ഡിജിറ്റല്‍ പേയ്മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഫോണ്‍പേ ആക്ടീവ് അല്ലാത്ത വാലറ്റുകള്‍ക്ക് പിഴ ഈടാക്കാന്‍ ഒരുങ്ങുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ഓരോ പാദത്തിലും വാലറ്റ് ഇനാക്ടിവിറ്റി മെയിന്റനന്‍സ് ഫീസ് എന്ന പേരില്‍ 100 രൂപയാണ് പിഴയായി ഈടാക്കുക. ഒരു വര്‍ഷ കാലയളവില്‍ വാലറ്റ് ഉപയോഗിച്ച് യാതൊരുവിധ ഇടപാടുകളും നടത്തിയിട്ടില്ലെങ്കിലാണ് ഈ തുക നഷ്ടമാകുക.
വാലറ്റില്‍ പിഴയീടാക്കുന്ന സമയത്ത് 100 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ അതില്‍ നിന്ന് നേരിട്ട് പണം ഈടാക്കും. അത്രയും തുക വാലറ്റിലില്ലെങ്കില്‍ ഉള്ള തുക മുഴുവനായി പിഴയായി ഈടാക്കുമെന്നും ഫോണ്‍പേ അറിയിച്ചു. ഇതോടെ മുഴുവന്‍ വാലറ്റ് ബാലന്‍സും ഡെബിറ്റ് ചെയ്യപ്പെടുകയും വാലറ്റ് ബാലന്‍സ് പൂജ്യമായി മാറുകയും ചെയ്യും. എന്നാല്‍ ബാലന്‍സ് ഒരിക്കലും നെഗറ്റീവ് ആകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ഇനാക്ടീവ് വാലറ്റ്
കഴിഞ്ഞ 365 ദിവസത്തിനുള്ളില്‍ ഒരു ഉപയോക്താവ് ഫോണ്‍ പേ വാലറ്റ് വഴി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെങ്കില്‍ ആ വാലറ്റിനെ ഇനാക്ടീവ് അഥവാ നിഷ്‌ക്രിയ വാലറ്റ് എന്ന് അടയാളപ്പെടുത്തും. ഫോണ്‍പേ ആപ്ലിക്കേഷനില്‍ പ്രവേശിക്കുകയോ, യുപിഐ ഇടപാടുകള്‍ നടത്തുകയോ, റീചാര്‍ജ്, ബില്‍ പേയ്മെന്റുകള്‍, കെവൈസി പുതുക്കല്‍ തുടങ്ങിയ വാലറ്റ് ഇതര ഇടപാടുകള്‍ നടത്തുകയോ ചെയ്താലും വാലറ്റ് വഴി ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ പിഴയില്‍ നിന്നും രക്ഷാപ്പെടാനാവില്ല.
എന്തുകൊണ്ട് ഈ ഫീസ് ഈടാക്കുന്നു
ആപിന്റെ മെയിന്റിനന്‍സ് ഉള്‍പ്പടെയുള്ള ചെലവുകള്‍ക്കായിട്ടാണ് ഈ തുക വിനിയോഗിക്കുന്നത് എന്നാണ് ഫോണ്‍പേ അറിയിച്ചിട്ടുള്ളത്. വാലറ്റ് ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ പണമീടാക്കുന്നതിന് 15 ദിവസം മുമ്പ് ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഈ 15 ദിവസത്തിനുള്ളില്‍ വാലറ്റ് വഴി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയാല്‍ വാലറ്റ് സ്റ്റാറ്റസ് ആക്റ്റീവ് ആയി മാറുകയും പിഴയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. മുന്നറിയിപ്പ് ലഭിച്ച് 15 ദിവസമായിട്ടും ഇടപാടുകള്‍ ഒന്നും നടത്തിയില്ലെങ്കില്‍ പതിനഞ്ചാം ദിവസമാണ് വാലറ്റ് ബാലന്‍സില്‍ നിന്ന് ഫീസ് കുറയ്ക്കുക.
