"എന്റീശ്വരാ..! മുമ്പ് ₹ 500നു ഡീസലടിച്ചപ്പോൾ കിട്ടിയത് 14 ലിറ്റർ!! ഇപ്പോൾ വെറും 5 ലിറ്റർ!! ഈ കാറ് വിറ്റ് ബസ് , ട്രെയിൻ യാത്രയിലേക്ക് മാറിയാലോ??"
മുകളിലുള്ള ഈ സംസാരം ചിലപ്പോൾ നിങ്ങൾ തന്നെ പറഞ്ഞതാവാം, അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്ത്, അതുമല്ലെങ്കിൽ കുടുംബത്തിലെ അംഗം.
ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ സ്വന്തമായി വണ്ടിയുള്ളവർ മാത്രമല്ല, അല്ലാത്തവരും സാധനങ്ങളുടെ വിലവർധനയിലൂടെയും മറ്റും അതിന്റെ ആഘാതത്തിൽ ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ്.
കൊറോണ കാലമായതുകൊണ്ട് പൊതു വാഹനഗതാഗതം ഉപയോഗിക്കാനും വയ്യ !
ഇപ്പോൾ സാധാരണക്കാര്‍ പോലും ഇന്ന് ഇലക്ട്രിക് വാഹനം എന്നതിനെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
നമ്മുടെ നാട്ടില്‍ ഇന്ധനവില വർദ്ധന സാധാരണകാരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നതെങ്കില്‍ വിദേശത്ത് പരിസ്ഥിതി സൗഹൃദമെന്നതാണ് ഏവര്‍ക്കും ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറാന്‍ കാരണം.
ആഗോള വാഹന ഭീമന്മാരുടെ ശ്രദ്ധ ഇലക്ട്രിക് വാഹന നിർമാണത്തിലാണ്.
എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന്റെ ഗുണദോഷങ്ങളിൽ
ദോഷങ്ങൾ ആദ്യമറിയാം
1. ബാറ്ററി: ബാറ്ററിക്ക് വില കൂടുതലാണ്, അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടുതലാണ്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് (ചൈന) എത്തിക്കുന്നതിനാലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ബാറ്ററി ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ലിഥിയം അയേണ്‍ ഇന്ത്യയിലെത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലിഥിയം റിഫൈനറി തുടങ്ങുന്നതിനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇപ്പോള്‍ ലഭ്യമാകുന്ന വിലയില്‍നിന്ന് അധിക വ്യത്യാസമില്ലാതെ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ഏവര്‍ക്കും സ്വന്തമാക്കാനാകും.
ഇതൊക്കെ അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കകം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. അപ്പോള്‍ വിലയില്‍ കാര്യമായ വ്യത്യാസമില്ലാതെ, ഇന്ധനച്ചെലവ് കുറവുള്ള, പരിസ്ഥിതി സൗഹൃദമായ ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങാന്‍ പറ്റും.
2. ചാർജിങ്ങ് പോയിന്റുകൾ: നിലവില്‍ ചാര്‍ജ്ജിംഗ് പോയിന്റുകളുടെ ലഭ്യതക്കുറവാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ ഭീഷണി. വീട്ടിൽ മണിക്കൂറുകൾ വെച്ച് ചാർജ് ചെയ്യാം. പക്ഷെ ദീർഘദൂര യാത്രയിൽ വലിയ ബുദ്ധിമുട്ടാണ്. എല്ലാ ഇലക്ട്രിക് പോസ്റ്റിലും ഈ സൗകര്യം കൊണ്ട് വരും എന്നും കേൾക്കുന്നുണ്ട്. പക്ഷെ അതിനു വർഷങ്ങൾ വേണ്ടി വരും. വൈദ്യുതി ഇല്ലാത്ത കാനനപാതകൾ, ഗ്രാമീണ പാതകൾ ഇവയൊക്കെ ഭീഷണി തന്നയാണ്.
3. സമയ നഷ്ടം : ദീർഘദൂര യാത്രയിൽ വാഹനം ചാർജ് ചെയ്യാൻ മണിക്കൂറുകൾ നിർത്തിയിടേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാകാം.
4. സ്ഥല ലഭ്യതാകുറവ്: ഒരുപാടു വാഹനങ്ങൾ മണിക്കൂറുകൾ നിർത്തിയിട്ടുകൊണ്ട് ചാർജ് ചെയ്യാനുള്ള സ്ഥലങ്ങൾ സിറ്റികളിൽ കിട്ടാൻ ബുദ്ധിമുട്ടാകും.വൻവിലകൊടുത്തു ഭൂമി വാങ്ങി, ചാർജിങ്ങ് പോയിന്റുകൾ വരുമ്പോൾ, അതു വൻ സർവീസ് ചാർജായി വാഹന ഉടമയുടെ പോക്കറ്റ് കാലിയാക്കാം
5. ദീർഘദൂര യാത്രയിൽ, നിയമവിരുദ്ധമാണെങ്കിലും ഇന്ധനം ബോട്ടിൽ, ക്യാനിൽ കൊണ്ട് പോകാറുണ്ട്. പക്ഷെ ഇലക്ട്രിക് വാഹനങ്ങളുടെ സ്പയർ ബാറ്ററിക്ക് വൻ വില കൊടുക്കണം.
ഗുണങ്ങൾ:
1. ഇലക്ട്രിക് വാഹനങ്ങൾ ഭാവിയുടെ സാങ്കേതിക വിദ്യയാണ്!!! കംപ്യൂട്ടര്‍ വിപ്ലവം പോലെയൊരു വിപ്ലവമാണ് ഇലക്ട്രിക് കാറുകളുടെ വ്യാപനത്തോടെയുണ്ടാവാന്‍ പോകുന്നതെന്നാണ് വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ജ്യൂറി ബോര്‍ഡ് അംഗവും ഓട്ടോമോട്ടീവ് റിവ്യൂവറുമായ ഹാനി മുസ്തഫ പറയുന്നത്.
2. സാങ്കേതിക മേന്മ:
'സാധാരണ വാഹനങ്ങളിലെ ഐസി (Internal Cumbstion) എന്‍ജിനുകള്‍ക്ക് 1800 മുതല്‍ 2000 വരെ മൂവിംഗ് പാര്‍ട്സുകളാണുള്ളത്. പക്ഷേ ഇലക്ട്രിക് വാഹനങ്ങള്‍ക്കിത് വെറും 18 എണ്ണം മാത്രമാണ്. അതായത് വെറും ഒരു ശതമാനത്തില്‍ താഴെ. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ മെയിന്റനന്‍സ് കോസ്റ്റ് വളരെ കുറവായിരിക്കും' പോപുലര്‍ വെഹിക്കിള്‍ ആന്റ് സര്‍വിസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കെ പോള്‍ പറയുന്നു. നിലവില്‍ 100 ഐസി വാഹനങ്ങള്‍ക്ക് ഒരു സര്‍വിസ് സെന്ററാണെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 500 എണ്ണത്തിന് ഒന്ന് മതി. അത്രത്തോളം മെയിന്റനന്‍സ് കോസ്റ്റ് കുറവാണെന്നത് തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകത.
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് റേഡിയേറ്റര്‍, കൂളന്റ്, ഗിയര്‍ ബോക്‌സ് തുടങ്ങിയവ ഇല്ല, മാത്രമല്ല ഓയിലോ ഫില്‍ട്ടറോ ഇല്ലാത്തതിനാല്‍ ഇടക്കിടക്ക് സര്‍വിസ് സെന്ററുകളില്‍ കൊണ്ടുപോവേണ്ട ആവശ്യമില്ല. അഥവാ ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വീസ് സെന്ററില്‍ പോകേണ്ടി വന്നതിനാല്‍ തന്നെ അരമണിക്കൂറിനുള്ളില്‍ സര്‍വിസ് നടത്താന്‍ സാധിക്കും. ഇതിലൂടെ സമയനഷ്ടവും ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാനാകുമെന്ന് കൈനഡി പ്ലാന്റേഷന്‍ എംഡി റോഷന്‍ കൈനഡി പറയുന്നു.
3. ഇന്ധനലാഭം:
നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 10-22 വരെയൊക്കെയാണ് വിവിധ കാറുകളുടെ ഇന്ധനക്ഷമത. എന്നാല്‍ ഒറ്റചാര്‍ജില്‍ തന്നെ 400 ന് മുകളില്‍ ദീര്‍ഘ ദൂരം ലഭിക്കുന്ന കാറുകള്‍ ഇപ്പോള്‍ തന്നെ വിപണിയിലിറക്കിയിട്ടുണ്ട്.
ഇപ്പോൾ ചില കമ്പനിയുടെ 'തള്ളിമറി മൈലേജ്' ഒറ്റചാർജിൽ 300 ആണെങ്കിലും ഇന്ത്യൻ റോഡ് സാഹചര്യത്തിൽ അത് 250 മുകളിൽ പ്രതീക്ഷിക്കാം.
ഇലക്ട്രിക് വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ദീര്‍ഘദൂരം ലഭ്യമാകുന്നതും കാര്യക്ഷമതയുമുള്ള വാഹനങ്ങളായിരിക്കും ഭാവിയിൽ കമ്പനികള്‍ അവതരിപ്പിക്കുക.
ഇതിലൂടെ ചെറിയ ചെലവില്‍ കൂടുതല്‍ ദൂരവും അതുവഴി ഇന്ധനത്തിലും ലാഭം നേടാം.
4. കാര്യക്ഷമത: ഇലക്ടിക് വാഹനങ്ങൾ ഭാരം വഹിച്ചു കുന്നുമലയും കയറുമോ??
കണ്ടറിയണം കോശി!! എന്നാണ് സാധാരണകാരന്റെ മനസ്സിൽ. എന്നാൽ ഈ കാര്യത്തിൽ സംശയം വേണ്ടെന്നാണ്
വിദഗ്ധർ പറയുന്നത്.
ജോണ്‍ കെ പോള്‍ പറയുന്നത് 'കാര്യക്ഷമതയിലും വേഗതയിലുമൊക്കെ ഐസി വാഹനങ്ങളുടെ ഗുണങ്ങള്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ലഭിക്കും.'
മുന്നറിയിപ്പ്!
• ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർ കയറ്റം കയറുമോ എന്ന് ടെസ്റ്റ് ഡ്രൈവ് നടത്തി മാത്രം വാങ്ങുക. കാരണം വാങ്ങിയ പലരും ഇതേ കുറിച്ച് പരാതി പറയാറുണ്ട്.
5. ഭാവി: സ്വയം ഗൂഗിൾ മാപ്പു നോക്കി ഓടുന്ന വാഹനങ്ങൾ ഭാവിൽ കൂടുതലായി വരാം. വാഹനം, ഓടുമ്പോഴും, പാർക്ക് ചെയ്യുമ്പോഴും ചാർജ് ചെയ്യുന്ന സാങ്കേതികതയും വരാം!! അപ്പോൾ ഇലക്ട്രോണിക് വാഹനങ്ങൾ തന്നെയാകും റോഡ് നിറയെ..ഏതാണ്ട് 2030 നു ശേഷം!!