വിവോ ഐക്യൂ ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം സൈബർ തട്ടിപ്പിനെതിരെ കേരള പൊലീസിന്റെ മുന്നറിയിപ്പ്


 വിവോ ഐക്യൂ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ഒറിജിൻ ഒ എസ് അപ്ഡേറ്റ് എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്ന രീതിയാണിത്.

ഫോൺ ഉപയോഗിക്കുന്നതിനിടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്ന പോപ്പ് അപ്പ് സന്ദേശം വരികയും അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാൽവെയർ അടങ്ങിയ എ പി കെ ഫയലുകൾ ഫോണിൽ ഡൗൺലോഡ് ആവുകയും ചെയ്യുന്നു. ഇതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും. ക്യാമറ മൈക്രോഫോൺ എസ് എം എസ് എന്നിവ വഴി വിവരങ്ങൾ ചോർത്തി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാനാണ് ഇത്തരം സംഘങ്ങൾ ശ്രമിക്കുന്നത്.

ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചു. സെറ്റിങ്സിലെ സിസ്റ്റം അപ്ഡേറ്റ് വഴി മാത്രം ഫോൺ പുതുക്കുക. ഇൻസ്റ്റാൾ ഫ്രം അൺനോൺ സോഴ്സസ് എന്ന ഓപ്ഷൻ ഓഫ് ചെയ്തു വെക്കണം. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.

 

Previous Post Next Post