മൊബൈൽ റീചാർജ് ചെയ്യുന്നതിനായി ഇനി ഗൂഗിൾ പേയോ ഫോൺ പേയോ പോലുള്ള മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടതില്ല. പ്രീപെയ്ഡ് മൊബൈൽ നമ്പറുകൾ നേരിട്ട് റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം വാട്‌സ്ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള പേയ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് ഈ സേവനം ലഭ്യമാക്കുന്നത്.
എയർടെൽ, ജിയോ, വിഐ എന്നീ പ്രമുഖ ടെലികോം സേവനദാതാക്കളുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി വാട്‌സ്ആപ്പ് വഴി തന്നെ തിരഞ്ഞെടുത്ത് റീചാർജ് ചെയ്യാം. നിലവിൽ മെട്രോ ടിക്കറ്റ് ബുക്കിംഗ്, ബിൽ പേയ്‌മെന്റുകൾ തുടങ്ങിയ സേവനങ്ങൾ വാട്‌സ്ആപ്പിലുണ്ടെങ്കിലും, റീചാർജ് സൗകര്യം കൂടി എത്തുന്നതോടെ ആപ്പിനെ ഒരു സമ്പൂർണ്ണ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സേവനം ഉടൻ ലഭ്യമാകും.
റീചാർജ് ചെയ്യേണ്ട വിധം
വാട്‌സ്ആപ്പ് ആപ്പിലെ ക്യാമറ ഐക്കണിന് സമീപമുള്ള രൂപ (Rupee) ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന മെനുവിൽ നിന്നും മൊബൈൽ പ്രീപെയ്ഡ് റീചാർജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പറും ടെലികോം ഓപ്പറേറ്ററെയും നൽകിയ ശേഷം ഇഷ്ടപ്പെട്ട പ്ലാൻ സെലക്ട് ചെയ്യാം. യുപിഐ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി പേയ്‌മെന്റ് നടത്തി റീചാർജ് പൂർത്തിയാക്കാവുന്നതാണ്.
