വാട്‌സ്‌ആപ്പില്‍ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന പുത്തൻ ഫീച്ചറിതാ നിങ്ങളുടെ ഫോണിലേക്കും!


വാട്‌സ്‌ആപ്പില്‍ ഒരു സ്റ്റാറ്റസ് ഇടുമ്പോള്‍ 'ഇത് നാട്ടുകാരെയൊക്കെ കാണിക്കണോ?' എന്ന് നമ്മള്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

അടുത്ത സുഹൃത്തുക്കള്‍ മാത്രം കാണേണ്ട കാര്യങ്ങള്‍ക്കായി ഓരോ തവണയും സെറ്റിങ്‌സില്‍ പോയി പ്രൈവസി മാറ്റുക എന്നത് വലിയൊരു തലവേദനയാണ്. 

എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല! ഇൻസ്റ്റാഗ്രാമിലെ സൂപ്പർ ഹിറ്റ് ഫീച്ചറായ ‘ക്ലോസ് ഫ്രണ്ട്‌സ്’ വാട്‌സ്‌ആപ്പിലേക്കും എത്തുകയാണ്. 

പ്രിയപ്പെട്ടവർക്കായി മാത്രം ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കി അവർക്ക് മാത്രമായി സ്റ്റാറ്റസുകള്‍ ഷെയർ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും.

വാട്‌സ്‌ആപ്പ് ഫീച്ചറുകളെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന ‘വാബീറ്റ ഇൻഫോ’ (WABetaInfo) ആണ് ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്. 

ആൻഡ്രോയിഡ് ബീറ്റാ വേർഷനില്‍ ഈ ഫീച്ചറിന്റെ പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. ഇൻസ്റ്റാഗ്രാമില്‍ നമ്മള്‍ കാണാറുള്ളത് പോലെ, ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവർ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്ക് ചുറ്റും പ്രത്യേക നിറത്തിലുള്ള ഒരു ‘റിങ്’ (Ring Indicator) ഉണ്ടാകും.

നിങ്ങളുടെ പ്രൈവസി സെറ്റിങ്‌സിലൂടെയോ അല്ലെങ്കില്‍ സ്റ്റാറ്റസ് ഇടുന്ന സ്ക്രീനില്‍ നിന്നോ നേരിട്ടോ ഈ ലിസ്റ്റ് മാനേജ് ചെയ്യാം. ലിസ്റ്റില്‍ ആരെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ഏതു നിമിഷവും നിങ്ങള്‍ക്ക് തീരുമാനിക്കാം. 

നിലവില്‍ വികസന ഘട്ടത്തിലുള്ള ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവരിലേക്കും എത്തും. ഇതോടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ കൂടുതല്‍ വ്യക്തിപരവും സ്വകാര്യവുമാക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും.

Previous Post Next Post