വാട്‌സ്ആപ്പിൽ വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്

 


പരിചയമുള്ളവരുടെ പേരും പ്രൊഫൈൽ ചിത്രവും ദുരുപയോഗം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി അടിയന്തിരമായി പണം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പലപ്പോഴും ആശുപത്രി ആവശ്യങ്ങൾ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം ആവശ്യപ്പെടുന്നത്.

​കേവലം പ്രൊഫൈൽ ഫോട്ടോ മാത്രം കണ്ട് പരിചയക്കാരാണെന്ന് വിശ്വസിച്ച് പണം നൽകരുതെന്നും, അത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പണം അയയ്ക്കുന്നതിന് മുൻപ് ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് ഫോൺ വിളിച്ചോ വിഡിയോ കോൾ ചെയ്തോ അടിയന്തിര ആവശ്യത്തിന്റെ വാസ്തവം ഉറപ്പാക്കണമെന്നും പോലീസ് വ്യക്തമാക്കി. പെട്ടെന്നുള്ള ആശുപത്രി ആവശ്യങ്ങളെയോ മറ്റ് അടിയന്തിര സഹായങ്ങളെയോ എപ്പോഴും സംശയത്തോടെ വീക്ഷിക്കുക. പേരും ഫോട്ടോയും പരിചിതമാണെങ്കിലും സന്ദേശം വന്നിരിക്കുന്നത് അപരിചിതമായ പുതിയ നമ്പറിൽ നിന്നാണോ എന്ന് പ്രത്യേകം പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.

​ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഒട്ടും സമയം കളയാതെ എത്രയും വേഗം 1930 എന്ന സൗജന്യ സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ, www.cybercrime.gov.in എന്ന വെബ്സൈറ്റിലോ വിവരങ്ങൾ അറിയിക്കേണ്ടതാണ്.

​ 

Previous Post Next Post