ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങൾക്ക് ഉപയോക്താക്കളിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കാനുള്ള നീക്കങ്ങളുമായി മെറ്റ രംഗത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വലിയ മത്സരങ്ങൾക്കായി കമ്പനി നടത്തുന്ന വൻതോതിലുള്ള നിക്ഷേപങ്ങളാണ് ഈ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ സാങ്കേതികവിദ്യയ്ക്കായി മെറ്റ 125 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുന്നുണ്ടെന്നാണ് വിവരം. ഈ ഭീമമായ ചെലവുകൾ നികത്തുന്നതിനും വരുമാന സ്രോതസ്സ് വർദ്ധിപ്പിക്കുന്നതിനുമാണ് കമ്പനി സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കുന്നത്.
നിലവിൽ ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്സ്ആപ്പ് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 99 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ പവർ ഉപയോക്താക്കൾക്കായി പ്രതിമാസം 775 രൂപ നിരക്കിലുള്ള മെറ്റ വൺ പ്ലസ്, 1,939 രൂപ നിരക്കിലുള്ള മെറ്റ വൺ പ്രീമിയം എന്നീ ഉയർന്ന ശ്രേണിയിലുള്ള പ്ലാനുകളും മെറ്റ പരീക്ഷിക്കുന്നുണ്ട്. ആഗോളതലത്തിൽ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നതിലൂടെ വാർഷിക വരുമാനത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
എങ്കിലും മെറ്റയുടെ ഈ തീരുമാനം വലിയ സംശയത്തോടെയാണ് വിപണി നിരീക്ഷകർ കാണുന്നത്. നിലവിൽ മെറ്റയുടെ വരുമാനത്തിന്റെ 97.6 ശതമാനവും പരസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. മൈക്രോസോഫ്റ്റിനെപ്പോലെയോ ഗൂഗിളിനെപ്പോലെയോ എന്റർപ്രൈസ് മേഖലയിൽ മെറ്റയ്ക്ക് വലിയ സ്വാധീനമില്ലാത്തത് ഇതിനൊരു വെല്ലുവിളിയാണ്. നിലവിലെ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറുകൾ പവർ ഉപയോക്താക്കൾക്ക് മാത്രം ഗുണകരമാകുന്ന ഒന്നാണെന്നും, ഇത് AI നിക്ഷേപത്തിന്റെ ചെലവ് കുറയ്ക്കാനുള്ള ഒരു താൽക്കാലിക മാർഗ്ഗം മാത്രമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
