"നഗ്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യും" എന്ന ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് സംരക്ഷണവുമായി മെറ്റാ ( ഫെയ്സ്ബുക്ക് )!!


റിവഞ്ച് പോൺ: "നഗ്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യും"  എന്ന ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് സംരക്ഷണവുമായി മെറ്റാ ( ഫെയ്സ്ബുക്ക് )!!

റിവഞ്ച് പോൺ - അതായത് ഒരാളോടുള്ള ശത്രുതയോ, വെറുപ്പോ കാരണം അപമാനിക്കാൻ വേണ്ടിയോ, അല്ലെങ്കിൽ പണത്തിനുവേണ്ടിയോ, ഒരാളുടെ നഗ്നഫോട്ടോകളോ, വീഡിയോകളോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തുക, അല്ലെങ്കിൽ ഭീഷണിയോ മുന്നറിയിപ്പോ ഇല്ലാതെ ഫയലുകൾ പുറത്തിറക്കുക.  അതുവഴി ഇരയെ മാനസീകമായോ/ ശാരീരികമായോ പീഡിപ്പിക്കുകയോ, ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.  ഇന്ന് ഇത് ലോകത്ത് വലിയൊരു വിപത്തായി മാറിയിരിക്കുന്നു.

പോലിസിൽ പരാതിപെട്ടാൽ ഇതിനൊക്കെ ചെറിയ ആശ്വാസം കിട്ടുമെങ്കിലും, ഇത്തരം ഫയലുകൾ സോഷ്യൽ മീഡിയ വഴി, നിമിഷങ്ങൾ കൊണ്ട് ദശലക്ഷകണക്കിനു ആളുകൾ ഷെയർ ചെയ്യപെടാം. ഈ അപമാനത്തിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാൻ, നിർമ്മിത ബുദ്ധിയുള്ള ( Artificial Intelligence ) കംപ്യൂട്ടർ അൽഗോരിതവുമായി 'മെറ്റ' എത്തിയിരിക്കുന്നു.

മെറ്റ ഇതിനായിstopncii.org എന്ന സ്വതന്ത്ര വെബ്‌സൈറ്റിനൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റോപ്പ് നോണ്‍ കണ്‍സെന്‍ഷ്വല്‍ ഇന്റിമേറ്റ് ഇമേജസ്  ( Non-Consensual Intimate Image -NCII ) എന്നാണ് വൈബ്‌സൈറ്റിന്റെ പേരിന്റെ പൂര്‍ണരൂപം. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് വെബ്‌സൈറ്റില്‍ പ്രവേശനം. ബ്രിട്ടന്‍ കേന്ദ്രമായ റിവഞ്ച് പോണ്‍ ഹെല്‍പ്‌ലൈനുമായി ചേര്‍ന്നാണ് മെറ്റയുടെ പുതിയ നീക്കം. ലോകത്തെമ്പാടുമുള്ള അമ്പതിലധികം സ്ഥാപനങ്ങളും മീഡിയ പ്ലാറ്റ്‌ഫോമുകളും ചേര്‍ന്നാണ് പ്രവര്‍ത്തനം.  

ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് സ്വയം മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വഴിയും  പരാതി നല്‍കാം.  പരാതി ലഭിച്ചാലുടന്‍ വെബ്‌സൈറ്റുമായി സഹകരിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന് നിർമ്മിത ബുദ്ധി ഉപയോഗിച്ച്, പ്രത്യേക ഹാഷിംഗ് അൽഗോരിതം വഴി പരിശോധിക്കും. തുടര്‍ന്ന് ചിത്രങ്ങള്‍ ആരെങ്കിലും അപ്ലോഡ് ചെയ്യുന്നത് തടയും, നിലവിൽ ഈ ഫയലുകൾ മീഡിയയിലുണ്ടോ എന്നും പരിശോധിച്ച് നീക്കം ചെയ്യപെടും.


 ഇത്തരം ഭീഷണി നേരിടുന്നവർ വെബ്‌സൈറ്റ് വഴി പങ്കാളി പ്രചരിപ്പിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങള്‍/ വീഡിയോ മുന്‍കൂട്ടി അപലോഡ് ചെയ്യണം. നടപടികള്‍ തുടരാന്‍ സമ്മതപത്രവും നല്‍കണം. ഇത് ഉപയോഗിച്ച് പ്രത്യേക ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റുകള്‍ ( ഹാഷുകള്‍ ) തയ്യാറാക്കും. ഈ ഹാഷുകളാണ് ഫേസ്ബുക്കിനും ട്വിറ്ററിനും ഇന്‍സ്റ്റഗ്രാമിനും ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് പങ്കുവെക്കപ്പെടുന്നത്. ഇര അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും കമ്പനികള്‍ക്ക് ലഭിക്കില്ല. പിന്നീട് ചിത്രങ്ങള്‍ ആരെങ്കിലും മനപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഈ ഫയലുകൾ പിന്നീട് ആരെങ്കിലും എഡിറ്റ് ചെയ്ത് വീണ്ടും  പോസ്റ്റ് ചെയ്തായി കണ്ടാൽ അതും പരാതി നൽകിയവർക്ക് അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. 

"അപ്ലോഡ് ചെയ്ത ഫയലുകളോട് സാദൃശ്യമുള്ളവ കണ്ടെത്തുന്നതിനായി സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക വിദ്യയാണ് ഹാഷ്. ചിത്രങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഹാഷ് ഉപയോഗിച്ച് ചിത്രങ്ങൾ തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇരയായ വ്യക്തി ഈ വിഷയത്തിൽ നിരന്തര പരിശോധന നടത്തുകയും മാറ്റങ്ങൾ വരുത്തിയ ചിത്രങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ ഉടൻ തന്നെ ഹാഷ് ആയി അപ്ലോഡ് ചെയ്യണം" മെറ്റ ഗ്ലോബൽ സേഫ്റ്റി പോളിസി ഡയറക്ടർ കരുണ നയൻ പറഞ്ഞു.

ഇരകള്‍ തന്നെ വെബ്‌സൈറ്റിന് സ്വന്തം സ്വകാര്യചിത്രം നല്‍കുന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അപ്‌ലോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തുമോയെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്ന് ചില സൈബര്‍ വിദഗ്ധരുടെ ആശങ്ക. വാട്‌സപ്പിലെ വീഡിയോ കോള്‍ മുതല്‍ ഉപയോഗിക്കുന്ന ഫോണില്‍ വരെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ടാകാം. എങ്കിലും ഇത്തവണ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മെറ്റ ഏര്‍പ്പെടുത്തുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്.


 

ഇത്തരത്തിൽ ഒരാളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികളെടുക്കാവുന്നതാണ്. വെബ്‌സൈറ്റുകളില്‍ നിന്ന് സ്വകാര്യ ദൃശ്യങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയേയും സമീപിക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലേയും വകുപ്പുകള്‍ ചുമത്തിയാണ് ഇത്തരം പരാതികളില്‍ കേസെടുക്കുന്നത്. കുട്ടികളുടെ ദൃശ്യങ്ങളാണെങ്കില്‍ പോക്‌സോ വകുപ്പും ചുമത്തും. 

മെറ്റയുടെ വുമണ്‍ സേഫ്റ്റി ഹബ്  സജീവമായി രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. റിവഞ്ച് പോണ്‍ തടയുന്നതിനൊപ്പം മലയാളം ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലായി വുമണ്‍ സേഫ്റ്റി ഹബും മെറ്റ പുറത്തിറക്കിയിട്ടുണ്ട്. ഭാഷാ തടസങ്ങള്‍ മറികടന്ന് സ്ത്രീകളുടെ സമൂഹമാധ്യമ ഉപയോഗത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണ് പ്രഖ്യാപനം.


 

Previous Post Next Post