ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള ഇന്ത്യയുടെ 'കവച്' പരീക്ഷണം വൻ വിജയം!!



സിഗ്‌നൽ തകരാർ കാരണമോ, നിയന്ത്രിക്കുന്നവരുടെ പിഴവുകൾ കാരണമോ ട്രെയിനുകൾ ഒരേ പാളങ്ങളിൽ കയറി നേർക്കുനേരെ കൂട്ടിയിടിച്ച് ഒരുപാട് അപകടങ്ങൾ  നടന്നിട്ടുണ്ട്. ഇതു ഒഴിവാക്കാൻ വേണ്ടി 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ (Automatic) പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണ് ഇപ്പോൾ വിജയത്തിൽ എത്തിയിരിക്കുന്നത്.  'കവച്' (Kavach) എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്.


ഒരേ ട്രാക്കിലൂടെ നേര്‍ക്കുനേര്‍ കുതിക്കുന്ന രണ്ട് ലോക്കോ മോട്ടീവുകള്‍. ഒന്നില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മറ്റൊന്നില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. ത്രിപാഠി. റയിൽവേ നടത്തി യ പരീക്ഷണത്തില്‍ ഇരു എന്‍ജിനുകളും കൂട്ടിയിടിക്കാതെ 200 മീറ്റര്‍ അകലെ നിന്നതോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിവിദ്യയുടെ വിജയമായി അത് മാറുകയായിരുന്നു.



കവച് എന്ന ഈ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം  ഈ സാമ്പത്തികവര്‍ഷം 2,000 കിലോ മീറ്ററില്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ്.


കവച് എന്ന 

ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം (Train Collision Avoidance System -TCAS) പ്രധാനമായും ട്രെയിനുകളുടെ അമിതവേഗം, കൂട്ടിയിടി, അപകടകരമായേക്കാവുന്ന തെറ്റായ സിഗ്നലുകൾ (Signal Passing at Danger -SPAD) എന്നീവ തടയുന്നതിനു ഫലപ്രദമാണ്‌.


ലളിതമായി പറഞ്ഞാല്‍, ട്രെയിനുകളുടെ ബ്രേക്ക് നിയന്ത്രിക്കാനും ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പ് നല്‍കാനും അള്‍ട്രാ ഹൈ റേഡിയോ ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുന്ന, ലോക്കോമോട്ടീവുകളിലും സിഗ്‌നലിംഗ് സിസ്റ്റത്തിലും ട്രാക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഒരു കൂട്ടം ഇലക്ട്രോണിക് ഉപകരണങ്ങളും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉപകരണങ്ങളുമാണിത്. പ്രോഗ്രാം ചെയ്ത യുക്തിയെ അടിസ്ഥാനമാക്കിയാണു സംവിധാനത്തിന്റെ പ്രവര്‍ത്തനം.


ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി വിശകലനം ചെയ്ത് ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. കടുത്ത മൂടൽമഞ്ഞ്, മഴ തുടങ്ങിയവയിൽ ലോക്കോപൈലറ്റ് ( ട്രെയിൻ ഡ്രൈവർ) വ്യക്തമായ കാഴ്ചയുടെ അഭാവത്തിൽ തെറ്റായ തീരുമാനമെടുക്കുമ്പോൾ പുതിയ സംവിധാനം അപകടസാധ്യത മുൻകൂട്ടി കണ്ടെത്തി, അപകട സൂചനകൾ നൽകുന്നു.


ലോകമെമ്പാടും പ്രചാരത്തിലുള്ള യൂറോപ്യന്‍ സംവിധാനങ്ങള്‍ക്കുള്ള വില കുറഞ്ഞ ബദലായി, വിദേശങ്ങളിൽ കയറ്റുമതി ചെയ്യാവുന്ന സംവിധാനമായി കവച് മാറിയേക്കാം. 


 ഇത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റമായേക്കാം. സംവിധാനം നടപ്പാക്കാന്‍ കിലോമീറ്ററിന് ഏകദേശം 30 ലക്ഷം മുതല്‍ 50 ലക്ഷം വരെ ചെലവ് വരും. ഇത് ആഗോളതലത്തില്‍ നിലവിലുള്ള സംവിധാനങ്ങളുടെ വിലയുടെ നാലിലൊന്നു മാത്രമാണ്.


സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ നിലവിലുള്ള പദ്ധതികള്‍ ഇതുവരെ 1,098 കിലോമീറ്ററിലും 65 ലോക്കോമോട്ടീവുകളിലും കവച് വിന്യസിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ ഇടനാഴികളുടെ 3000 കിലോമീറ്ററില്‍ നടപ്പാക്കും. അവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ കൈവരിക്കാനായി ട്രാക്കുകളും സിസ്റ്റങ്ങളും നവീകരിക്കുകയാണ്.


250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ട്രയല്‍ സെക്ഷനു പുറമേ, നിലവില്‍ ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 1200 കിലോമീറ്റര്‍, ബിദാര്‍-പര്‍ളി വൈനാത്ത്-പര്‍ഭാനി, മന്‍മാദ്-പര്‍ഭാനി-നന്ദേദ്, സെക്കന്തരാബാദ്-ഗഡ്വാള്‍-ധോനെ-ഗുണ്ടക്കല്‍ സെക്ഷനുകളിലും കവച് നടപ്പാക്കുന്നുണ്ട്.


കൂടാതെ, ഹൈ ഡെന്‍സിറ്റി നെറ്റ്വര്‍ക്ക് (എച്ച്ഡിഎന്‍), ഹൈലി യൂട്ടിലൈസ്ഡ് നെറ്റ്‌വര്‍ക്ക് (എച്ച്‌യുഎന്‍) എന്നിവയിലായി 34,000 കിലോമീറ്ററിലധികം വരുന്ന പദ്ധതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 



കേന്ദ്ര മന്ത്രി അശ്വിൻ വൈഷ്ണവ് (Ashwini Vaishnaw) പങ്കെടുത്ത ട്രെയിൻ കൂട്ടിയിടി തടയൽ പരീക്ഷണത്തിൻ്റെ വീഡിയോ കാണാം.


https://youtu.be/bM8iyqlVql4



Previous Post Next Post