നിർമ്മിത ബുദ്ധിയുള്ള കൃത്രിമ ഗർഭപാത്രവുമായി (AI Nanny) ചൈന!! 9 മാസം കഷ്ടപ്പെട്ട് പ്രസവിക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് മോചനം കിട്ടുമോ?

പ്രസവിക്കാൻ പറ്റാത്ത സ്ത്രീകൾക്ക് വേണ്ടി, പ്രസവിച്ചുകൊടുക്കുന്ന വാടക അമ്മ / ഗർഭപാത്രം (Surrogate Mother) ഏറെകാലമായി ലോകത്ത് നിലവിലുള്ള സംവിധാനമാണ്. അന്യന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു, പ്രസവിച്ചു കഴിഞ്ഞു, കുഞ്ഞിനെ തിരികെ കൊടുക്കുമ്പോൾ, 'വാടക അമ്മ'യ്ക്കുള്ള  വൈകാരിക മാനസിക പ്രശ്നങ്ങൾ എത്രയോ സിനിമകളിലും, പത്രവാർത്തകളിലും നാം കണ്ടിരിക്കുന്നു.



എന്നാൽ ചൈനയിൽ നിന്നൊരു അൽഭുത വാർത്ത വന്നിരിക്കുന്നു. നിർമ്മിത ബുദ്ധിയുള്ള ഗർഭപാത്രവും അതിലെ ഭൂണത്തിനെ പരിപാലിക്കാനുള്ള സംവിധാനവുമാണ് ചൈന വികസിപ്പിക്കുന്നത്. ലോങ് ടേം എംബ്രയോ കള്‍ച്ചര്‍ ഡിവൈസ്

(Long-Term Embryo Culture Device)

 എന്നാണ് ഈ കൃത്രിമ ഗര്‍ഭപാത്രത്തിന്റെ പേര്.


കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളര്‍ച്ച നിരീക്ഷിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ശേഷിയുള്ള നിര്‍മിത ബുദ്ധി സംവിധാനമാണിത്. 


ജിയാങ്‌സു പ്രവിശ്യയിലെ(eastern Jiangsu province) സുസൗവില്‍ (Suzhou) നിന്നുള്ള ചൈനീസ് ശാസ്ത്രജ്ഞരാണ് കൃത്രിമ ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെ നോക്കാന്‍ നിര്‍മിത ബുദ്ധിയെ പരീക്ഷിച്ചത്. 


 നിലവില്‍ കൃത്രിമ സാഹചര്യത്തില്‍ വളരുന്ന മൃഗങ്ങളുടെ ഭ്രൂണങ്ങളെയാണ് ഇപ്പോള്‍ നിര്‍മിത ബുദ്ധി നോക്കുന്നത്.

മൃഗങ്ങളുടെ ഭ്രൂണങ്ങളെ പരിപാലിക്കുന്ന എഐ തന്നെ മനുഷ്യ കുഞ്ഞുങ്ങളുടെ ഗര്‍ഭകാല പരിചരണത്തിനും ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.


 സാങ്കേതികവിദ്യയുടെ സഹായത്തില്‍ ഒൻപത് മാസം കുഞ്ഞിനെ വയറ്റില്‍ ചുമന്നു നടക്കാതെ തന്നെ സുരക്ഷിതമായ സുഖപ്രസവം സാധ്യമാണെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. 


വ്യത്യസ്ത അറകളില്‍ വ്യത്യസ്ത ഭ്രൂണങ്ങളെ വഹിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടാകും. തുടക്കത്തില്‍ ഓരോ ഭ്രൂണത്തിന്റേയും ഗര്‍ഭസ്ഥ ശിശുവിലേക്കുള്ള വളര്‍ച്ചയെ സൂഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഈ ജോലിയാണ് നിര്‍മിത ബുദ്ധി ഏറ്റെടുത്തിരിക്കുന്നത്. ഓക്‌സിജന്‍ വിതരണം, പോഷകങ്ങളുടെ ലഭ്യത തുടങ്ങി ഭ്രൂണത്തിന് വളരാന്‍ ആവശ്യമായ ഓരോ വിവരങ്ങളും പരിശോധിച്ച് അനുകൂലമായ സാഹചര്യം ഉറപ്പുവരുത്താന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കും.


ഏതെങ്കിലും അപ്രതീക്ഷിത കാരണങ്ങളാല്‍ ഭ്രൂണത്തിന്റെ വളര്‍ച്ച നിലക്കുകയോ ഭ്രൂണം നശിച്ചുപോവുകയോ ചെയ്താല്‍ എത്രയും വേഗത്തില്‍ ചുമതലപ്പെട്ടവരെ അറിയിക്കാനും നിശ്ചിത ഭ്രൂണം നീക്കം ചെയ്യാനും നിര്‍മിതബുദ്ധി വഴി സാധിക്കും. 


ആരെയും അദ്ഭുതപ്പെടുത്തുന്ന ഈ ചൈനീസ് സാങ്കേതികവിദ്യ ഇനിയും വികസിക്കേണ്ടതുണ്ട്. ഇതിന്റെ പ്രധാന വെല്ലുവിളികളിലൊന്ന് രാജ്യാന്തര നിയമങ്ങള്‍ ഇത്തരത്തിലുള്ള മനുഷ്യ ഭ്രൂണത്തിന്റെ പരീക്ഷണങ്ങളേയും കൃത്രിമ സാഹചര്യത്തില്‍ വളര്‍ത്തിയെടുക്കുന്നതിനേയും അനുകൂലിക്കുന്നില്ലെന്നതെന്നതാണ്. പക്ഷേ ചൈന ഇത്തരം നിയമങ്ങൾ കാര്യമാകുന്ന ഒരു രാജ്യവുമല്ല

Previous Post Next Post