പാചക ഗ്യാസ് ലാഭിക്കാനുള്ള 22 അടിപൊളി ടിപ്പ്സുകൾ!!

നാലു പേരുള്ള ഒരു കുടുംബത്തിന് ശരാശരി 35 ദിവസം ഒരു ഗ്യാസ് സിലിണ്ടർ മതി എന്നാണു ഏകദേശ കണക്ക്. അതിനു മുൻപ് ഗ്യാസ് തീരുന്നുവെങ്കിൽ അമിതോപയോഗം ഉണ്ടെന്നു കരുതാം, ഗ്യാസ് ലാഭിക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ.


1. ജ്വാലയെ ശ്രദ്ധിക്കുക! 


  • ഗ്യാസിൻ്റെ ജ്വാല (Flame) നീലനിറത്തിലോ അല്ലെങ്കിൽ നിറമില്ലാതെയോ കത്തുന്നതാണ് ശരിയായ ജ്വാല. 


  • മഞ്ഞ, ഓറഞ്ച് ഫ്ലെയിം ആണെങ്കിൽ ജ്വാല ശരിയല്ല  എന്നു മനസ്സിലാക്കാം. എണ്ണയോ, വെള്ളമോ, കരടോ വീണ് ബർണറിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതാണ് ഇതിനു കാരണം. ആഴ്ചയിലൊരിക്കൽ ബർണർ വൃത്തിയാക്കാം. സ്റ്റൗവിനു പുറത്തു തിളച്ചു വീഴുന്ന ഭക്ഷണവും മറ്റും അന്നന്നുതന്നെ വൃത്തിയാക്കണം.


2. പാത്രം ശ്രദ്ധിക്കുക!

  • കോപ്പർ പ്ലേറ്റിങ് ഉള്ളതോ അടിവശം  പരന്നതോ ആയ പാത്രങ്ങൾ പാചകം വേഗത്തിലാക്കും. പാത്രത്തിന്റെ ഉള്ളിലോ പുറത്തോ പോറലുകളും ചളുക്കുകളും ഉണ്ടെങ്കിലും ഊർജനഷ്ടം വരും. 


  • കോപ്പർ, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ് വേഗം ചൂടാകുന്നതും ചൂട് എല്ലാ വശത്തേക്കും പ്രസരിപ്പിക്കുന്നതും. ഒരിക്കൽ ചൂടുപിടിച്ചാൽ ദീർഘനേരം ചൂടു നിലനിർത്താനുള്ള കഴിവുണ്ട് കാസ്റ്റ് അയൺ, സെറാമിക് പാത്രങ്ങൾക്ക്.


  • പാചകം ചെയ്യാനുള്ള പാത്രം കഴുകി തുടച്ച ശേഷം അടുപ്പിൽ വച്ചാൽ മതി. പാത്രത്തിലുള്ള വെള്ളം ചൂടേറ്റ് നീരാവിയായി പോകുന്നതിനും ഗ്യാസ് ചെലവാകും.


  • പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാകം ചെയ്താല്‍ ഗ്യാസ് 25% ലാഭിക്കാം.


  • വലിയ പാത്രത്തിൽ തുറന്നുവച്ചു പാകം ചെയ്യുന്നത് ഒഴിവാക്കു. ആവശ്യത്തിനുമാത്രം  വെള്ളം ഒഴിച്ച് അടച്ചു വെച്ചു പാചകം നടത്തുക.


3. വെറുതെ ഗ്യാസ് കളയല്ലെ

  • ഗ്യാസ് നോബ് തിരിച്ച ശേഷം ലൈറ്ററും തീപ്പെട്ടിയും തപ്പി നടക്കല്ലേ. പാത്രം അടുപ്പിൽ വച്ച് തീപ്പെട്ടി കൊള്ളി ഉരച്ച ശേഷം നോബ് തിരിക്കുന്നതാണ് ലാഭം. നോബ് തിരിക്കുമ്പോൾ തന്നെ തീ കത്തുന്ന തരം സെൽഫ് ഇഗ്‌നിഷൻ സ്റ്റൗവും ഉപയോഗിക്കാം.


  • സ്റ്റൗ ഓണാക്കും മുൻപ് ചേരുവകളെല്ലാം തയാറാക്കി വച്ച ശേഷം മാത്രം പാചകം ആരംഭിക്കുക. 


  • പപ്പടം, പൂരി, പത്തിരി, ചപ്പാത്തി, ഓംലറ്റ് തുടങ്ങിയവ ഉണ്ടാക്കുമ്പോൾ ഒരു മിനിറ്റ് മുന്‍പേ അടുപ്പ് അണയ്ക്കാം. അപ്പോഴും ആവശ്യത്തിനു ചൂട് പാത്രത്തിനുണ്ടാകും.



4. ബർണർ വലിപ്പം നോക്കണം

  • വലിയ ബർണറിനെക്കാൾ 10 ശതമാനം ഗ്യാസ് ലാഭിക്കാൻ ചെറിയ ബർണർ ഉപയോഗം കൊണ്ടാകും. ബർണറിന്റെ വലിപ്പത്തിനനുസരിച്ചുള്ള പാത്രങ്ങൾ ഉപയോഗിക്കുക. ഫ്ലെയിം പാത്രത്തിന്റെ ചുവടുഭാഗത്തു കവർ ചെയ്തുനിൽക്കുന്ന തരത്തിൽ നിറുത്തുക. ചുവടു കുറവുള്ള പാത്രത്തിലേക്കു ഫുൾ ഫ്ലെയിം കൊടുത്താൽ വശങ്ങളിലൂടെ തീ കത്തുന്നത് ഗ്യാസ് നഷ്ടമുണ്ടാക്കും. ചെറിയ അളവിൽ ഭക്ഷണമുണ്ടാക്കാൻ ചെറിയ പാത്രം മതി


  • ഭക്ഷണം തിളച്ചു തുടങ്ങുമ്പോൾ ഫ്ലെയിം മീഡിയത്തിലേക്കോ സിമ്മിലേക്കോ മാറ്റി പാത്രം മൂടി വയ്ക്കുക. ബാക്കി വേവ് ഈ ചൂടിൽ മതിയാകും. ഇങ്ങനെ ചെയ്താൽ 25 ശതമാനം വരെ ഗ്യാസ് ലാഭിക്കാം. കറികളിലേക്ക് ആവശ്യത്തിനു വെള്ളം മാത്രം ചേർക്കുക. കൂടുതലായി ചേർക്കുന്ന വെള്ളം വറ്റിവരാൻ സമയമെടുക്കും.


  • ബർണറുകളുടെ പിച്ചള ഭാഗം പുറത്തെടുത്ത് മാസത്തിലൊരിക്കൽ പഴയൊരു ടൂത്ത് ബ്രഷും സോപ്പ് ലായനിയും ഉപയോഗിച്ച് വൃത്തിയാക്കുക.


  • ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോള്‍ നോബ് സിമ്മി‍ൽ വെച്ചുവേണം സ്റ്റൗ കത്തിക്കാന്‍.


5.പ്രഷർ കുക്കർ ഉപയോഗിക്കു.

  • ഗ്യാസ് ലാഭിക്കാൻ നല്ല വഴിയാണ് പ്രഷർ കുക്കർ. ഇത് ഇന്ധനത്തോടൊപ്പം സമയവും ലാഭിക്കും. കുക്കറിന്റെ വാഷറും വിസിലും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സാധാരണ പാത്രത്തിൽ പയർ വേവിക്കുന്നതിന്റെ 46 ശതമാനം കുറവ് ഇന്ധനമേ കുതിർത്ത പയർ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ വേണ്ടിവരൂ. കുക്കറിനുള്ളിൽ സെപ്പറേറ്റർ ഉപയോഗിച്ച് ഒരേ സമയം ഒന്നിലേറെ വിഭവങ്ങളും പാചകം ചെയ്യാം.


  • ഇഡ്ഡലി പാത്രത്തിലെ വെള്ളത്തിൽ പുഴുങ്ങാനുള്ള മുട്ട, ഉരുളക്കിഴങ്ങ് എന്നിവ ഇട്ടാൽ ഇഡ്ഡലിക്കൊപ്പം അവയും പാകമായി കിട്ടും. 

 

  • പാസ്ത വേവിക്കുന്ന പാത്രത്തിനു മുകളിൽ വച്ച് പച്ചക്കറികൾ ആവി കയറ്റിെയടുക്കാം. ഇത്തരം ആവശ്യങ്ങൾക്കു വേണ്ടിയുള്ള മൾട്ടി സ്റ്റീമറുകളും വിപണിയിലുണ്ട്.


  • പ്രഷർ കുക്കർ ഉപയോഗത്തിലും പാലിക്കേണ്ട നിയമങ്ങളുണ്ട്. കുക്കർ അടച്ച് അടുപ്പിൽ വച്ച് ആവി വരുമ്പോൾ മാത്രമേ വെയ്റ്റ് ഇടാവൂ. വേണ്ട ഭക്ഷണത്തിന്റെ അളവിലുള്ള കുക്കർ തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.


  • സാമ്പാറിനുള്ള കഷണങ്ങൾ കുക്കറിന്റെ ഒരു തട്ടിലും അടുത്ത തട്ടിൽ തലേദിവസം വെള്ളത്തിലിട്ടു വച്ചിരുന്ന പരിപ്പും ഒരേ സമയം വേവിച്ചെടുത്താൽ പാചകവാതകവും സമയവും ലാഭിക്കാം.



6. വെള്ളത്തിൽ കുതിരട്ടെ

  • ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ കുതിർത്ത ശേഷം വേവിക്കുന്നതാണ് ഗ്യാസ് ലാഭിക്കാൻ നല്ലത്. ഫ്രിഡ്ജിൽ വച്ചിരുന്ന സാധനങ്ങൾ നന്നായി തണുപ്പു മാറ്റിയ ശേഷമേ പാചകം ചെയ്യാവൂ.


7. അമിതവേവ് വേണ്ട.

  • ഓരോ ആഹാരവും വേവുന്നതിനു വേണ്ട ഏകദേശ സമയം കണക്കാക്കി വയ്ക്കുക. അധികനേരം വേവിച്ചാൽ രുചി കുറയുമെന്നു മാത്രമല്ല, ഗ്യാസും നഷ്ടമാകും. പച്ചക്കറികളും മറ്റും അധികം വേവിക്കേണ്ട കാര്യമേയില്ല.


8. അമിത ഭക്ഷണം  എന്തിന്?

  • വീട്ടിലെ അംഗങ്ങളുടെ എണ്ണം കണക്കാക്കി ഓരോരുത്തർക്കും വേണ്ട അളവിൽ മാത്രം ഭക്ഷണം പാകം ചെയ്യുക. സാധനങ്ങൾ കൃത്യമായി അളന്നെടുക്കാനും മറക്കേണ്ട. ഇത്ര അരിക്ക് ഇത്ര കപ്പ് വെള്ളം എന്ന മട്ടിൽ അളന്ന് ഉപയോഗിക്കുന്നതും ഗ്യാസ് ഉപയോഗം ലാഭത്തിലാക്കും.


9. കുടി വെള്ളം & ചായ

  • കുടിക്കാനുള്ള വെള്ളം അഞ്ചു മിനിറ്റെങ്കിലും തിളപ്പിക്കണമെന്നു പറയാറില്ലേ. വെള്ളം തിളച്ചു തുടങ്ങിയാൽ ഫ്ലെയിം സിമ്മിലാക്കാം. ഇങ്ങനെ ഓരോ ഭക്ഷണത്തിന്റെയും പാചകരീതി തിരിച്ചറിഞ്ഞ് ലോ, മീഡിയം, ഹൈ ഫ്ലെയിം ഉപയോഗം പ്രായോഗികമാക്കാം.ചോറുവയ്ക്കാനായി വെള്ളം വയ്ക്കുന്ന പാത്രത്തിനു മുകളിൽ അടപ്പിനു പകരം ചെറിയൊരു പാത്രത്തിൽ കുടിക്കാനുള്ള വെള്ളം കൂടി വയ്ക്കാം. അരി വേകുമ്പോഴേക്കും വെള്ളം ചൂടാകും. 


  • പാകം ചെയ്യുന്ന വിഭവത്തിലേക്ക് വെള്ളം ചേർക്കേണ്ടി വരില്ലേ. ടാപ്പിൽ നിന്നു പിടിക്കുന്ന തണുത്ത വെള്ളം ചേർത്താൽ അതു തിളയ്ക്കുന്നതിനും ഗ്യാസ് ചെലവാകും. കുടിക്കാനായി തിളപ്പിക്കുന്നതിൽ നിന്നു കുറച്ചു വെള്ളം ഫ്ലാസ്കിൽ എടുത്തുവച്ചാൽ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.


  • ചായ, കാപ്പി, ചൂടുവെള്ളം തുടങ്ങിയവ ഇടയ്ക്കിടെ വേണമെങ്കിൽ ഒരുമിച്ചുണ്ടാക്കി ഫ്ലാസ്കിൽ സൂക്ഷിക്കുക


10. ഒരുമിച്ചു ചെയ്യാം

  • ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണം ഒരുമിച്ച് പാചകം ചെയ്ത് ചൂടാറാതെ തെർമൽ കുക്കറിൽ സൂക്ഷിക്കാം. എല്ലാവരും ഒരേ സമയത്തു തന്നെ ഭക്ഷണം കഴിക്കുന്നത് ഭക്ഷണം വീണ്ടും ചൂടാക്കുന്നതിന്റെ നഷ്ടം കുറയ്ക്കും. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഓരോ വിഭവം തയാറാക്കുന്നതും ഒഴിവാക്കാം.


  • ചപ്പാത്തി ചുടുമ്പോൾ  ഒന്നിച്ചു പരത്തിവച്ച് ഓരോന്നായി ചുട്ടെടുക്കുക. 



11. ഫ്ലെയിം ഓ ഫ് ചെയ്യുമ്പോൾ

  • പാചകം അവസാനിക്കുമ്പോൾ പാത്രം അടുപ്പിൽ നിന്നു മാറ്റിയ ശേഷം മാത്രം ഫ്ലെയിം ഓ ഫ് ചെയ്യുന്നശീലം നല്ലതല്ല.


  • ഈ സമയത്തിന് രണ്ടു– മൂന്നു മിനിറ്റു മുൻപ് പാത്രം മൂടി, പാചകം അവസാനിപ്പിച്ച് തീ ഓഫ് ചെയ്യാം. ആ ചൂടിൽ തന്നെ ഗ്യാസിനു മുകളിൽ ഇരുന്ന് ഭക്ഷണം പാകം ആയിക്കോളും.


12. മൺചട്ടി പാചകം

  • മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഗ്യാസ് കൂടുതൽ വേണ്ടി വരും. വഴറ്റൽ മുതൽ കറി തിളച്ചു തുടങ്ങുന്നതു വരെയുള്ള പാചകം നോൺസ്റ്റിക്കിലോ സ്റ്റീലിലോ ചെയ്ത ശേഷം മീൻകറി മൺചട്ടിയിലേക്കു മാറ്റി മൂടിവച്ച് വേവിക്കാം. മീൻകറിക്ക് മൺചട്ടിയിൽ വച്ച രുചിയും കിട്ടും, ഇന്ധനവും ലാഭിക്കാം.


13. കലണ്ടർ വേണം

  • സിലിണ്ടർ ഉപയോഗിക്കാൻ തുടങ്ങുന്ന ദിവസം കലണ്ടറിൽ എഴുതുക. തീരുമ്പോൾ എത്ര ദിവസത്തേക്കു കിട്ടി എന്നു കണക്കുകൂട്ടണം. പ്രതീക്ഷിച്ചതിനെക്കാൾ കാര്യമായ കുറവുണ്ടെങ്കിൽ കാരണം കണ്ടുപിടിക്കുകയും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.


14. ദോശയുടെ വലിപ്പം

  • ദോശയും അപ്പവുമെല്ലാം അൽപം വലുപ്പത്തിൽ ഉണ്ടാക്കിയാൽ എണ്ണം കുറയ്ക്കുക വഴി സമയവും ഇന്ധനവും ഒരുപോലെ ലാഭിക്കാം.


15. കാസറോൾ തുടങ്ങിയവ ഉപയോഗിക്കു.

  • കാസറോൾ, ഫ്ലാസ്ക്, ഹോട്ട്കേസ് എന്നിങ്ങനെ ചൂട് നിലനിർത്തുന്നതിനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാൽ ആവർത്തിച്ചുള്ള ചൂടാക്കലും അതുവഴിയുള്ള ഗ്യാസ് ചെലവും നിയന്ത്രിക്കാം.


16. തെർമൽ കുക്കർ ഉപയോഗിക്കാം

  • തെർമൽ കുക്കറിൽ രാത്രി വയ്ക്കുന്ന ചോറ് അടുത്ത ദിവസം ഉച്ചയൂണിന് പാകമായിരിക്കും.


17. പെട്ടെന്ന് വേവുന്നതരം  

  • അരിയാണെങ്കിൽ ഗ്യാസ് ചെലവ് ലാഭിക്കാനാകും.


18. പുട്ട് പോലുള്ളവ കുറ്റിയിൽ വേവിക്കാതെ ഇഡ്ഡലി തട്ടിൽ ഒന്നിച്ചു വേവിച്ചാൽ ഇന്ധനവും സമയവും ലാഭിക്കാം.


19. ഭക്ഷണശൈലി മാറ്റു.

  • പാചകം ആവശ്യമില്ലാത്ത വിഭവങ്ങളും ഭക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തുക. തേങ്ങ, മാങ്ങ, മല്ലി, പുതിന, മുതിര എന്നിവയുടെ ചമ്മന്തികൾ രുചികരവും പോഷകസമൃദ്ധവും ആണ്. പലതരത്തിലുള്ള പഴങ്ങൾ, സാലഡുകൾ, സാൻവിച്ചുകൾ എന്നിവയും മെനുവിൽ ഉൾപ്പെടുത്താം. അവിൽ, ബ്രഡ്, പഴങ്ങൾ തുടങ്ങിയവയൊക്കെ സൗകര്യം പോലെ പ്രാതലിനോ അത്താഴത്തിനോ പ്രയോജനപ്പെടുത്താം. ഇടയ്ക്കൊക്കെ തേങ്ങാച്ചോറ്, തക്കാളിച്ചോറ്, പുലാവ് എന്നിവ ഉണ്ടാക്കി ചോറ്, കറി, തോരൻ തുടങ്ങിയ വിസ്തരിച്ച പാചകരീതിയും ഇന്ധനച്ചെലവും കുറയ്ക്കാം.


20. മറക്കരുതേ..! 

  • പാചകവാതകം ലാഭിക്കാൻ ഒന്നിച്ച് കൂടുതൽ പാകം ചെയ്തു ഫ്രിജിൽ സൂക്ഷിച്ച്  ചൂടാക്കി ഉപയോഗിക്കുന്നവരുണ്ട്. അതുപാടില്ല. കാരണം ലാഭിച്ചതിനെക്കാൾ പതിന്മടങ്ങ് തുക ഇതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ  ചികിത്സിക്കാൻ വേണ്ടിവരും.


21. ഇൻഡക്ഷൻ കുക്കർ വേണോ?

  • ഗ്യാസ് ലാഭിക്കാൻ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നതും നല്ല ശീലമല്ല. കാരണം, വൈദ്യുതി ഉപയോഗം ഒരു യൂണിറ്റ് കൂടിയാൽ തന്നെ സബ്സിഡി നഷ്ടപ്പെട്ട് ഉയർന്ന നിരക്കിൽ വൈദ്യുതചാർജ് നൽകേണ്ടി വരുന്നവരാം


22. ഫ്രി​ഡ്ജി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണം 

  • തണുത്ത ഭക്ഷണം നേ​രി​ട്ട് അ​ടു​പ്പി​ൽ വെ​ക്കു​ന്ന​തി​നു പ​ക​രം ത​ണു​പ്പ് കു​റ​ഞ്ഞ ശേഷം അടുപ്പിൽ വെ​ക്കു​ക. 



Previous Post Next Post