പ്രവർത്തിപ്പിക്കാൻ പണചെലവില്ലാത്ത സൗരോർജ അടുപ്പ് കണ്ടുപിടിച്ച് കാലിക്കറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT)!!


തീരെ പ്രവർത്തന ചെലവ് വരാത്ത സൗരോർജ അടുപ്പ് വികസിപ്പിച്ചെടുത്തു കാലിക്കറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT Industrial Energy Research Laboratories, Kozhikode).


കേന്ദ്ര ബയോടെക്‌നോളജി വകുപ്പാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. എൻ.ഐ.ടി. സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ഒൺട്രപ്രനേർഷിപ്പ്  (Center for Innovation And Entrepreneurship)

ചെയർമാൻ പ്രൊഫ. എസ്. അശോകിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. 


ഗ്യാസ് വില റോക്കറ്റ് പോലെ ഉയരുന്നതും. വൈദ്യുതി നിരക്ക് കൂടിയതും സാധാരണക്കാരുടെ അടുക്കളയിൽ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ  സൗരോർജത്തിൽ പ്രവർത്തിക്കുന്ന  സോളാർ സ്റ്റൗ വളരെയധികം പ്രതീക്ഷ നൽകുന്നു.


പ്രവർത്തനച്ചെലവ് ഇല്ലാത്തതും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണെന്ന് ഡോ. വി. കാർത്തികേയൻ പറഞ്ഞു. 


വീടുകളിലും തട്ടുകടകളിലും നടത്തിയ പരീക്ഷണത്തിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.


സൂര്യപ്രകാശത്തിൽ ഉപയോഗിക്കാവുന്ന

സിംഗ്ൾ, ഡബ്ൾ സ്റ്റൗ മോഡലുകളാണ്

 അവതരിപ്പിച്ചിട്ടുള്ളത്.  ഇത് ഗാർഹിക പാചകത്തിന് അനുയോജ്യമാണ്. തട്ടുകടകളിൽ എല്ലാത്തരം പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. തട്ടുകടയുടെ മേൽക്കൂരക്ക് മുകളിൽ സോളാർ പാനൽ സൂക്ഷിക്കാം. 

രണ്ടാമത്തെ മോഡലിൽ, വെയിലില്ലാത്ത സമയങ്ങളിൽ പാചകം ചെയ്യാൻ കൺട്രോൾ യൂണിറ്റിനൊപ്പം ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സോളാർ പാനൽ റേറ്റിങും ബാറ്ററിശേഷിയും ആവശ്യകതയനുസരിച്ച് വർധിപ്പിക്കാം. വെയിലില്ലാത്ത സമയങ്ങളിൽ ബാറ്ററി ചാർജ് തീർന്നാലും സ്റ്റൗ സ്വമേധയാ വൈദ്യുതിയിലേക്കുമാറും. അടുപ്പ് കാർബൺ മോണോക്സൈഡും പുറത്തുവിടില്ല.


സ്റ്റൗവിന്റെ ടച്ച് പാഡ് ഇൻഡക്‌ഷൻ കുക്കറിന് സമാനമാണ്. റേഡിയേഷൻ ഇല്ല. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വംനൽകിയ ഡോ. വി. കാർത്തികേയൻ പറഞ്ഞു


പട്ടണത്തിൽ നിന്ന് അകന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്കും ജീവിക്കുന്നവർക്കും  ഇത് വളരെ ഉപയോഗപ്രദമാണ്. 


സോളാർ പാനലുള്ള സിംഗ്ൾ സ്റ്റൗവിന് ഏകദേശം 10,000 രൂപയും ഡബിൾ സ്റ്റൗവിന് ഏകദേശം 15,000 രൂപയും ആണ് ആകെ ചെലവ്.


Previous Post Next Post