വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ തങ്ങളുടെ അക്കൗണ്ടുകളിലെ ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കരുതെന്ന് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയത്.
ലോഗിൻ ചെയ്ത് സജീവമായി നിലനിൽക്കുന്ന വാട്സ്ആപ്പ് വെബ് സെഷനുകൾ അനധികൃതമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അക്കൗണ്ട് കൈക്കലാക്കുന്നവർക്ക് സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും, കോൺടാക്റ്റ് ലിസ്റ്റുകളും ഗ്രൂപ്പ് ചാറ്റുകളും കാണാനും, ഉപയോക്താവിന്റെ പേരിൽ മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയച്ച് തട്ടിപ്പുകൾ നടത്താനും സാധിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
അപ്രതീക്ഷിത സന്ദേശങ്ങൾ: നിങ്ങൾ അയക്കാത്ത സന്ദേശങ്ങളോ ലിങ്കുകളോ അക്കൗണ്ടിൽ നിന്ന് മറ്റുള്ളവർക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കുക.
അസാധാരണ മറുപടികൾ: സംഭാഷണങ്ങളുടെ തുടർച്ചയിലോ ആശയത്തിലോ വരുന്ന അസ്വാഭാവികമായ മറുപടികൾ അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നതിന്റെ സൂചനയാകാം.
വിശദീകരിക്കാനാകാത്ത പ്രവർത്തനങ്ങൾ:
ചാറ്റുകൾ താനേ വായിക്കപ്പെട്ടതായി കാണുക, പ്രൊഫൈൽ വിവരങ്ങളിലോ സെറ്റിംഗുകളിലോ മാറ്റങ്ങൾ വരിക തുടങ്ങിയവയും ജാഗ്രതയോടെ കാണണം.
സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യാം?
ലിങ്ക് ചെയ്ത ഉപകരണങ്ങൾ പരിശോധിക്കുക: വാട്സ്ആപ്പ് സെറ്റിംഗിലെ ലിങ്ക്ഡ് ഡിവൈസസ് ഭാഗത്ത് അറിയാത്ത ബ്രൗസറുകളോ ഉപകരണങ്ങളോ ലോഗിൻ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക.
അപരിചിത സെഷനുകൾ ലോഗ് ഔട്ട് ചെയ്യുക: സംശയാസ്പദമായ ഏതെങ്കിലും സെഷൻ കണ്ടാൽ ഉടൻ തന്നെ അത് ലോഗ് ഔട്ട് ചെയ്യുക.
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ: അക്കൗണ്ടിന്റെ അധിക സുരക്ഷയ്ക്കായി ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ചെയ്ത് സൂക്ഷിക്കുക. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷയിൽ കൃത്യമായ നിരീക്ഷണവും സമയബന്ധിതമായ ഇടപെടലുകളും വലിയ സൈബർ ഭീഷണികൾ ഒഴിവാക്കാൻ സഹായിക്കും.
