വാട്‌സ്ആപ്പിലെ 'നീലവളയം': മെറ്റ എഐയുടെ സവിശേഷതകളും ഉപയോഗിക്കുന്ന വിധവും


മെറ്റ എഐ ഇന്ത്യയിലുമെത്തി. സേവനം ലഭ്യമാകാനായി വാട്‌സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതി.

ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മെറ്റയുടെ വിവിധ സേവനങ്ങളില്‍ മെറ്റ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കള്‍ക്കാകുമെന്നതാണ് മെച്ചം. കൂടാതെ meta.ai എന്ന യുആർഎല്‍ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.

തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങള്‍ എല്ലാവർക്കും ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂള്‍ ഉപയോഗിക്കാനാവും. മെറ്റ എഐയിലെ ടെക്‌സ്റ്റ് അധിഷ്ഠിത സേവനങ്ങള്‍ ലാമ 2 മോഡല്‍ അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്. ചിത്രങ്ങള്‍ നിർമ്മിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാവുമെന്ന് ഓർക്കുക.

മെറ്റ എഐ വരുന്നതോടെ വാട്‌സ്‌ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ നിർദേശം നല്‍കിയാല്‍ മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്‍റുമായി സംസാരിക്കാം. ഒരു യാത്രയാണ് ആസൂത്രണം ചെയ്യുന്നതെങ്കില്‍ അസിസ്റ്റന്‍റിനോട് അഭിപ്രായവും ചോദിക്കാം. ഫേസ്ബുക്ക് ഫീഡില്‍ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങള്‍ നിർമ്മിക്കാനും വാട്‌സ്‌ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

വാട്‌സ്‌ആപ്പില്‍ മെറ്റ എഐ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ മെറ്റാ കണക്‌ട് 2023 ഇവന്‍റിലാണ് മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്.‌ എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോർട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ടെന്ന് സക്കർബർഗ് അന്ന് പറഞ്ഞിരുന്നു. ചാറ്റ് ടാബിന്‍റെ സ്ഥാനമാണ് ഇത് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം. മൈക്രോസോഫ്റ്റിന്‍റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച്‌ തത്സമയ വിവരങ്ങള്‍ നല്‍കാനുമാകും.

Previous Post Next Post