ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് എന്നിവയ്ക്കായി പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ മെറ്റ അവതരിപ്പിച്ചു. പരസ്യങ്ങൾക്ക് പുറമെ കൂടുതൽ വരുമാന മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയാണ് കമ്പനിയുടെ ഈ പുതിയ നീക്കം. ഉപയോക്താക്കൾ പണം നൽകിയാൽ കൂടുതൽ ഫീച്ചറുകൾ ലഭ്യമാകുന്ന പ്ലസ് പതിപ്പുകളാണ് മെറ്റ ലഭ്യമാക്കുന്നത്.
ഇൻസ്റ്റഗ്രാം പ്ലസ്, ഫെയ്സ്ബുക്ക് പ്ലസ് എന്നിവയ്ക്കായി ഒരു മാസത്തേക്ക് 3.99 ഡോളർ (ഏകദേശം 379 രൂപ) വീതവും വാട്സ്ആപ്പ് പ്ലസിന് വേണ്ടി 2.99 ഡോളറുമാണ് (ഏകദേശം 284 രൂപ) ഈടാക്കുക. എന്നാൽ ഇന്ത്യയിൽ ഈ പ്ലാനുകൾക്ക് കൃത്യമായി എത്ര രൂപയാണ് ഈടാക്കുക എന്ന കാര്യത്തിൽ കമ്പനി നിലവിൽ വ്യക്തത നൽകിയിട്ടില്ല.
ഈ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് പ്രൊഫൈൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, സൂപ്പർ റിയാക്ഷനുകൾ, സ്റ്റോറി എത്ര പേർ കണ്ടുവെന്നതിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ തുടങ്ങിയ നിരവധി അധിക ഫീച്ചറുകൾ ലഭിക്കും. ഭാവിയിൽ ഈ പ്ലസ് പതിപ്പുകളിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്ന് മെറ്റയുടെ പ്രൊഡക്റ്റ് മേധാവി നവോമി ഗ്രെയിറ്റ് വ്യക്തമാക്കി.
പുതിയ മാറ്റങ്ങൾ അനുസരിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറികൾ 24 മണിക്കൂറിൽ അധികം നിലനിർത്താനും, കൂടുതൽ റീച്ച് ലഭിക്കുന്നതിനായി സ്പോട്ട് ലൈറ്റ് ചെയ്യാനും സാധിക്കും. വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രൈബേഴ്സിന് കസ്റ്റം തീമുകൾ, പ്രത്യേക റിങ് ടോണുകൾ, കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള സൗകര്യം, പ്രീമിയം സ്റ്റിക്കറുകൾ എന്നിവയും ലഭിക്കുന്നതാണ്.
