ഒരു നിമിഷം കൊണ്ട് ബഹിരാകാശത്തും അടുത്ത നിമിഷം തിരികെ ഭൂമിയിലും ഒരു ഡോക്ടറെ എത്തിച്ചു!! നാസയുടെ ഹോളോപോര്‍ട്ടേഷന്‍ ഗംഭീര വിജയം!!!


ഹോളോപോര്‍ട്ടേഷന്‍ (Holoportation)

എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ  ഭൂമിയിലുള്ള ഡോക്ടര്‍  ബഹിരാകാശ നിലയ

(International Space Station-ISS)

ത്തിലെത്തി. തൊട്ടടുത്ത നിമിഷം തിരികെ ഭൂമിയിലും.    ഹോളോപോര്‍ട്ടേഷന്‍ എന്ന സാങ്കേതികവിദ്യയുടെ സഹായത്തിലാണ് നാസ ഈ അപൂര്‍വ പരീക്ഷണം വിജയകരമായി നടത്തിയിരിക്കുന്നത്. 


ഹോളോപോര്‍ട്ടേഷന്‍ വഴി എത്തിയവരെ കാണാനും തല്‍സമയം ആശയവിനിമയം നടത്താനും ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരിക്ക് സാധിക്കുകയും ചെയ്തു. അതേസമയം ഈ ഡോക്ടര്‍മാരുടെ സംഘത്തിന്റെ ശരീരം യഥാര്‍ഥത്തില്‍ ഭൂമിയില്‍ തന്നെയായിരുന്നു ഈ സമയമെല്ലാം. 

2016ല്‍ അവതരിപ്പിച്ച മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് ( Microsoft's HoloLens technology) പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ്

ഹോളോപോര്‍ട്ടേഷന്‍ സാധ്യമായത്. ഇത്തരം ഉപകരണങ്ങള്‍ ധരിച്ചവര്‍ക്ക് മാത്രമാണ് വിദൂരത്തു നിന്നും ചിത്രീകരിച്ച് തല്‍സമയം അയക്കുന്ന ഡിജിറ്റല്‍ 3D രൂപങ്ങളുമായി സംവേദിക്കാനാവുക. തല്‍സമയം മനുഷ്യരെ തൊട്ടടുത്തെന്ന പോലെ കാണാനും അവരുമായി ആശയവിനിമയം നടത്താനും ഹോളോപോര്‍ട്ടേഷന്‍ വഴി സാധിക്കും. 


യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സഞ്ചാരിയായ തോമസ് പെസ്‌ക്വറ്റാണ് (astronaut Thomas Pesquet) ഐഎസ്എസില്‍ നിന്നും അനുയോജ്യമായ ഹെഡ്‌സെറ്റ് ധരിച്ച് ഇതിൽപങ്കെടുത്തത്. 


നാസയുടെ ഫ്‌ളൈറ്റ് സര്‍ജന്‍ ജോസഫ് ഷ്മിഡും (Dr. Josef Schmid) സംഘവുമാണ് പെസ്‌ക്വിറ്റുമായി തൊട്ടടുത്തെന്ന നിലയില്‍ ബഹിരാകാശ നിലയത്തിലെത്തി സംവേദിച്ചത്. 


"ഇതൊരു തീര്‍ത്തും പുതിയ രീതിയിലുള്ള ആശയവിനിമയവും അനുഭവവുമായിരുന്നു. പ്രത്യേകിച്ച് ഇത്രയും വലിയ ദൂരത്തില്‍. ഭൂമിക്ക് പുറത്തേക്ക് പോലും പുതിയ രീതിയില്‍ മനുഷ്യന് സഞ്ചരിക്കാനും ആശയവിനിമയം നടത്താനുമുള്ള സാധ്യതകളാണ് ഇത് നൽകുന്നത്" എന്നാണ് ഷ്മിഡിൻ്റെ അഭിപ്രായം.


ഇപ്പോള്‍ ഭൂമിയിലിരുന്ന മനുഷ്യരുടെ 3D രൂപം ബഹിരാകാശ നിലയത്തിലെത്തിക്കുകയാണ് നാസ ചെയ്തത്. ഭാവിയില്‍ രണ്ട് ഭാഗത്തുമുള്ളവരുടെ 3D രൂപങ്ങള്‍ സംവദിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ കഴിയും. ഇപ്പോള്‍ പെസ്‌ക്വറ്റ് മാത്രമാണ് ഓഗ്മെന്റ് റിയാലിറ്റി (Augmented Reality) ഹെഡ്‌സെറ്റ് ധരിച്ചതെങ്കില്‍ ഭൂമിയിലെ ഡോക്ടര്‍മാര്‍ കൂടി എആര്‍ ഹെഡ്‌സെറ്റ് ധരിക്കേണ്ടി വരും. ഇങ്ങനെ എആര്‍ ഹെഡ്‌സെറ്റുകള്‍ ധരിച്ച് 3D രൂപങ്ങളോട് നേരിട്ടെന്ന പോലെ ആശയവിനിമയം നടത്തുമ്പോള്‍ മറ്റൊരാളുടെ കാഴ്ചകളിലേക്ക് നമ്മള്‍ എത്തിപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.


ഭാവിയിലെ ബഹിരാകാശ യാത്രകളിലും ഭൂമി വിട്ട് പുറത്തേക്കുള്ള ദൗത്യങ്ങളിലുമെല്ലാം വലിയ സാധ്യതകളാണ് ഹോളോപോര്‍ട്ടേഷന്‍ മുന്നോട്ടുവെക്കുന്നതെന്ന് ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പേസിന്റെ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ മാന്‍ഡര്‍ (Christian Maender)  പറഞ്ഞിട്ടുണ്ട്. 


കഠിനമായ കാലാവസ്ഥാ വെല്ലുവിളികളുള്ള അന്റാര്‍ട്ടിക്കയിലും എണ്ണകിണറുകളിലും സൈനിക ഓപറേഷനുകള്‍ക്കിടയിലുമൊക്കെ വിദഗ്ധ സാന്നിധ്യവും സഹായവും നേരിട്ടെന്ന പോലെ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ഒരേ വിഷയത്തില്‍ അതിവിദഗ്ധരായ രണ്ട് പേര്‍ക്ക് ഒരു കൂട്ടം വിദ്യാര്‍ഥികളോട് ഭൂമിയുടെ രണ്ടറ്റത്തിരുന്നാലും നേരിട്ട് സംവദിക്കാനുള്ള സാധ്യതയും ഹോളോപോര്‍ട്ടേഷന്‍ മുന്നോട്ടുവെക്കുന്നു. മനുഷ്യന്‍ എവിടെയിരുന്നാലും അവന്റെ സാന്നിധ്യം ആവശ്യമുള്ളിടത്തേക്ക് എത്തിക്കാന്‍ ഈ സാങ്കേതികവിദ്യവഴി സാധിക്കും.



Previous Post Next Post