വാട്‌സ്ആപ്പ് ഉപയോഗിക്കാൻ ഫോൺ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യണം; പുതിയ സുരക്ഷാ മാറ്റവുമായി കമ്പനി


കാലിഫോർണിയ: പഴയ പതിപ്പിലുള്ള ആൻഡ്രോയ്ഡ്, ഐ.ഓ.എസ്. സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന ഫോണുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങി മെറ്റ. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം വാട്‌സ്ആപ്പിൽ പ്രവേശിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള സുരക്ഷാ മാറ്റമാണ് കമ്പനി പരീക്ഷിക്കുന്നത്.

പഴയ സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പോരായ്മകൾ മുതലെടുത്തുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വാബീറ്റാഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് പ്രകാരം, നിലവിൽ ചില ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിന് മുൻപ് ഫോൺ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സെർവർ അധിഷ്ഠിതമായ മാറ്റമായതിനാൽ വാട്‌സ്ആപ്പ് ആപ്പ് പ്രത്യേകം അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല.

ഇതിനുപുറമേ, അനൗദ്യോഗിക വാട്‌സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും തട്ടിപ്പ് മുന്നറിയിപ്പ്, നിയന്ത്രിത ചാറ്റുകൾ തുടങ്ങിയ കൂടുതൽ സെക്യൂരിറ്റി ഫീച്ചറുകൾ അവതരിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പരിമിതമായ ഉപയോക്താക്കളിൽ മാത്രമാണ് ഈ നിയന്ത്രണം പരീക്ഷിക്കുന്നത്.



Previous Post Next Post