വിമാനത്തേക്കാളും വേഗത്തില്‍ പായുന്ന ട്രെയിന്‍ സമാന സംവിധാനമായ ഹൈപ്പര്‍ ലൂപ്പിനേക്കുറിച്ച് നമ്മള്‍ കേട്ടു തുടങ്ങിയിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ.
വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തോളമോ അതിലേറെയോ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. പതിനൊന്നടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനത്തിന് സഞ്ചരിക്കാനാകും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയുള്ള യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.
സാധാരണ യാത്രാവിമാനമായ ബോയിങ് 747 ന്റെ ശരാശരി വേഗത മണിക്കൂറിൽ 920 കിലോമീറ്ററാണ്. അങ്ങനെവരുമ്പോൾ യാത്രാവിമാനത്തേക്കാൾ വേഗതയിൽ കുറച്ചുകൂടി സുരക്ഷിതമായുള്ള യാത്രയെന്ന് ഹൈപ്പർലൂപ്പിന് അവകാശപ്പെടാം. വിമാനത്തിന് വേണ്ട ടേയ്ക്ക് ഓഫ്, ലാൻഡിങ് സമയവും ഇവിടെ ലാഭിക്കാം.
ഹൈപ്പർ ലൂപ്പ് പുതിയ കണ്ടുപിടിത്തമാണോ?
തീർച്ചയായും, അല്ല!! ട്യൂബുകളിലൂടെ താഴ്ന്ന മർദ്ദം ഉപയോഗിച്ചുള്ള യാത്രാ സംവിധാനം എന്ന ആശയം പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ട്.
1799-ൽ ജോർജ്ജ് മെഡ്ഹർസ്റ്റ്
( George Medhurst ) വായു മർദ്ദം ഉപയോഗിച്ച് കാസ്റ്റ്-ഇരുമ്പ് പൈപ്പുകളിലൂടെ ചരക്ക് നീക്കാനുള്ള ഒരു ആശയം മുന്നോട്ടുവച്ചു. 1844-ൽ അദ്ദേഹം ലണ്ടനിൽ ഒരു റെയിൽവേ സ്റ്റേഷൻ (പാസഞ്ചർ വണ്ടികൾക്കായി) നിർമ്മിച്ചു, അത് 1847 വരെ ആശ്രയിച്ചിരുന്നു.
1910-ൽ, അമേരിക്കൻ റോക്കറ്റ് പയനിയർ റോബർട്ട് ഗോഡ്ഡാർഡ്
(Robert Goddard ) ബോസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് വെറും 12 മിനിറ്റിനുള്ളിൽ പോകുന്ന ഒരു ട്രെയിൻ രൂപകൽപ്പന ചെയ്തു. ഇത് ഒരിക്കലും നിർമ്മിച്ചിട്ടില്ലെങ്കിലും, ഒരു വാക്വം-സീൽഡ് ടണലിനുള്ളിൽ കാന്തങ്ങളിൽ പൊങ്ങിക്കിടക്കുന്നതായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോബർട്ട് ഗോഡ്ഡാർഡ് വികസിപ്പിച്ചെടുത്ത 'വാക്ട്രെയിൻ' സങ്കൽപ്പത്തെയാണ് ഹൈപ്പർലൂപ്പിന്‍റെ മുൻഗാമിയെന്ന് വിശേഷിപ്പിക്കാൻ കഴിയുക.
അതിനുശേഷം, സമാനമായ നിരവധി ആശയങ്ങൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. എന്നാൽ 2013ൽ സ്‌പേസ് എക്‌സ്, ടെസ്‌ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ ഇലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്.
വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിര്‍മ്മാണ ചെലവും ഉയര്‍ന്ന അതിവ സുരക്ഷയും ഉൾപ്പെടെയുള്ള പ്രത്യേകതകളോടെയായിരുന്നു ഇലോൺ ഹൈപ്പര്‍ലൂപ്പ് പദ്ധതി ആവിഷ്കരിച്ചത്.
ട്രെയിൻ യാത്രയേക്കാളും കാർ യാത്രയേക്കാളും വേഗം കുറഞ്ഞതും വിമാനയാത്രയേക്കാൾ വായുമലിനീകരണം കുറഞ്ഞതുമാണ് ഹൈപ്പർലൂപ്പ് എന്നാണ് പദ്ധതിയെ പിന്തുണക്കുന്നവർ ഉയർത്തിക്കാട്ടുന്നത്. പരമ്പരാഗത റെയിൽ നിർമ്മാണത്തേക്കാൾ വേഗത്തിൽ പൂർത്തീകരിക്കാവുന്നതും ചെലവ് കുറഞ്ഞതുമാണ് ഇതിന്‍റെ നിർമ്മാണമെന്നാണ് വിലയിരുത്തപ്പെടുന്നതും. അതുകൊണ്ട് തന്നെ നഗരങ്ങൾക്കിടയിലുള്ള യാത്ര വേഗത്തിലും സുരക്ഷിതമായ രീതിയിലും ഹൈപ്പർലൂപ്പിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹൈപ്പർലൂപ്പ് സംവിധാനങ്ങൾ യാത്രക്കാരെ മാത്രമല്ല, ചരക്ക് നീക്കത്തിനും ഫലഫ്രദമാകുന്നതാണ്. മുൻഗണനയുള്ളതും അവശ്യവിഭാഗങ്ങളിൽപ്പെടുന്നതുമായ സാധനങ്ങൾ കാലതാമസമില്ലാതെ എത്തിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാർക്ക് പുറമെ പല മേഖലയ്ക്കും ഇതിന്‍റെ ഗുണം ലഭിക്കുകയും ചെയ്യും.
പൂർണമായും സജ്ജമാക്കിയ ഹൈപ്പർ ലൂപ്പ് ഇപ്പോൾ ലോകത്തെവിടെയും ഇല്ല. പണി നടന്നുകൊണ്ടിരിക്കുന്ന ഹൈപ്പർ ലൂപ്പ് പദ്ധതികൾ പലതും കോവിഡിൽ തട്ടി തടഞ്ഞു നീങ്ങുന്നു.
• അമേരിക്കയിലെ ഹൈപ്പർ ലൂപ്പ്
അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലെത്താന്നുള്ള 610 കിലോമീറ്ററിന് വെറും 30 മിനുറ്റ് മതിയാകും. അതായത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ നമുക്ക് ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരാനാകും
• യൂഏഇയിലെ ഹൈപ്പർ ലൂപ്പ്
ദുബായ്-അബുദാബി
അബുദാബിയിൽ നിന്നും ദുബായിലെത്താൻ ഏകദേശം 150 കിലോമീറ്ററിലധികം ദൂരമുണ്ട്. നിലവിലെ റോഡിലെ തിരക്കിനിടയിൽ ദുബായിലെത്താൻ ഒന്നര മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് കണക്കുകൾ. എന്നാൽ ഹൈപ്പർ ലൂപ്പ് പണി പൂർത്തിയായാൽ അബുദാബിയിൽ നിന്നും ദുബായിലെത്താൻ 10 മിനിറ്റിൽ താഴെ മതിയാകുമെന്നാണ് കണക്കാക്കുന്നത്.
• സൗദിയിലെ ഹൈപ്പർ ലൂപ്പ്
സൗദിയിൽ റിയാദിൽ നിന്ന് ജിദ്ദയിലേക്കാണ് ഹൈപ്പർലൂപ്പ് പരിഗണിക്കുന്നത്. അതിവേഗ സംവിധാനം സാധ്യമായാൽ 46 മിനിറ്റു കൊണ്ട് ഇരുനഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യാനാകും. ഇപ്പോൾ വിമാനത്തിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താലേ റിയാദിൽ നിന്ന് ജിദ്ദയിലെത്താനാകൂ. 2020 ഫെബ്രുവരിയിലാണ് സൗദി ഗതാഗത മന്ത്രാലയം വിർജിൻ ഹൈപ്പർലൂപ്പുമായി കരാര്‍ ഒപ്പുവച്ചത്.
ഇന്ത്യയിൽ ഹൈപ്പർ ലൂപ്പ് വരുമോ?
വ്യാവസായികാടിസ്ഥാനത്തിൽ ഹൈപ്പർലൂപ്പ് നിർമ്മിക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച ഹൈപ്പർലൂപ്പ് ഗ്ലോബൽ ചലഞ്ചിന് വലിയ സ്വീകരണമാണ് ലോകമെങ്ങും ലഭിച്ചത്. 90 രാജ്യങ്ങളിൽ നിന്ന് 2600 എൻട്രികൾ ലഭിച്ചു. അതിൽ നിന്നാണ് 35 എണ്ണം തിരഞ്ഞെടുത്തത്. AECOM, LUX Hyperloop Network, Dinclix GroundWorks, Hyperloop India, Infi-Alpha എന്നീ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങളാണ് അവ.
• ബെംഗലുരുവിൽ നിന്നും ചെന്നൈവരെ 20 മിനുട്ടുകൊണ്ട് (334 km) യാത്രചെയ്യാവുന്ന പാതയാണ് ഇൻഫി ആൽഫയും എഇകോമും നിർദ്ദേശിച്ചത്.
• ബംഗലുരു മുതൽ തിരുവനന്തപുരം വരെ 41 മിനുട്ടുകൊണ്ട് (736km) എത്താവുന്ന പാതയാണ് ലക്സ് ഹൈപ്പർലൂപ്പ് നെറ്റ്വർക്ക് സമർപ്പിച്ച നിർദ്ദേശത്തിലുള്ളത്.
• 55 മിനുട്ടുകൊണ്ട് ജയ്പുർ വഴിയുള്ള ഡൽഹി -മുംബൈ പാതയാണ് (1317km) ഡിൻക്ലിക്സ് ഗ്രൗണ്ട് നെറ്റ്വർക്ക് സമർപ്പിച്ചത്.
• മുംബൈയിൽ നിന്നും 50 മിനുട്ടുകൊണ്ട് ബെംഗലുരു വഴി ചെന്നൈയിലേക്കുള്ള പാതയാണ് (1102km) ഹൈപ്പർലൂപ്പ് ഇന്ത്യ സമർപ്പിച്ചത്.
ഇന്ത്യയിൽ പൂനയ്ക്കും നവി മുംബൈയ്ക്കും ഇടയിലാണ് ഹൈപ്പർലൂപ്പ് സംവിധാനം പ്രഖ്യാപിച്ചിട്ടുള്ളത്. പിന്നീട് പദ്ധതി ഉപേക്ഷിച്ചു.
ബംഗളൂരു വിമാനത്താവളത്തിൽ ഹൈപ്പർലൂപ്പിന്റെ സാധ്യതയെ കുറിച്ച് പഠനം നടക്കുന്നുണ്ട്. 2019 നവംബറിൽ പഞ്ചാബ് സർക്കാർ വിർജിൻ ഹൈപ്പർലൂപ്പുമായി കരാർ ഒപ്പിട്ടിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പദ്ധതിക്ക് കറൊറൊപ്പിട്ടത് ആന്ധ്രാപ്രദേശിൽ വിജയവാഡ-അമരാവതി റൂട്ടിലാണ്
ഒരു മണിക്കൂർ യാത്രദൈർഘ്യമുള്ള ഈ റൂട്ടിൽ ഹൈപ്പർലൂപ്പ് വരുന്നതോടെ യാത്രാസമയം അഞ്ച് മിനിറ്റായി കുറയും.
ഹൈപ്പർലൂപ്പ് വൺ എന്ന സ്ഥാപനമാണ് ഈ മേഖലയിൽ ഏറെ സജീവമായി രംഗത്തുള്ളത്. ഹൈപ്പർലൂപ്പ് ടെക്നോളജീസിന്റെ പുതിയ പേരാണ് ഹൈപ്പർലൂപ്പ് വൺ.
ഹൈപ്പര്‍ലൂപ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 2500 ല്‍ ഏറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ആദ്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള സ്വകാര്യ നിക്ഷേപകരില്‍ നിന്നുമാണ് പദ്ധതിയ്ക്കായുള്ള പണം സ്വരൂപിക്കുക. വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച പദ്ധതിയുമായി ഹൈപ്പര്‍ ലൂപ്പ് ഇന്ത്യ അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായും പദ്ധതി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.