വഴിയറിയാൻ മാത്രമല്ല; യാത്രയിൽ ഭക്ഷണവും താമസവും കണ്ടെത്താൻ ഇനി ഗൂഗിൾ മാപ്പ്

 


ഗൂഗിൾ മാപ്‌സ് ഇനി വഴിയറിയാൻ മാത്രമല്ല. യാത്ര ചെയ്യുന്നതിനിടയിൽ ഭക്ഷണം ഓർഡർ ചെയ്യാനും താമസിക്കാൻ ഹോട്ടലുകൾ കണ്ടെത്താനുമൊക്കെ സഹായിക്കുന്ന മികച്ച എഐ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മാപ്‌സ്.

പുതിയ ഏതെങ്കിലും സ്ഥലത്ത് യാത്ര ചെയ്യുമ്പോൾ ഗൂഗിൾ മാപ്‌സിലെ 'ആസ്‌ക് മാപ്‌സ്' (Ask Maps) ഫീച്ചറിനോട് നിങ്ങൾക്ക് കഴിക്കാൻ ആഗ്രഹമുള്ള വിഭവത്തെക്കുറിച്ച് ചോദിക്കാം. നിങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ഈ ഭക്ഷണം ലഭിക്കുന്ന മികച്ച റെസ്റ്റോറന്റുകൾ മാപ്‌സ് കണ്ടെത്തിത്തരും. അവ അന്നേദിവസം തുറന്നിട്ടുണ്ടോ എന്നും നിങ്ങളുടെ ഭക്ഷണ രീതികൾക്ക് അനുയോജ്യമാണോ എന്നും പരിശോധിക്കും. റെസ്റ്റോറന്റ് തിരഞ്ഞെടുത്താൽ, ആ വിഭവം ആപ്പിന്റെ കാർട്ടിലേക്ക് ചേർത്ത് ഓർഡർ ചെയ്യാനും സഹായിക്കും.

പലതരം ഫിൽറ്ററുകൾ മാറ്റി മാറ്റി സമയം കളയാതെ ഇനി കൃത്യമായ ആവശ്യങ്ങൾ മാപ്‌സിനോട് ടൈപ്പ് ചെയ്തു ചോദിക്കാം.

യാത്രാ വേളയിൽ താമസിക്കാൻ സമീപമുള്ള, വിശാലമായ മുറികളുള്ള ബജറ്റ് ഫ്രണ്ട്‌ലി ഫാമിലി ഹോട്ടൽ കണ്ടെത്തുക എന്ന് ചോദിച്ചാൽ, നിലവിലെ മുറി വാടകയും ലഭ്യതയും പരിശോധിച്ച് ഏറ്റവും അനുയോജ്യമായ ഹോട്ടലുകൾ മാപ്‌സ് മുന്നിലെത്തിക്കും. കൂടാതെ, തങ്ങുന്ന സ്ഥലത്തിന് സമീപം നടക്കുന്ന പ്രാദേശിക ഉത്സവങ്ങൾ, സംഗീത പരിപാടികൾ, മറ്റ് കാഴ്ചകൾ എന്നിവ കണ്ടെത്താനും അവയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ലിങ്കുകളും മാപ്‌സ് നൽകും.

ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകമായി ചില ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ബസ്, മെട്രോ, ട്രെയിൻ, ഫെറി സർവീസുകളുടെ തത്സമയ വിവരങ്ങൾ ഇനി കൂടുതൽ കൃത്യതയോടെ മാപ്പിൽ അറിയാനാകും. പേഴ്‌സണൽ ഇന്റലിജൻസാണ് മറ്റൊന്ന്. നിങ്ങളുടെ ജിമെയിൽ സന്ദേശങ്ങളുമായി ബന്ധിപ്പിക്കാൻ അനുവാദം നൽകിയാൽ, ടിക്കറ്റ് ബുക്കിങ്ങുകളും ഹോട്ടൽ കൺഫർമേഷനുകളും മനസ്സിലാക്കി യാത്രാ പദ്ധതികൾക്ക് അനുയോജ്യമായ നിർദ്ദേശങ്ങൾ ആപ്പ് തനിയെ നൽകും.

യാത്രകളെയും ഭക്ഷണ അനുഭവങ്ങളെയും തികച്ചും ലളിതമാക്കുന്ന രീതിയിലേക്കാണ് ഗൂഗിൾ മാപ്‌സിന്റെ ഈ പുതിയ മാറ്റം.

 

Previous Post Next Post