TECH Malayalam | Latest News Updates From Technology In Malayalam

മനസ്സിൽ വിചാരിച്ചാൽ മാനത്തല്ല കംപ്യൂട്ടർ സ്ക്രീനിൽ കാണാം!! തലയ്ക്കുള്ളിൽ കംപ്യൂട്ടർ ചിപ്പ് ഘടിപ്പിക്കപെട്ട ഓസ്ട്രേലിയക്കാരൻ ഫിലിപ് ഒകീഫെയെ പറ്റി അറിയേണ്ടേ?? !!

മനസ്സിൽ വിചാരിച്ചാൽ മാനത്തല്ല  കംപ്യൂട്ടർ സ്ക്രീനിൽ കാണാം!!

തലയ്ക്കുള്ളിൽ കംപ്യൂട്ടർ ചിപ്പ് ഘടിപ്പിക്കപെട്ട ഓസ്ട്രേലിയക്കാരൻ ഫിലിപ് ഒകീഫെയെ പറ്റി അറിയേണ്ടേ?? !!



നിങ്ങളുടെ ചിന്തകളും, സ്വപ്നങ്ങളും കംപ്യൂട്ടറിൽ അക്ഷരങ്ങളാക്കി മാറ്റാനാകുമോ? മനസ്സിൽ വിചാരിച്ചാൽ മാനത്ത് കാണുക എന്ന ചൊല്ലിൽ 'കംപ്യൂട്ടർ സ്ക്രീനിൽ കാണുക' എന്ന തരത്തിൽ ചെറിയ മാറ്റം  വരുത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ!! 
 
സ്റ്റീഫൻ ഹോക്കിങ് 
എന്ന വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനെ അറിയാത്തവരില്ല. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ്  ( Amyotrophic Lateral Sclerosis – ALS / മോട്ടോർ ന്യൂറോൺ രോഗം MND ) എന്ന രോഗബാധിതനായിരുന്ന അദ്ദേഹം മുഖത്തെ പേശി ചലനം വഴി ( അതിനുമുമ്പ് വിരലുകൾ വഴി ) കംപ്യൂട്ടറിൽ അക്ഷരങ്ങൾ തെരഞ്ഞെടുത്ത് പ്രഭാഷണം നടത്തിയതും, അത്  വഴി അനവധി ശാസ്ത്ര പുസ്തകങ്ങൾ ഇറങ്ങിയതും നമ്മുക്കറിയാം.  ഇന്റൽ ( Intel ) കമ്പനിയൊരുക്കിയ നിർമ്മിത ബുദ്ധിയുള്ള ( Artificial Intelligence- AI ) സംവിധാനങ്ങളാണ് അദ്ദേഹത്തെ സഹായിച്ചത്. ഇപ്പോൾ ശാസ്ത്രലോകം അതിൽ നിന്നും ഏറെ മുന്നേറി തലച്ചോറിലെ ചിന്താഗതികളെ കമ്പ്യൂട്ടറിൽ അക്ഷരങ്ങളായി കാണിക്കാനുള്ള സംവിധാനമാണ് വികസിപ്പിച്ചെടുത്തത്!!!.



ശരീരത്തെ തളര്‍ത്തുന്ന എ എൽ എസ് എന്ന രോഗം ബാധിച്ച 
62 കാരനായ ഫിലിപ് ഒകീഫെ ( Philip O'Keefe )
തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പിന്റെ സഹായത്തില്‍ സ്റ്റെൻട്രോഡ് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് - -ബിസിഐ ( Stentrode brain computer interface -BCI ) വഴി
ചിന്തകളെ നേരിട്ട് ട്വീറ്റു ചെയ്ത്
ലോകത്തെ  ആശ്ചര്യപെടുത്തുകയാണ്.

ന്യൂറോടെക് സ്റ്റാര്‍ട്ടപ്പായ സിന്‍ക്രോണ്‍ ( Synchron ) ആണ് ഫിലിപ് ഒകീഫെയെ ചിന്തകള്‍ ട്വീറ്റാക്കി മാറ്റാന്‍ സഹായിച്ചത്.
'കീബോര്‍ഡോ ശബ്ദമോ ഇനി വേണമെന്നില്ല. ഈയൊരു ട്വീറ്റ് ഞാന്‍ ഉണ്ടാക്കിയത് ചിന്തിച്ചുകൊണ്ട് മാത്രമാണ്' എന്നര്‍ഥം വരുന്ന ട്വീറ്റ് സിന്‍ക്രോണ്‍ സിഇഒ തോമസ് ഓക്‌സ്‌ലിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ 23നായിരുന്നു ഈ ട്വീറ്റ് വന്നത്. വൈകാതെ ഇതെന്താണെന്ന് വ്യക്തമാക്കുന്ന വിശദീകരണങ്ങളും തോമസ് ഓക്‌സ്‌ലി നല്‍കി.

2020 ഏപ്രിലിലാണ് ഓസ്‌ട്രേലിയക്കാരനായ ഒകീഫെയുടെ തലച്ചോറില്‍ ഈ ചിപ്പ് ഘടിപ്പിച്ചത്. സ്വതന്ത്രമായി തീരുമാനമെടുത്ത് ഒരു കാര്യം പോലും ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്ത നിലയിലുള്ളപ്പോഴാണ് ഒകീഫെയുടെ തലച്ചോറില്‍ ഈ ചിപ്പ് വച്ചത്. 

ജുഗുലാര്‍ ഞരമ്പുകള്‍ ( Jugular Vein   ) വഴിയാണ് ഈ ചിപ്പ് തലച്ചോറിലേക്കെത്തിച്ചത്. അതുകൊണ്ട് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ പറ്റി. വൈകാതെ ഒകീഫെക്ക് വേണ്ടപ്പെട്ടവരുമായി ഇമെയില്‍ സന്ദേശങ്ങള്‍ അയക്കാനും ലളിതമായ കംപ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കാനും സാധിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതായിരുന്നു. സ്വന്തമായി ഒന്നും ചെയ്യാനാവാത്തയാള്‍ എന്ന നിലയില്‍ നിന്നും വ്യക്തമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് ഒകീഫെയുടെ ജീവിതം മാറി. 

ഈയൊരു സാങ്കേതികവിദ്യയെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ തന്നെ അത് തനിക്ക് എത്രത്തോളം സ്വാതന്ത്ര്യം ജീവിതത്തില്‍ നല്‍കുമെന്നായിരുന്നു ചിന്തിച്ചതെന്നാണ് പിന്നീട് ഒകീഫെ പ്രതികരിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതിനോടാണ് അദ്ദേഹം ബ്രയിന്‍ ചിപ് വഴിയുള്ള സംവേദനത്തെ വിശേഷിപ്പിച്ചത്. ഒരിക്കല്‍ പഠിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും സ്വാഭാവികമായി അത് മാറുമെന്നും ഒകീഫെ പറയുന്നു. തലച്ചോറില്‍ ഘടിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ഒകീഫെയുടെ ചിന്തകള്‍ ബിസിഐ വഴി പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു.

Post a Comment

Previous Post Next Post