യൂട്യൂബിൽ ഇനി പണം സമ്പാദിക്കൽ എളുപ്പമല്ല: വരുമാന മാനദണ്ഡങ്ങൾ കടുപ്പിച്ച് കമ്പനി



ന്യൂഡൽഹി: പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് തങ്ങളുടെ പാർട്ണർ പ്രോഗ്രാം വഴി വരുമാനം നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ഇരട്ടിയാക്കി കടുപ്പിച്ചു. യൂട്യൂബ് പ്രീമിയത്തിൽ നിന്നും പരസ്യങ്ങളിൽ നിന്നും വരുമാനം ലഭിക്കുന്നതിന് ഇനി മുതൽ കൂടുതൽ വാച്ച് അവറുകളും വ്യൂസും നിർബന്ധമാണ്. 2027 ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

പുതിയ നിബന്ധനകൾ പ്രകാരം വരുമാനം നേടാൻ കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 ക്വാളിഫൈഡ് വാച്ച് അവറുകൾ പൂർത്തിയാക്കണം. അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ രണ്ട് കോടി ക്വാളിഫൈഡ് ഷോർട്സ് വ്യൂകൾ നേടേണ്ടതുണ്ട്. നിലവിൽ 4000 വാച്ച് അവറുകൾ അല്ലെങ്കിൽ ഒരു കോടി ഷോർട്സ് വ്യൂ ആയിരുന്നു ഇതിനുള്ള പരിധി. എന്നാൽ ചാനലുകൾക്ക് കുറഞ്ഞത് ആയിരം സബ്‌സ്‌ക്രൈബർമാർ ഉണ്ടായിരിക്കണമെന്ന നിലവിലെ നിബന്ധനയിൽ മാറ്റമില്ല.

നിലവിൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ അംഗങ്ങളായവരെയും ഈ തീരുമാനം ബാധിക്കും. ഷോർട്സ് വീഡിയോകളിൽ നിന്ന് പ്രതിമാസ പരസ്യ, സബ്‌സ്‌ക്രിപ്ഷൻ വരുമാനം തുടർച്ചയായി ലഭിക്കാൻ ക്രിയേറ്റർമാർ 90 ദിവസത്തെ റോളിങ് കാലയളവിൽ ഒരു കോടി വ്യൂകൾ നിലനിർത്തേണ്ടി വരും. വ്യൂസ് ഈ പരിധിക്ക് താഴെ പോകുന്ന ചാനലുകൾ പ്രോഗ്രാമിൽ തുടരുമെങ്കിലും ഷോർട്സ് വരുമാനം താൽക്കാലികമായി നിലയ്ക്കും. എന്നാൽ ലോങ് ഫോം വീഡിയോകളിൽ നിന്നുള്ള വരുമാനത്തെ ഇത് ബാധിക്കില്ല. വ്യൂസ് വീണ്ടും നിശ്ചിത പരിധിയിൽ എത്തിയാൽ ഷോർട്സ് വരുമാനം പുനരാരംഭിക്കും.

 

Previous Post Next Post