ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റവുമായി ഭാരത് പേ. ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പേയ്‌മെന്റുകൾ നടത്താൻ സഹായിക്കുന്ന ഭാരത് ഫ്ലക്സ് എന്ന പുതിയ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യെസ് ബാങ്കുമായി സഹകരിച്ച് ഭാരത് പേ ആപ്പിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായ രീതിയിലാണ് ഭാരത് ഫ്ലക്സിന്റെ പ്രവർത്തനം. ഈ സംവിധാനം വഴി കടമായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയാകും. നിശ്ചിത കാലാവധിക്കുള്ളിൽ തുക അടച്ചുതീർത്താൽ പലിശ ഈടാക്കില്ല എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ക്യൂ ആർ കോഡ് പേയ്‌മെന്റുകൾ, വിവിധ ബിൽ പേയ്‌മെന്റുകൾ, യാത്രാ ആവശ്യങ്ങൾ, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം ഈ തുക ഉപയോഗിക്കാം. ഭാരത് ഫ്ലക്സ് വഴി ഇടപാടുകൾ നടത്തുന്നവർക്ക് പ്രത്യേക റിവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കടമെടുക്കുന്ന തുക തവണകളായി തിരികെ നൽകാനുള്ള സൗകര്യവും ഇതിലുണ്ട്. ഉപഭോക്താക്കൾക്ക് 3 മാസം മുതൽ 12 മാസം വരെയുള്ള തവണകളായി (ഇഎംഐ) തുക തിരിച്ചടയ്ക്കാം.
ഭാരത് ഫ്ലക്സ് സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താം:
ആദ്യം ഭാരത് പേ ആപ്ലിക്കേഷൻ തുറക്കുക. അതിനുശേഷം ഭാരത് ഫ്ലെക്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് ഡിജിറ്റൽ കെ വൈ സി (KYC) പ്രക്രിയ പൂർത്തിയാക്കണം. ഇതോടെ നിങ്ങൾക്ക് ഒരു നിശ്ചിത ക്രെഡിറ്റ് തുക അനുവദിക്കപ്പെടും. ഈ തുക യുപിഐയുമായി ബന്ധിപ്പിച്ച ശേഷം പുതിയ യുപിഐ പിൻ സെറ്റ് ചെയ്ത് ഇടപാടുകൾ ആരംഭിക്കാവുന്നതാണ്.
