വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകളും എളുപ്പത്തിൽ വീണ്ടെടുക്കാനുള്ള വഴികളും

 


ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഹാക്കിംഗ് ഭീഷണികളെ നേരിടുന്നത് ഇപ്പോൾ പതിവാണ്. കേവലമൊരു ചാറ്റ് പ്ലാറ്റ്‌ഫോം എന്നതിലുപരി, വാട്‌സ്ആപ്പ് പേ അടക്കമുള്ള സാമ്പത്തിക ഇടപാടുകൾക്ക് കൂടി ഉപയോഗിക്കുന്നതിനാൽ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ സ്വകാര്യവിവരങ്ങളും പണമിടപാടുകളുമെല്ലാം വലിയ അപകടത്തിലാകും.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ ചെറിയ ചില സൂചനകളിലൂടെ അത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വേഗത്തിൽ വീണ്ടെടുക്കാനുള്ള വഴികളും ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളും ഇതാ:

 ഹാക്ക് ചെയ്യപ്പെട്ടാൽ ലഭിക്കുന്ന പ്രധാന സൂചനകൾ

അപ്രതീക്ഷിത ലോഗൗട്ട്: നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് തനിയെ ലോഗൗട്ടാവുകയോ അല്ലെങ്കിൽ 'ഈ നമ്പറിൽ വാട്‌സ്‌ആപ്പ് ലഭ്യമല്ല' എന്ന മുന്നറിയിപ്പ് കാണിക്കുകയോ ചെയ്താൽ, മറ്റാരോ നിങ്ങളുടെ നമ്പറിൽ വാട്‌സ്ആപ്പ് ലോഗിൻ ചെയ്തിരിക്കാൻ സാധ്യതയുണ്ട്.

 നിങ്ങൾ അയക്കാത്ത സന്ദേശങ്ങൾ: നിങ്ങൾ അയക്കാത്ത സന്ദേശങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ലഭിച്ചതായി അവർ പറയുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.

 അപരിചിതമായ 'ലിങ്ക്ഡ് ഡിവൈസുകൾ': വാട്‌സ്ആപ്പ് സെറ്റിങ്‌സിലെ 'Linked Devices' ഓപ്ഷൻ തുറന്ന് നോക്കുക. നിങ്ങൾക്ക് അപരിചിതമായ ഡിവൈസുകളോ ബ്രൗസറുകളോ ലൊക്കേഷനുകളോ ഈ ലിസ്റ്റിൽ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കാം.

 പെട്ടെന്ന് തീരുന്ന ബാറ്ററി, ഫോണിന് ചൂട്: സ്പൈവെയറുകളോ മാൽവെയറുകളോ ഉപയോഗിച്ച് ആരെങ്കിലും നിങ്ങളുടെ ഫോണിൽ പ്രവേശിച്ചാൽ, ബാക്ക്‌ഗ്രൗണ്ടിൽ അനാവശ്യ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഫോൺ അസ്വാഭാവികമായി ചൂടാവുകയും ബാറ്ററി വേഗത്തിൽ തീരുകയും ചെയ്യും.

അപരിചിത കോൺടാക്റ്റുകളും ഗ്രൂപ്പുകളും: സംശയാസ്പദമായ പുതിയ കോൺടാക്റ്റുകളോ ഗ്രൂപ്പുകളോ ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളോ നിങ്ങളുടെ വാട്സ്ആപ്പിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടാൽ, അത് ഒരു സ്കാം തട്ടിപ്പിന്റെ ഭാഗമായേക്കാം.

 ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാനും സുരക്ഷിതമാക്കാനുമുള്ള വഴികൾ

അടിയന്തരമായി റീ-ഇൻസ്റ്റാൾ ചെയ്യുക: അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് തോന്നിയാൽ ഉടൻ തന്നെ വാട്‌സ്ആപ്പ് ആപ്പ് ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യുക. ശേഷം, വീണ്ടും ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് വെരിഫൈ ചെയ്ത് അക്കൗണ്ട് പുനഃസ്ഥാപിക്കുക.

ടു-സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമാക്കുക: വാട്‌സ്ആപ്പ് സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിത്. ഇത് എനാബിൾ ചെയ്താൽ, പുതിയ ഡിവൈസിൽ ലോഗിൻ ചെയ്യാൻ ഫോൺ നമ്പറിന് പുറമെ നിങ്ങൾ സെറ്റ് ചെയ്ത 6 അക്ക പിൻ കോഡ് കൂടി ആവശ്യമായി വരും.

ലിങ്ക് ചെയ്ത ഡിവൈസുകൾ ലോഗ്ഔട്ട് ചെയ്യുക: സെറ്റിങ്‌സിലെ 'Linked Devices' ഓപ്ഷനിൽ പോയി നിങ്ങൾക്ക് പരിചയമില്ലാത്തതോ ഉപയോഗിക്കാത്തതോ ആയ എല്ലാ ഡിവൈസുകളിൽ നിന്നും ഉടൻ തന്നെ ലോഗ് ഔട്ട് ചെയ്യുക.

ഒടിപി ആരുമായി പങ്കുവെക്കരുത്: വാട്‌സ്ആപ്പ് ഒടിപി (OTP) ഒരു കാരണവശാലും ആരുമായി പങ്കുവെക്കാതിരിക്കുക. കോളിലൂടെയോ മെസേജുകളിലൂടെയോ ലിങ്കുകൾ വഴിയോ ഹാക്കർമാർ നിങ്ങളെ സമീപിച്ച് ഒടിപി തട്ടിയെടുക്കാൻ ശ്രമിക്കാം.

അപ്ഡേറ്റുകൾ ഉറപ്പാക്കുക: സുരക്ഷാ പഴുതുകൾ ഒഴിവാക്കാൻ ഇടയ്ക്കിടയ്ക്ക് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും വാട്‌സ്ആപ്പ് ആപ്പും അപ്ഡേറ്റ് ചെയ്യുക.

Previous Post Next Post