BLDC ഫാനുകളെ പറ്റി അറിയേണ്ടതെല്ലാം!!

 

 

വീടുകളിൽ  കൂടുതൽ സമയം പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങൾ ബൾബുകളും ഫാനുകളുമാണ്.

 

എൽ ഇ ഡി (LED) ബൾബുകളുടെ വരവോടെ ആ വകയിൽ ഉള്ള കറന്റ് ചെലവ്  കുറഞ്ഞിട്ടുണ്ട്. അപ്പോഴും ഏറ്റവും കൂടൂതൽ നേരം ഉപയോഗിക്കുന്ന ഉപകരണമായ‌ ഫാനിന്റെ കാര്യത്തിൽ മാത്രം നമ്മൾ മാറി ചിന്തിക്കാൻ തുടങ്ങിയിട്ടില്ല. ഒരു ദിവസം ശരാശരി ഒരു സീലിംഗ് ഫാൻ 12 മണിക്കൂർ എങ്കിലും കുറഞ്ഞത് ഒരു വീട്ടിൽ വർക്ക് ചെയ്യുന്നുണ്ട്. 


75 മുതൽ 80 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഒരു സീലിംഗ് ഫാൻ പ്രതിദിനം ഏകദേശം ഏറ്റവും കുറഞ്ഞത് 1 യൂണിറ്റ് വൈദ്യുതി എങ്കിലും ഉപയോഗിക്കുന്നുണ്ടാകും. വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതും ഫാനുകൾ തന്നെയാണ്‌. 


ഇതിനൊരു പരിഹാരമാണ് ‌ BLDC ഫാനുകൾ അഥവാ ബ്രഷ്‌ലെസ് ഡിസി ഇലക്ട്രിക് മോട്ടോർ ( Brushless DC electric motor )


സാധാരണ ഇൻഡക്ഷൻ മോട്ടോർ ഉപയോഗിക്കുന്ന സീലിംഗ് ഫാനുകളിൽ നിന്നും വ്യത്യസ്തമായി ഡി സി ഉപയോഗിക്കുന്ന ബ്രഷ് ലസ് ഫാനുകൾ എൽ ഇ ഡി ബൾബുകളെപ്പോലെത്തന്നെ ഊർജ്ജക്ഷമതയുടെ പര്യായായ പദമായി മാറി. 


 • 2500 രൂപ മുതൽ മുകളിലേക്ക് വിവിധ കമ്പനികളുടേതായി BLDC ഫാനുകൾ ലഭ്യമാണ്‌. 


• സാധാരണ സീലിംഗ് ഫാനുകൾ 75-80 വാട്ട് ഉപയോഗിക്കുമ്പോൾ ഇത്തരം ഫാനുകൾ അതിന്റെ പകുതി ഊർജ്ജം മാത്രം ഉപയോഗിച്ച് അതേ അളവിലുള്ള കാറ്റ് നൽകുന്നു.  


• BLDC ഫാനുകൾ 25 മുതൽ 35 വാട്ട് വരെയേ പരമാവധി ഉപയോഗിക്കൂ.



ഫാൻ പൊതുവിൽ കുറച്ച് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഒരു വൈദ്യുത ഉപകരണമാണ് എന്ന നമ്മുടെ ചിന്ത ശരിയല്ല!. 


പോരായ്മകൾ!! പോരായ്മകൾ!!

സാധാരണ ഫാനുകളിൽ ഉപയോഗിക്കുന്നത് സിംഗിൾ ഫേസ് ഇൻഡക്ഷൻ മോട്ടറാണ്. ഡിസൈൻ ചെലവും നിർമ്മാണച്ചെലവും വളരെ കുറഞ്ഞ ഇത്തരം ഫാനുകൾ വർഷങ്ങളായി വിപണിയിലുള്ളതും മികച്ച ഡിസൈൻ, മെറ്റീരിയലുകൾ, നിർമ്മാണരീതികൾ, ഊർജ്ജക്ഷമത എന്നീ കാര്യത്തിൽ അതിന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. ഇനിയും മെച്ചപ്പെട്ട ഊർജ്ജക്ഷമത ഇത്തരം ഫാനിൽ നിന്നും നേടാനാവില്ല.


ഇൻഡക്ഷൻ മോട്ടോറുകളുടെ ഏറ്റവും വലിയ പരിമിതി, ഒരു നിശ്ചിത വോൾട്ടേജിലും ആവൃത്തിയിലും അവയുടെ വേഗം പൂജ്യം മുതൽ മാക്സിമം വരെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ ആവില്ല എന്നതാണ്. അതായത് നാം സാധാരണ ഉപയോഗിക്കുന്ന സീലിംഗ് ഫാനുകളുടെ സ്പീഡ് 50 RPM മുതൽ 350 RPM വരെ (നാലോ അഞ്ചോ സെറ്റിംഗുകളിൽ) ആവാം. ഈ സ്പീഡ് നിയന്ത്രിക്കുന്നതിന് നാം ഒരു 'റെഗുലേറ്റർ' ആണ് ഉപയോഗിക്കുന്നത്. ഫലത്തിൽ സ്പീഡ് ക്രമീകരിക്കാൻ ഫാനിലേക്കുള്ള വോൾട്ടേജിനെ മാത്രമാണ് തടഞ്ഞു നിർത്തുന്നത്. ആകെ ഊർജ്ജത്തിൽ ഒരു നല്ല ഭാഗം റെഗുലേറ്ററിൽ തന്നെ നഷ്ടപ്പെട്ടുപോവുന്നു. 

ഇതിനു പുറമേ ഒരു ഫാൻ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഓടിത്തുടങ്ങാനായി ഒരു 'സ്റ്റാർട്ടിങ്ങ് കോയിൽ' ആവശ്യമുണ്ട്. ഇതിന്റെ ഭാഗമായി ഒരു കപ്പാസിറ്ററും ഉണ്ടാകും. മിക്ക ഫാനുകളിലും ഓടിക്കൊണ്ടിരിക്കുമ്പോഴും ഈ കപ്പാസിറ്റർ - കോയിൽ സർക്യൂട്ടിലൂടെയും വൈദ്യുതി ഒഴുകിക്കൊണ്ടിരിക്കും. ഏറ്റവും നല്ല നല്ല രീതിയിൽ ഊർജം വിനിയോഗത്തിന് യോജിച്ചതല്ല ഇത്തരം സർക്യൂട്ടുകൾ. 


പുതുതായി ഘടിപ്പിച്ച ഒരു ഫാൻ തുടക്കത്തിൽ ഏകദേശം 80 വാട്ട് പവർ ചെലവാക്കുമെങ്കിലും പഴക്കം ചെല്ലുമ്പോൾ കപ്പാസിറ്റർ, വൈൻഡിങ്ങ് തുടങ്ങിയവയിൽ ഉണ്ടാകുന്ന വിവിധപ്രശ്നങ്ങൾ മൂലം കൂടുതൽ വൈദ്യുതി ഉപയോഗിക്കും. ഇത് മൂലം വൈൻഡിങ്ങുകൾ ചൂടാവുകയും ഫാനിന്റെ യഥാർത്ഥവേഗം കുറയുകയും ഒച്ച കൂടുകയും മറ്റും ചെയ്യും.


 ബിഎൽഡിസി ഫാനുകൾ എന്നാൽ ഇൻഡക്ഷൻ മോട്ടോറുകൾക്ക് പകരം നവീനരീതിയിലുള്ള മോട്ടോറുകൾ ഉപയോഗിച്ചാൽ, ആധുനികമായ ഇലക്ട്രോണിക് ഘടകങ്ങൾ വഴി നമുക്ക് വോൾട്ടേജിന് പുറമേ ഫ്രീക്വൻസിയും ക്രമീകരിക്കാം. ബിഎൽഡിസി ഫാനുകളിലെ മുഖ്യമായ ഒരു ഘടകം ഇത്തരം ഒരു വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ് സർക്യൂട്ടാണ്. ആവശ്യമുള്ള വേഗം എത്രയോ അതിന് ആനുപാതികമായ ഫ്രീക്വൻസിയും വോൾട്ടേജുമുള്ള കൃത്രിമ ത്രീ-ഫേസ് പോലെ കണക്കാക്കാവുന്ന ഒരു DC മോട്ടോർ ആണു് ബിഎൽഡിസി മോട്ടോർ.


സാധാരണ ഡിസി മോട്ടോറുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഭാഗത്തിനും ഒരു വൈൻഡിങ്ങ് ആവശ്യമുണ്ട്. അതിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ ഒരു ബ്രഷ് കോണ്ടാക്റ്റും വേണ്ടിവരും. എന്നാൽ സങ്കീർണ്ണവും തേയ്മാനസാദ്ധ്യതയുമുള്ള ഇത്തരം ബ്രഷ് കോണ്ടാക്റ്റുകൾക്ക് പകരം ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറുകളിൽ, അകത്ത് കറങ്ങുന്ന ഭാഗത്ത് (റോട്ടോർ) സ്ഥിരകാന്തങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വ്യത്യാസങ്ങൾ മൂലം BLDC മോട്ടോറിന് നിർമ്മാണച്ചെലവും വിലയും കൂടുതലായിരിക്കും.



​വില കൂടുതലാണെങ്കിലും, ബിഎൽഡിസി ഫാൻ വാങ്ങണം?!


• ബിഎൽഡിസി മോട്ടോർ ഉപയോഗിക്കുന്ന ഫാനുകളിൽ പഴയ തരം ഫാനുകളേക്കാൾ വളരെക്കുറച്ച് ഊർജ്ജം മതി.


• ഏറ്റവും കുറഞ്ഞ സ്പീഡിൽ അത് പത്തിലൊന്നുവരെ കുറയാം. (അതായത് 50 വാട്ടിനുപകരം 5 വാട്ട്). ലളിതമായി പറഞ്ഞാൽ, ദിവസേന 12 മണിക്കൂർ മിനിമം സ്പീഡിൽ ഉപയോഗിക്കുന്ന ഒരു സാധാരണ ഫാനിന് പകരം ബിഎൽഡിസി ഫാൻ വെയ്ക്കുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 0.6 യൂണിറ്റിന് പകരം 0.06 യൂണിറ്റ് മതി. അഥവാ, സാധാരണ ഫാന് പ്രവർത്തിക്കാൻ ഒരു ദിവസം വേണ്ടിവരുന്ന വൈദ്യുതികൊണ്ട് ബിഎൽഡിസി ഫാൻ 10 ദിവസം പ്രവർത്തിപ്പിക്കാം.


• നമ്മുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ അളവനുസരിച്ച് യൂണിറ്റിന് ശരാശരി 5 മുതൽ 9 വരെ രൂപ വില കണക്കാക്കിയാൽ, ഫാനിന്റെ പഴക്കം മൂലം ദിവസേന ഒരു യൂണിറ്റു വരെ ചെലവാക്കുന്നു എന്നാണ് പഠനം. അതെ സമയം ഈ വെദ്യുതി നഷ്ടം വരുത്താത്ത ബിഎൽഡിസി വാങ്ങി ഉപയോഗിച്ചാൽ എങ്കിൽ ഏകദേശം ഒരു വർഷം കൊണ്ട് ഫാനിന്റെ വില വസൂൽ ആവും.


റെഗുലേറ്ററുകൾ ആവശ്യമില്ല. ഫാനിനേക്കാൾ കൂടുതൽ കേടുവരുന്നതും ചെലവു വരുന്നതും റെഗുലേറ്ററുകൾക്കാണ്. പകരം വളരെ സൗകര്യപ്രദമായ ഒരു റിമോട്ട് കണ്ട്രോൾ ഉണ്ടായിരിക്കും. ഏറ്റവും പുതിയ, അഥവാ ഇനിയും വരാനിരിക്കുന്ന, സ്മാർട്ട് മോഡലുകളിൽ വോയ്സ് കമാൻഡുകൾ  വഴി ഹൈടെകാവാം.



​ഇപ്പോൾ ഉപയോഗിക്കുന്ന ഫാൻ എന്ത് ചെയ്യും?

ഇപ്പോൾ ഒരു വിധം കുഴപ്പമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഇൻഡക്ഷൻ മോട്ടോർ ഫാൻ വെറുതെ വലിച്ചെറിഞ്ഞുകളയണ്ട. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ മണിക്കൂർ ഉപയോഗിക്കുന്ന മുറികളിലോ വരാന്തയിലോ മറ്റോ അവ മാറ്റി സ്ഥാപിക്കാം. വൈൻഡിങ്ങ് കത്തിപ്പോയോ മറ്റോ തീരെ ഉപയോഗശൂന്യമാവുന്ന കാലം വരെ അവയുടെ ഉപയോഗം തുടരാം.


 BLDC ഫാനുകൾ മെച്ചങ്ങൾ

1. സാധാരണ ഫാനുകളെ അപേക്ഷിച്ച് പകുതിയിലും കുറവ് വൈദ്യുത ഉപഭോഗം. 


2. ഇപ്പോൾ വിപണിയിലുള്ള പ്രമുഖ BLDC ഫാനുകളെല്ലാം തന്നെ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് വേഗത നിയന്ത്രിക്കാനും ഓൺ ഓഫ് ചെയ്യാനും കഴിയുന്നവയാണ്‌. 


3. താരതമ്യേന ശബ്ദ രഹിതമായ പ്രവർത്തനം. 


4. സാധാരണ ഫാനുകളിൽ ഇലക്ട്രോണിക് റഗുലേറ്റർ ഉപയോഗിച്ച് വേഗത നിയന്ത്രിക്കുമ്പോൾ ആനുപാതികമായി വൈദ്യുത ഉപഭോഗം കുറയുന്നില്ല.  പക്ഷേ ബി എൽ ഡി സി ഫാൻ റഗുലേറ്ററുകളിൽ കുറഞ്ഞ വേഗതയിൽ ആനുപാതികമായി വൈദ്യുത ഉപഭോഗവും കുറയുന്നു. 


5. LED ബൾബുകളെപ്പോലെത്തന്നെ 100 മുതൽ 250 വോൾട്ട് വരെയും സുഗമമായി പ്രവർത്തിക്കും. സാധാരണ ഫാനുകളിൽ വോൾട്ടേജ് കുറഞ്ഞാൽ ഫാനിന്റെ വേഗതയും ഗണ്യമായി കുറയുന്നു.


6. വൈദ്യുത ഉപഭോഗം വളരെ കുറവായതിനാൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ ബാറ്ററി ബാക്കപ്പ് ഇരട്ടിയാകുന്നു.  ഒരു സാധാരണ ഫാൻ ഉപയോഗിക്കുന്നിടത്ത് രണ്ട് BLDC ഫാനുകൾ ഇൻവെർട്ടറിന്റെയും ബാറ്ററിയുടെയും കപ്പാസിറ്റി കൂട്ടാതെത്തന്നെ ഉപയോഗിക്കാനാകും.



കടപ്പാട്: KSEB

Previous Post Next Post