പോഷകാഹാരക്കുറവ് കുറവ് പരിഹരിക്കാൻ പ്രത്യേക പോഷകഗുണമുള്ള (ഫോർട്ടിഫൈഡ്) അരി വരുന്നു!!

പോഷകാഹാരക്കുറവ് (Malnutrition) പരിഹരിക്കാൻ സർക്കാർ പദ്ധതികൾ മുഖേന ഫോർട്ടിഫൈഡ് അരി  (Fortified Rice) വിതരണം ചെയ്യും.


പദ്ധതി നടത്തിപ്പിനു പ്രതിവർഷ ചെലവ് 2700 കോടി രൂപ വരും. 2024 വരെ ഇതിന്റെ പൂർണ ചെലവ് വഹിക്കുക കേന്ദ്രമാണ്.


ഈ പദ്ധതിയുടെ ലക്ഷ്യം വിളർച്ചയും രക്തക്കുറവും പരിഹരിക്കുകയെന്നതാണ്. 



എന്താണ് നിലവിലുള്ള അരിയുടെ പോരായ്മ?

•  വെള്ള അരിയായാലും ചുവപ്പ് അരിയായാലും സ്വാഭാവികമായി അതിലുള്ള തവിട് കളയാതെ ഉപയോഗിക്കുമ്പോൾ അത് പോഷകസമ്പുഷ്ടമാണ്. 


•  കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ അരി പോളിഷ് ചെയ്യുമ്പോൾ അതിലെ തവിട് നഷ്ടപ്പെടുകയും പോഷകഗുണങ്ങൾ വലിയ അളവിൽ ഇല്ലാതാകുകയും ചെയ്യുന്നു. 


ഇന്ത്യയിൽ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത് ഇത്തരം അരിയാണ്. അതിനാൽത്തന്നെ അവശ്യ പോഷകഘടകങ്ങൾ ലഭ്യമല്ലാത്തതിനാൽ അതിന്റെ കുറവുമൂലമുള്ള വിളർച്ചയും രക്തക്കുറവും സംഭവിക്കുകയും അതുമൂലമുള്ള രോഗങ്ങൾ വർധിക്കുകയും ചെയ്യുന്നു. കുട്ടികളിലും സ്ത്രീകളിലുമാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. 


എന്താണ് ഫോർട്ടിഫൈഡ് റൈസ്?

ഈ സാഹചര്യത്തിലാണ് അരിയിൽ കൃത്രിമമായി പോഷകവസ്തുക്കൾ ചേർത്ത് ഫോർട്ടിഫൈഡ് റൈസ് എന്ന രീതി കൊണ്ടുവരുന്നത്. ഫോളിക് ആസിഡ്, അയേൺ (ഇരുമ്പ്), സിങ്ക്, വിറ്റാമിൻ എ, ബി1, ബി2, ബി3, ബി6, ബി 12 എന്നിവ ചേർത്താണ് അരി സമ്പുഷ്ടമാക്കുന്നത്. അരി പൊടിരൂപത്തിലാക്കുകയാണ് ഇതിന്റെ ആദ്യപടി. പിന്നീട് നേരത്തെ പറഞ്ഞ പോഷകഘടകങ്ങൾ വെള്ളവുമായി ചേർത്ത്, പൊടിച്ച അരിയോടൊപ്പം കലർത്തുന്നു. ഈ കുഴമ്പ് മെഷീനിലൂടെ കടത്തിവിട്ട് സാധാരണ അരിയുടെ രൂപത്തിലാക്കുന്നു. ഇതാണ് ഫോർട്ടിഫൈഡ് അരി.


പോഷകസമ്പുഷ്ടമായ ഈ അരി പിന്നീട് സാധാരണ അരിയോടൊപ്പം ചേർക്കുന്നു. ഒരു കിലോഗ്രാം സാധാരണ അരിയിൽ പത്ത് ഗ്രാം ഫോർട്ടിഫൈഡ് അരിയാണ് ചേർക്കേണ്ടതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്നു.



ഇത്  ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?

ഫോർട്ടിഫൈഡ് അരിയെന്നത് പ്ലാസ്റ്റിക് അരിയാണെന്ന ചിലർ ധരിച്ചു വെച്ചിരിക്കുന്നത് തെറ്റാണെന്ന് എഫ്സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) അധികൃതർ പറയുന്നു.


ആന്ധ്രയിൽ ഫോർട്ടിഫൈഡ് അരിയുടെ ഉപയോഗം വ്യാപകമായി ആരംഭിച്ചുകഴിഞ്ഞു. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 17 ലക്ഷം കുട്ടികൾക്ക് ഇവ നൽകിക്കഴിഞ്ഞതായി എഫ്​സിഐ പറയുന്നു. 55,607 അങ്കണവാടികളിലൂടെയും ഇത് വിതരണം ചെയ്തുകഴിഞ്ഞു. കേരളത്തിലും വൈകാതെ ഈ അരി വ്യാപകമാകുമെന്നു പറയുന്നു. 3 ഘട്ടങ്ങളിലായി രണ്ടുവർഷത്തിനകം രാജ്യം മുഴുവൻ ഇത് വ്യാപിപ്പിക്കാനാണ്


 എഫ്സിഐയും വിവിധ സർക്കാർ ഏജൻസികളും ചേർന്ന് ഇതിനകംതന്നെ 88.65 ലക്ഷം മെട്രിക് ടൺ ഫോർട്ടിഫൈഡ് അരി ശേഖരിച്ചിട്ടുള്ളതായി പറയുന്നു. 


അപ്പോൾ ബയോ ഫോർട്ടിഫിക്കേഷൻ എന്താണ്? അത് അപകടകരമാണോ?


ഫോർട്ടിഫിക്കേഷൻ രണ്ടുതരത്തിലുണ്ട്. 


• സാധാരണ ഫോർട്ടിഫിക്കേഷനും 

• ബയോ ഫോർട്ടിഫിക്കേഷനും


 ജെനിറ്റിക് എൻജിനീയറിങ് സാങ്കേതികവിദ്യ പ്രകാരം ഉണ്ടാക്കിയെടുക്കുന്ന നെല്ലിൽനിന്ന് അരിയുണ്ടാക്കുന്നതിനെയാണ് ബയോ ഫോർട്ടിഫിക്കേഷൻ എന്നുപറയുന്നത്. 

 

വിറ്റാമിനുകളും പോഷകഘടകങ്ങളും ഉൾച്ചേർന്ന നെല്ലിനം കൃഷി ചെയ്ത് അരി ഉണ്ടാക്കുന്നു. ഇതിനായി പോഷകഘടകങ്ങളുടെ ജീൻ നെല്ലിൽ ഉൾക്കൊള്ളിക്കണം.


 പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുത്ത ഗോൾഡൻ റൈസ് ഇത്തരത്തിൽ പെട്ടതാണ്. നേരിയ മഞ്ഞനിറമുള്ള ഗോൾഡൻ റൈസ് വിറ്റാമിൻ എ കൊണ്ട് സമ്പുഷ്ടമാണ്. പക്ഷേ നെല്ലിൽ ജീൻ ഉൾക്കൊള്ളിക്കൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുള്ളതിനാൽ ബയോ ഫോർട്ടിഫിക്കേഷൻ പ്രോത്സാഹിപ്പിക്കുന്നില്ല. 

 

ഇത്തരം ജീനിനൊപ്പം ആന്റി ബയോട്ടിക് റെസ്റ്റിസ്റ്റൻസ് ജീൻ കൂടി അരിയിൽ ഉൾക്കൊള്ളിക്കേണ്ടിവരുമെന്നതാണ് പ്രശ്നം. ഇത്തരം ജീൻ ശരീരത്തിൽ കടന്നാൽ ആന്റിബയോട്ടിക് മരുന്നുകളോട് ശരീരം പ്രതികരിക്കാതാകും. അതിനാൽത്തന്നെ ബയോ ഫോർട്ടിഫിക്കേഷനെക്കുറിച്ചുള്ള ഗവേഷകർകിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

Previous Post Next Post