്കാം, ലഭ്യത റെഗുലേറ്ററി അംഗീകാരത്തിന് വിധേയമാണ്. ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന അടിസ്ഥാനത്തിൽ ഓർഡറുകൾ കൈകാര്യം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രസ്താവന. 

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു പൈലറ്റ് പ്രോഗ്രാമിന്  ഇന്ത്യയുടെ അനുമതി ലഭിക്കുമെന്ന്  ശുഭാപ്തി വിശ്വാസത്തിലാണ് സാറ്റലൈറ്റ് കമ്പനി . സ്റ്റാർലിങ്ക് ഇതുവരെ ഒരു ഔദ്യോഗിക റൂട്ടിലൂടെ ലൈസൻസിനായി അപേക്ഷിച്ചിട്ടില്ല. സർക്കാർ അനുമതി തേടുന്ന പ്രക്രിയ സങ്കീർണമാണ്. രാജ്യമാകെ ഒരുമിച്ച് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൈലറ്റ് പദ്ധതിയായി നിശ്ചിത സ്ഥലങ്ങളിൽ മാത്രം ആരംഭിക്കാനാണ് പദ്ധതി.

ഇതിൽ സ്റ്റാർലിങ്കും ആമസോണും കേന്ദ്രസർക്കാരുമായി അനൗദ്യോഗിക ആശയവിനിമയം നടത്തിയതായാണ് വിവരം. എന്നാൽ ഔദ്യോഗികമായ അപേക്ഷ ഇതുവരെ നൽകിയിട്ടില്ലെന്ന് സ്റ്റാർലിങ്ക് ഇന്ത്യ ഡയറക്ടർ സഞ്ജയ് ഭാർഗവ പറഞ്ഞു. ഇവയ്ക്ക് നിലവിലെ ഇന്റർനെറ്റ് സേവനദാതാക്കളുടേതുപോലെ സ്പെക്ട്രം ലേലം തുടങ്ങിയ നടപടികൾ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ സാറ്റലൈറ്റ് സ്പെക്ട്രത്തിന് ലോകത്തൊരിടത്തും ലേലമില്ലെന്നാണ് ഈ മേഖലയിലെ കമ്പനികളുടെ മറുപടി. 

ബ്രോ‍ഡ്ബാൻഡ് സേവനദാതാക്കളുടെ സംഘടനയായ ബ്രോ‍ഡ്ബാൻഡ് ഇന്ത്യ ഫോറം സ്പേസ് എക്സ് നീക്കത്തിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി, ഐഎസ്ആർഒ (ISRO) എന്നിവയ്ക്ക് കത്തെഴുതിയിരുന്നു. 

രാജ്യത്ത് ഇത്തരം സേവനങ്ങൾ നൽകാൻ സ്പേസ് എക്സിന് അനുമതിയില്ലെന്നായിരുന്നു വാദം. സ്റ്റാർ ലിങ്ക് സേവനങ്ങൾ നൽകുന്നതിനുള്ള ഉപഗ്രഹ ഫ്രീക്വൻസിക്ക് അംഗീകാരം ലഭിച്ചില്ലെന്നും ബ്രോഡ്ബാൻഡ് ഫോറം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ട്രായ് അടക്കമുള്ള സ്ഥാപനങ്ങൾ എടുക്കുന്ന നിലപാട് വളരെ പ്രധാനമാണ്.

എയർടെല്ലിനു പങ്കാളിത്തമുള്ള വൺവെബ്ബും ഇന്ത്യയിലെ പദ്ധതികൾ പ്രഖ്യാപിച്ചത് അടുത്താണ്. ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്സുമായി (Hughes) ചേർന്ന് ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ ഉപഗ്രഹ ബ്രോ‍ഡ്ബാൻഡ് എത്തിക്കുമെന്നാണ് വൺവെബ്ബിന്റെ പ്രഖ്യാപനം. 2022ൽ വൺവെബ് സജ്ജമാകും. 648 ഉപഗ്രഹങ്ങളാണ് വൺവെബ്ബിന്റെ ആദ്യഘട്ടത്തിലുണ്ടാവുക. സ്റ്റാർലിങ്ക് നിലവിൽ 1600 ഉപഗ്രങ്ങൾ വിന്യസിച്ചുകഴിഞ്ഞു.

Previous Post Next Post